വൈന്‍ വീട്ടിലുണ്ടാക്കിയാലും അകത്താകും
കൊച്ചി:
ക്രിസ്മസ് ആഘോഷങ്ങളുടെ മറവില്‍ വന്‍ തോതില്‍ അനധികൃത വൈന്‍ ഉത്പാദനവും
വിപണനവും നടക്കുന്നത് തടയാന്‍ എക്‌സൈസ് നടപടി തുടങ്ങി. വീടുകളില്‍ പോലും
വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമ പ്രകാരം ജാമ്യമില്ലാത്ത
കുറ്റമാണെന്നിരിക്കെയാണ് എക്‌സൈസ് ഊര്‍ജിത നടപടികളുമായി
രംഗത്തെത്തിയിരിക്കുന്നത്.
വൈന്‍ നിര്‍മാണം നിയമ വിരുദ്ധം |
മദ്യത്തിന്റെ അതേ വിഭാഗത്തില്‍പ്പെടുന്ന ഉല്പന്നമായതിനാല്‍ വൈന്‍ അനുമതിയില്ലാതെ ഉല്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് കുറ്റമാണ്. ക്രിസ്മസ് കാലങ്ങളില്‍ വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതും കുടുംബശ്രീ മേളകളിലും മറ്റും വൈന്‍ വില്‍ക്കുന്നതും നിയമ ലംഘനമാണ്. വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന അറിവില്ലാതെയാണ് ക്രിസ്മസ് ചന്തകളിലും മറ്റും ഇവ യഥേഷ്ടം വിറ്റഴിക്കുന്നത്.
ക്രിസ്മസ് മേളകളിലും മറ്റും ഇത്തരത്തില്‍ വൈന്‍ വില്പന നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്താനും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.
കുറഞ്ഞ അളവില്‍ മാത്രം ലഹരിയുള്ള ഇറക്കുമതി ചെയ്യുന്ന വൈനുകള്‍ മാത്രമേ ബേക്കറികള്‍ വഴി വില്പന നടത്താന്‍ അനുമതിയുള്ളൂ എന്നും പ്രാദേശികമായി നിര്‍മിക്കുന്ന വൈനുകളുടെ വില്പന ചട്ട ലംഘനമാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അങ്കമാലിയില്‍ നിന്ന് കഴിഞ്ഞ ദിവസം 984 കുപ്പി വൈന്‍ പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ വ്യാപകമായി വൈന്‍ പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് നടപടി തുടങ്ങിയിരിക്കുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ചാലക്കുടിയിലേക്ക് പെട്ടി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന വൈന്‍ ആണ് അങ്കമാലിയില്‍ എക്‌സൈസ് പരിശോധനയില്‍ പിടികൂടിയത്. 82 പെട്ടികളിലായിട്ടായിരുന്നു 984 കുപ്പി വൈന്‍ സൂക്ഷിച്ചിരുന്നത്.
ക്രിസ്മസ്-പുതുവത്സരാഘോഷ വേളയില്‍ ജില്ലയിലേക്ക് അനധികൃതമായി മദ്യം എത്തുന്നത് തടയുന്നതിനായി പ്രത്യേക പരിശോധനാ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായി ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. സുരേഷ് ബാബു, അസിസ്റ്റന്റ് കമ്മിഷണര്‍ എ.എസ്. രഞ്ജിത് എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ നാല് സോണുകളിലായി റോഡുകളില്‍ 24 മണിക്കൂര്‍ പ്രത്യേക പരിശോധനയ്ക്കും സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ