12/17/2015

ബഹിരാകാശ വിപണി: നാസയെ കീഴടക്കി ഐഎസ്ആർഒ മുന്നേറുന്നു

manoramaonline.com

ബഹിരാകാശ വിപണി: നാസയെ കീഴടക്കി ഐഎസ്ആർഒ മുന്നേറുന്നു

by സ്വന്തം ലേഖകൻ
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി. ആറ് സിംഗപ്പൂർ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി-സി 29 റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 400 കിലോഗ്രാം ഭാരമുള്ള സിംഗപ്പൂരിന്റെ ടെലിയോസ് - 1 ഉപഗ്രഹം ഉള്‍പ്പെടെ മൂന്ന് മൈക്രോ ഉപഗ്രഹങ്ങളും മൂന്ന് നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഇതിനകം വിവിധരാജ്യങ്ങളില്‍ നിന്നായി 57 ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തി കഴിഞ്ഞു. മറ്റു ബഹിരാകാശ ഏജൻസികളെ ബഹുദൂരം പിന്നിലാക്കി ഐഎസ്ആർഒ കുതിക്കുകയാണ്.

ബഹിരാകാശ വിപണി: നാസയെ കീഴടക്കി ഐഎസ്ആർഒ മുന്നേറുന്നു

670 കിലോ ഗ്രാം ഭാരമുള്ള അഞ്ച് ഉപഗ്രഹങ്ങളെ 550 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാണ് പിഎസ്എൽവി-സി 29 ഭ്രമണപഥത്തിൽ എത്തിക്കുക. ബഹിരാകാശ സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐഎസ്ആര്‍ഒ യുടെ പദ്ധതിയുടെ ഭാഗമായാണ് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നത്. ഈ വർഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി - സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈയിൽ അഞ്ചു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി28 വിജയകരമായി വിക്ഷേപിച്ചിരുന്നു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു രാത്രി 9.58ന് ആയിരുന്നു വിക്ഷേപണം. 19 മിനിറ്റും 16 സെക്കൻഡും കഴിഞ്ഞപ്പോൾ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി. ഐഎസ്ആർഒ ഏറ്റെടുത്ത ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്; പിഎസ്എൽവിയുടെ 30–ാമത്തെ ദൗത്യവും.
മൊത്തം 1440 കിലോ ഭാരമുള്ള അഞ്ച് ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്. പ്രകൃതിവിഭവ പഠനത്തിനുളള മൂന്നു ‍‍ഡിഎംസി3 ഉപഗ്രഹങ്ങളാണു പ്രധാനം. സിബിഎൻടി–1, ഡി ഓർബിറ്റ്സെയിൽ എന്നിവയാണു മറ്റു രണ്ട് ഉപഗ്രഹങ്ങൾ. ബ്രിട്ടനിലെ സറെ സാറ്റലൈറ്റ് ടെക്നോളജിയും സറെ സ്പേസ് സെന്ററുമാണ് ഉപഗ്രഹങ്ങൾ നിർമിച്ചത്.
മാസങ്ങൾക്ക് മുൻപ് യുഎസിൽനിന്നുള്ള നാലു നാനോ ഉപഗ്രഹങ്ങളും ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു. ആദ്യമായാണു യുഎസിൽനിന്നുള്ള ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. താരതമ്യേന കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ കൃത്യമായിഭ്രമണപഥിത്തിലെത്തിക്കാൻ കഴിയുന്നതാണ് ഐഎസ്ആർഒയെ രാജ്യാന്തര ബഹിരാകാശ വിപണിയിൽ പ്രിയങ്കരമാക്കുന്നത്. നാസയ്ക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഐഎസ്ആർഒ കൈവരിച്ചിരിക്കുന്നത്.
1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് 16 വർഷത്തിനിടെ 15 വിക്ഷേപണങ്ങളിലായി 20 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ നമ്മുടെ സ്വന്തം ഐഎസ്ആർഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1994 മുതൽ 2015 വരെയുള്ള രണ്ടുപതിറ്റാണ്ടുകാലത്തായി പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത് ആകെ 84 ഉപഗ്രഹങ്ങളാണ്.ഇതിൽ 51ഉം വിദേശഉപഗ്രങ്ങളായിരുന്നുവെന്നതു മറ്റൊരു കൗതുകം.
ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്.ഐഎസ്ആർഒയുടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1