ഫ് ളോറിഡ: വിക്ഷേപണത്തിനു ശേഷം റോക്കറ്റ് തിരിച്ചിറക്കാനുള്ള അമേരിക്കന്‍ കമ്പനി സ്‌പേസ് എക്‌സിന്റെ ദൗത്യം വിജയകരം. ഫ് ളോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് 11 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ച് ഭൂമിയിലിറക്കി. ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്ന നേട്ടമാണ് സ്‌പേസ് എക്‌സ് കൈവരിച്ചിരിക്കുന്നത്.
റോക്കറ്റ് തിരിച്ചിറക്കാനുള്ള സ്‌പേസ് എക്‌സിന്റെ രണ്ടാം ദൗത്യമാണ് വിജയം കണ്ടിരിക്കുന്നത്. ആദ്യ പരീക്ഷണത്തില്‍ ഭൂമിയില്‍ ഇടിച്ചിറങ്ങിയ റോക്കറ്റ് ഉപയോഗശൂന്യമായിരുന്നു. പുനരുപയോഗ റോക്കറ്റിന് നാന്ദി കുറിക്കുന്നു എന്നതാണ് പുതിയ നേട്ടം. ഇതുമൂലം ഒരേ റോക്കറ്റ് തന്നെ പലതവണ ഉപയോഗിക്കാന്‍ കഴിയും. ബഹിരാകാശ വിക്ഷേപണങ്ങളുടെ ചെലവ് ഇതിലൂടെ വലിയ തോതില്‍ കുറയ്ക്കാനാകും.
Falcon 9
പതിനൊന്ന് ഉപഗ്രഹങ്ങളും പേറി ഫ് ളോറിഡയില്‍ നിന്നും കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്. സ്‌പേസ് എക്‌സ് തലവന്‍ എലന്‍ മുസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.