'ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി
Posted on: 12 Oct 2012
-സ്വന്തം ലേഖകന്‍
'ജാക്ക് മാറ്റിയോവിക് ശില' |
കാഴ്ചയില്‍ പിരമിഡിന്റെ ആകൃതിയുള്ള പാറക്കഷണം. ഓമനപ്പേര് 'ജാക്ക് മാറ്റിയോവിക് ശില'. നാസ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ് ആ ശില. കാരണം, അത്തരമൊരു ശില കണ്ടെത്താന്‍ തീരെ സാധ്യതിയില്ലെന്ന് കരുതിയ ഒരിടത്താണ് അത് സ്ഥിതി ചെയ്യുന്നത് - ചൊവ്വയില്‍!
ജലസമ്പുഷ്ടമായ ലാവ ഉയര്‍ന്ന മര്‍ദത്തില്‍ സാവധാനം തണുത്തുറഞ്ഞുണ്ടാകുന്ന ഇത്തരം ശിലാഖണ്ഡം ഭൂമിയിലായിരുന്നെങ്കില്‍ അതൊരു കൗതുകം പോലുമാകുമായിരുന്നില്ല. ഹാവായ്, സെന്റ് ഹെലിന തുടങ്ങിയ ദ്വീപുകളില്‍ അഗ്നിപര്‍വസ്‌ഫോടനത്താല്‍ ഇത്തരം ശിലകള്‍ സുലഭമാണ്.
നാസയുടെ 'ക്യൂരിയോസിറ്റി' പരീക്ഷണവാഹനം മൂന്നാഴ്ച മുമ്പ് ജാക്ക് മാറ്റിയോവിക് ശില പരിശോധിച്ചതാണ്. എന്നാല്‍, ഇത്ര ജിജ്ഞാസ ഉണര്‍ത്താന്‍ പോന്ന ഒന്നാണതെന്ന് ആരും അപ്പോള്‍ കരുതിയില്ല.
ക്യൂരിയോസിറ്റിയിലെ ചെംകാം (Chemistry and Camera -ChemCam) ലേസര്‍ ഉപയോഗിച്ചായിരുന്നു ആദ്യ പരിശോധന. അതിനുശേഷം ആ ശിലയെ സമീപിച്ച് 'ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പേക്ട്രോമീറ്റര്‍' (APXS) ഉപയോഗിച്ച് പരിശോധിച്ചു.
ക്യൂരിയോസിറ്റിയിലെ ചെംകാം ഉപയോഗിച്ച് പരിശോധിക്കുന്ന പതിമൂന്നാമത്തെ ശിലയായിരുന്നു ജാക്ക് ശില. അതേസമയം APXS ഉപയോഗിച്ച് പഠിക്കുന്ന ആദ്യ ശിലയും.
സ്‌പെക്ട്രോമീറ്റര്‍ വിശകലനത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ശിലയുടെ അസാധാരണത്വം വ്യക്തമായത്. സോഡിയം, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ലവണങ്ങള്‍ സുലഭമായി അതില്‍ കണ്ടപ്പോള്‍, മാഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ കുറഞ്ഞ തോതിലേ കണ്ടുള്ളു.
ആ രാസമുദ്രയുടെ സഹായത്തോടെ, 'ക്യൂരിയോസിറ്റി'യുടെ ചുമതലക്കാരിലൊരാളും കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ ഗവേഷകനുമായ എഡ്വേര്‍ഡ് സ്‌റ്റോള്‍പ്പെര്‍ ഭൂമിയിലെ വിവിധയിനം ശിലകളുമായി അതിനെ താരതമ്യം ചെയ്തു.
ഭൗമപാളിക്ക് അടിയില്‍ സ്ഥിതിചെയ്യുന്ന മാന്റിലില്‍ ഉയര്‍ന്ന സമ്മര്‍ദത്തോടെ ജലസമ്പുഷ്ടമായ ലാവ (മാഗ്മ) തണുത്തുറഞ്ഞുണ്ടാകുന്ന ശിലയ്ക്ക് സമാനമാണ് 'ജാക്ക് ശില'യിലെ രാസചേരുവയെന്ന് മനസിലായതായി നാസയുടെ വാര്‍ത്താക്കുറിപ്പ്പറയുന്നു.
'ക്യൂരിയോസിറ്റി'യുടെ ആത്യന്തികലക്ഷ്യം പരിഗണിക്കുമ്പോള്‍, ജാക്ക് ശിലയുടെ കണ്ടെത്തല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.
ചൊവ്വാഗ്രഹത്തിന്റെ മധ്യരേഖാ പ്രദേശത്ത് ഗെയ്ല്‍ താഴ്‌വരയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. ഇറങ്ങിയ സ്ഥലത്തുനിന്ന് കിഴക്കുഭാഗത്തേക്ക് 500 മീറ്റര്‍ അത് ഇതിനകം സഞ്ചരിച്ചു.
അതിനിടെ, ചൊവ്വായില്‍ വെള്ളമൊഴുകിയ ചാലുകളെന്ന് സംശയിക്കുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയയ്ക്കുകയുണ്ടായി.
സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യം എപ്പോഴെങ്കിലും ഗെയ്ല്‍ താഴ്‌വരയില്‍ നിലനിന്നിരുന്നോ എന്നറിയുകയാണ് ക്യൂരിയോസിറ്റിയുടെ ആത്യന്തിക ലക്ഷ്യം. (Image credit : NASA/JPL-Caltech/MSSS)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ