ഒരു പെണ്ണിന് വീട്ടിലിരുന്നാല്‍ പറ്റാവുന്ന അപകടങ്ങളെ റോഡിലും ഉള്ളൂ
എന്ന് പറഞ്ഞ് ഹിമാലയയാത്രക്ക് ഇറങ്ങിപ്പുറപ്പെട്ട ആഷിക് അബു ചിത്രം റാണി
പദ്മിനിയിലെ പദ്മിനിയുടെ മനസ്സായിരുന്നു യാത്രക്കിറങ്ങി പുറപ്പടുമ്പോള്‍
രശ്മിക്കും, നിധിക്കും, സൗമ്യക്കും. പദ്മിനി ഇറങ്ങിപ്പുറപ്പെട്ടത് ഓഫ് റോഡ്
കാര്‍ റാലി ചാമ്പ്യനായ ഭര്‍ത്താവ് അമ്മക്കൊപ്പിട്ടുകൊടുത്ത
വിവാഹമോചനനോട്ടീസിന്റെ പൊരുള്‍ തേടിയായിരുന്നുവെങ്കില്‍ രശ്മിക്കും,
നിധിക്കും, സൗമ്യക്കും കുട്ടിക്കാലത്തെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു
യാത്ര. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം എന്ന കുട്ടിക്കാല സ്വപ്‌നത്തിന്
മുപ്പത് പിന്നിട്ട അമ്മമാരായ മൂന്നുപേര്‍ ചേര്‍ന്ന് ചിറകുകള്‍ പിടിപ്പിച്ച്
പറന്നുയര്‍ന്നത് സ്ത്രീകള്‍ക്കും പരീക്ഷണയാത്രകള്‍ സാധ്യമാണെന്നും
ഭയക്കാന്‍ മാത്രം ഒന്നുമില്ലെന്നും ലോകമെങ്ങുമുള്ള സ്ത്രീകളോട് വിളിച്ച്
പറയുന്നതിനും കൂടിയായിരുന്നു.
എം.എസ് രാമയ്യ പോസ്പിറ്റലില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് സൗമ്യ
ഗോയല്‍. അതേ ആസ്പത്രിയില്‍ തന്നെയാണ് രശ്മി കോപ്പറും ജോലി ചെയ്യുന്നത്.
സാഹസിക ഡ്രൈവിംഗിന്റെ നൂതനസാധ്യകളെ തിരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് നിധി
തിവാരി. ജോലിയില്‍ നിന്നും അവധിയെടുത്താണ്ഈ മൂന്ന് കൂട്ടുകാരും ലോകം
ചുറ്റാനിറങ്ങിയത്. ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ വരെ നീണ്ട യാത്രയില്‍
21,477 കിലോമീറ്ററുകളാണ് 97 ദിവസങ്ങള്‍ കൊണ്ട് ഇവര്‍ പിന്നിട്ടത്. ജൂണ്‍ 23
ആരംഭിച്ച് ഇവരുടെ യാത്ര ഒക്ടോബറില്‍ അവസാനിക്കുമ്പോള്‍ 17 രാജ്യങ്ങള്‍
ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഓഫ്-ദ-റോഡ് ജീപ്പിംഗ്, ദീര്‍ഘദൂര ഡ്രൈവിംഗ്, ഹൈ
ആള്‍ട്ടിറ്റിയൂഡ് ഡ്രൈവിംഗ് എന്നിവയില്‍ പ്രഗത്ഭയായ ഇന്ത്യക്കും പുറത്തും
ഡ്രൈവിംഗ് നടത്തി പരിചയമുള്ള നിധിയാണ് ലോകപര്യടനമെന്ന ആശയം കൂട്ടുകാര്‍ക്ക്
മുമ്പില്‍ അവതരിപ്പിക്കുന്നത്. യാത്രകള്‍ ഹരമായിരുന്ന സൗമ്യയും രശ്മിയും
മറുത്തൊന്നും പറഞ്ഞില്ല നിധിക്കൊപ്പം കൂടി.
' വുമണ്‍ ബിയോണ്ട് ബൗണ്ടറീസ്' എന്നുപേരിട്ട യാത്രയിലെ ഡ്രൈവറും നിധി
തന്നെയായിരുന്നു. മ്യാന്‍മര്‍, ചൈന, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ,
ഉസ്‌ബെക്കിസ്ഥാന്‍, ജര്‍മനി ,ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, യു.കെ
തുടങ്ങി പതിനേഴ് രാജ്യങ്ങളാണ് നിധിയും സുഹൃത്തുക്കളും ചേര്‍ന്ന്
പിന്നിട്ടത്. ഉത്തരധ്രുവം മുറിച്ച് കടക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനമെന്ന
ഖ്യാതിയും മൂവര്‍ സംഘത്തിന്റെ വാഹനത്തിന് ലഭിച്ചു. മനുഷ്യവാസമില്ലാത്ത
ഇടങ്ങള്‍, ടാര്‍ ചെയ്യാത്ത് റോഡുകള്‍, പാറകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍,
അരുവികള്‍, മണല്‍ക്കൂനകള്‍ തുടങ്ങി ഭൂമിശാസ്ത്രപരമായ സവിശേഷതകളെല്ലാം
അവരുടെ യാത്രയെ അവര്‍ പ്രതീക്ഷിച്ചതിനേക്കാളും സംഭവബഹുലമാക്കിയെന്ന് വേണം
പറയാന്‍.
ഇംഗ്ലീഷ് സംസാരിക്കാനറിയാമെങ്കില്‍ പിന്നെ എല്ലാം നേടി
എന്നുചിന്തിക്കുന്നവര്‍ക്ക് ഇവരുടെ അനുഭവ കഥ ഒരു ഗുണപാഠമാണ്. സന്ദര്‍ശിച്ച
17 രാജ്യങ്ങളില്‍ ഭാഷവിനിമയത്തിന് ഇംഗ്ലീഷ് ഇവരെ സഹായിച്ചത് വെറും രണ്ടു
രാജ്യങ്ങളില്‍ മാത്രമാണത്രേ. ഇന്ത്യയിലും ബ്രിട്ടണിലും. പിന്നെല്ലായിടത്തും
ഇവര്‍ക്ക് തുണയായത് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററും ആംഗ്യഭാഷയുമാണെന്ന്
യാത്രക്കാരിലൊരാളായ സൗമ്യ പറയുന്നു. ഓരോ രാജ്യത്തെത്തുമ്പോഴും അവര്‍ ആദ്യം
ചെയ്തത് ഒരു പ്രാദേശിക സിംകാര്‍ഡ് എടുക്കുകയായിരുന്നു. രാത്രികാലങ്ങളിലെ
ഡ്രൈവിംഗ് പരിപൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു യാത്ര.
വൈകുന്നേരമാകുന്നതോടെ എവിടെയാണോ എത്തിച്ചേരുന്നത് അവിടെ
ചുറ്റിക്കറങ്ങാനിറങ്ങും. നിത്യവും 600 കിലോമീറ്ററുകളാണ് ഇവര്‍
പിന്നിട്ടിരുന്നത്. യൂറോപ്പില്‍ എത്തുന്ന വരെ ഹൈവേകളില്‍ ഒരൊറ്റ സ്ത്രീ
പോലും വാഹനമോടിക്കുന്നത് കാണാന്‍ സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു.
യാത്രയില്‍ നിരവധി തടസ്സങ്ങളും പ്രതിസന്ധികളും ഇവര്‍ നേരിട്ടിരുന്നു.
ഇംഫാലില്‍ നിന്നും മ്യാന്‍മറിലേക്കുള്ള 200 കിലോമീറ്ററുകള്‍ ഉരുള്‍പൊട്ടല്‍
മൂലം ഇവര്‍ പിന്നിട്ടത് അഞ്ചുദിവസങ്ങള്‍ എടുത്താണ്. പലപ്പോഴും
പ്രാദേശികവാസികളുടെ സഹായവും സ്‌നേഹവും തങ്ങള്‍ അനുഭവിച്ചതായും ഇവര്‍
പറയുന്നു. മണിപ്പൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ വഴിയില്‍
കുടുങ്ങിപ്പോയ മൂവരും തദ്ദേശവാസികളുടെ വീടുകളിലാണ് തങ്ങിയത്. ഇവര്‍ക്കുള്ള
ഭക്ഷണവും അവര്‍ ഒരുക്കി. അതിഥികളെ പോലെ അവര്‍ സ്വീകരിച്ചു. മനുഷ്യനന്മ ഈ
ലോകത്ത് ഇനിയും അവശേഷിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി
ഓര്‍മപ്പെടുത്തുന്നതായിരുന്നു ആ അനുഭവങ്ങളെന്ന് രശ്മി ഓര്‍ക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് പുറമേ മഹീന്ദ്രയടക്കം നിരവധി
പ്രമുഖര്‍ ഇവരുടെ യാത്രയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്നു.
ചിത്രങ്ങള്‍ : വുമണ്‍ ബിയോണ്ട് ബൗണ്ടറീസ് ഫെയ്‌സ്ബുക്ക് പേജ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ