ഗൗട്ട് എന്നത് അധികം കേട്ടിട്ടില്ലാത്ത ഒന്നാണെങ്കിലും ഇതിന്റെ പല
ലക്ഷണങ്ങളും അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. കാലിലെ പെരുവിരലിനു ചുറ്റും
തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്നതു പോലെയുള്ള വേദനയും, തരിപ്പും
ആദ്യകാലങ്ങളിൽ അനുഭവപ്പെടുന്നു എന്നുള്ളതാണ് ഗൗട്ടിന്റെ ലക്ഷണം. ഗൗട്ട്
പ്രധാനമായും കാലിന്റെ പെരുവിരലിനെയാണ് ബാധിക്കുന്നത്. എങ്കിലും ഉപ്പൂറ്റി
വേദന, കാലിലേക്കുളള തരിപ്പും മരവിപ്പും, കാൽമുട്ട് വേദന തുടങ്ങിയവയും ഈ
അസുഖത്തെ തുടർന്ന് കണ്ടുവരുന്നു. ഒരു സന്ധിയിൽ നിന്ന് വേദന ആരംഭിക്കുകയും,
തുടർന്ന് മറ്റു സന്ധികളിലേക്ക് വേദന മാറുകയും ചെയ്യുന്നു. രോഗത്തിന്റെ
കാഠിന്യം ഏറുന്നതനുസരിച്ച് കാലിന്റെ പെരുവിരലിൽ നീരുകെട്ടി വീർത്ത് വേദന
അനുഭവിക്കുന്ന അവസ്ഥയിൽ എത്തുന്നു. ഗൗട്ട് ബാധിച്ച രോഗികളിൽ കാലിലെ
സന്ധികളിൽ പ്രധാനമായും വേദനയും നീരും അനുഭവപ്പെടുന്നു. ഒരേ സമയം ഒരു
സന്ധിയിൽ മാത്രമായാണ് വേദനയും നീരും കാണപ്പെടാറുള്ളത്. എന്നാൽ മറ്റു ചില
വാതരോഗങ്ങൾക്ക് രോഗലക്ഷണമായി കാണാവുന്ന സന്ധിവേദന ഒന്നിലധികം സന്ധികളിൽ
ഒരേസമയം വേദനയും ചില രോഗികളിൽ വേദനയും നീരുമായി അനുഭവപ്പെടും.
ആദ്യകാലങ്ങളിൽ ഗൗട്ട് പലപ്പോഴും വേദനയും, തരിപ്പും മാത്രമാണ്
പ്രകടിപ്പിക്കാറുളളത്. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ത്വക്കിന്റെ നിറം
മാറിവരുന്നതായി കാണപ്പെടുന്നു. ചർമ്മത്തിനിടയിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ ഈ
രോഗാവസ്ഥയിൽ ടോഫി എന്നാണ് അറിയപ്പെടുന്നത്. ഇതിനെ ടൊഫേഷ്യസ് ഗൗട്ട് എന്നും
അറിയപ്പെടാറുണ്ട്. ആദ്യകാലങ്ങളിൽ തന്നെ ഗൗട്ട് ചികിത്സിച്ച്
ഭേദമാക്കേണ്ടത് അത്യാവശ്യമാണ്. കാരണം രോഗം ആദ്യകാല ചികിത്സകളിൽ
ഭേദപ്പെടുന്നില്ലെങ്കിൽ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുകയും
തന്മൂലം കിഡ്നിയിൽ യൂറിക് ആസിഡ് സ്റ്റോൺ ഉണ്ടാവുകയും ചെയ്യും. ഗൗട്ട് എന്ന
രോഗാവസ്ഥ മൂർച്ഛിക്കുന്ന സമയം രക്തത്തിൽ യൂറിക് ആസിഡിന്റെ നില
കുറഞ്ഞിരിക്കും. എന്നാൽ സന്ധികളിൽ യൂറിക് ആസിഡിന്റെ തോത് വളരെ കൂടുതലായാണ്
കാണാൻ സാധിക്കുന്നത്. ഇതിനു കാരണം യൂറിക് ആസിഡ് ക്രിസ്റ്റലുകളായി സന്ധികളിൽ
അടിഞ്ഞുകൂടുന്നു എന്നുള്ളതാണ്. രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചുവരുന്ന
അവസ്ഥയെ ഹൈപ്പർ യൂറീസിമിയ എന്നും പറയുന്നു. യൂറിക് ആസിഡ് എന്നത് നമ്മുടെ
ശരീരത്തിൽ ഭക്ഷണത്തിലൂടെ എത്തുന്ന പ്യൂരിനുകൾ ദഹിച്ചുണ്ടാകുന്ന മലിന
പദാർത്ഥമാണ്. രോഗാവസ്ഥ അല്ലാത്ത ശരീരത്തിൽ ഇങ്ങനെയുണ്ടാകുന്ന മലിന
പദാർത്ഥങ്ങൾ മലമൂത്ര വിസർജ്ജനം വഴി പുറംതള്ളപ്പെടുന്നു.
യൂറിക് ആസിഡ് ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നത് പലതരം കാരണങ്ങളെ
ആശ്രയിച്ചാണ്. ഇതിൽ പ്രധാനം നാം കഴിക്കുന്ന ഭക്ഷണവും, ജീവിതരീതികളും,
ദൈനംദിന വ്യായാമം തുടങ്ങിയവയാണ്. അമിത ശരീരഭാരവും ഈ രോഗത്തിന്റെ കാരണങ്ങളിൽ
ഒന്നായി കാണാവുന്നതാണ്. എന്നാൽ ആദ്യകാലങ്ങളിൽ യൂറിക് ആസിഡ്
വർദ്ധിച്ചുവരുന്ന എല്ലാവർക്കും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. മറിച്ച്
ഇവ സന്ധികളിൽ അടിഞ്ഞുകൂടിയതിനു ശേഷമായിരിക്കും വേദന അനുഭവപ്പെടുന്നത്. അമിത
ശരീരഭാരം ഉള്ളവർ കൃത്യമായും വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നതാണ്
ഉത്തമം. കാരണം ഭക്ഷണം കഴിക്കാതിരുന്നാലും യൂറിക് ആസിഡ് വർദ്ധിക്കും.
അധികമായ തോതിൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
മൂത്രവിസർജ്ജനം നടത്തുമ്പോൾ മൂത്രത്തിന്റെ നിറം ജലനിറത്തിലാണ് എന്ന്
ഉറപ്പാക്കുക. നാരങ്ങാവെള്ളം ധാരാളം കുടിക്കുന്നതും ഉത്തമമാണ്. സോഡ, ബിയർ,
മദ്യം തുടങ്ങിയവ പൂർണമായും ഒഴിവാക്കേണ്ടതാണ്. വളരെ കൊഴുപ്പ് കുറഞ്ഞ
ഭക്ഷണരീതികളാണ് ജീവിതശൈലികളിൽ ഉൾപ്പെടുത്തേണ്ടത്. കഴിക്കുന്ന
ആഹാരസാധനങ്ങളിൽ പ്രോട്ടീന്റെ അളവ് കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതും ഇത്തരം
രോഗലക്ഷണമുളളവർ ശ്രദ്ധിക്കേണ്ടതാണ്. ഗൗട്ട് എന്നത് പല വാത രോഗങ്ങളുമായി
വളരെ അടുത്ത് സാമ്യമുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നതിനാൽ നേരത്തേ തന്നെ
ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വാഴപ്പഴം, ഇഞ്ചി, തക്കാളി, കൈതച്ചക്ക,
നാരങ്ങ തുടങ്ങിയവ ആഹാരക്രമത്തിൽ ഉപ്പെടുത്തുന്നതാണ് ഉത്തമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ