ഷൊറണൂര്‍: പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ദേശീയതലത്തില്‍ സര്‍ട്ടിഫിക്കേഷന്‍ വരുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിനാണ് (വി.എഫ്.പി.സി.കെ.) സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല. നാഷണല്‍ കൗണ്‍സില്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ് എന്ന കേന്ദ്രസമിതിയാണ് വി.എഫ്.പി.സി.കെ.യെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

വി.എഫ്.പി.സി.കെ. നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലൂടെ കര്‍ഷകരുടെ വിവരങ്ങളും മറ്റും ഒരു പ്രത്യേക വെബ് പോര്‍ട്ടല്ലില്‍ രേഖപ്പെടുത്തും. അതുവഴി സംഘത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ദേശീയതലത്തില്‍ വിപണനസാധ്യതയേറുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കര്‍ഷകരുടെ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ നടപടി ആരംഭിച്ചു.

ആദ്യഘട്ടം 20 സംഘങ്ങളാണ് രൂപവത്കരിക്കുക. ഇതില്‍ പത്തെണ്ണം രൂപവത്കരിച്ചതായി വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ സി.വി. അജിത് പറഞ്ഞു. കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂര്‍ എന്നിവിടങ്ങളിലാണ് സംഘങ്ങള്‍ രൂപവത്കരിച്ചിരിക്കുന്നത്.