ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ പണക്കാര്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ആഢംബര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ കാറുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെതിരെയുള്ള പരാതികള്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി നഗരത്തില്‍ 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള എസ്.യു.വികളും കാറുകളും നിരോധിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
ഹരിത ട്രൈബ്യൂണലിന്റെ നിലപാടിനെതിരെ കോടതിയെ സമീപിച്ച വാഹന ഡീലര്‍മാരുടെ നിലപാടിനേയും ചീഫ്   സെക്രട്ടറി ടി.എസ് താക്കൂര്‍ വിമര്‍ശിച്ചു. ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാറുകള്‍ വില്‍ക്കുന്നതിനാണ് താത്പര്യമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന് കഴിഞ്ഞയാഴ്ചയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.
2005 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിനും കോടതി അംഗീകാരം നല്‍കി.
കാറുകളുടെ നമ്പറനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം ഫലപ്രദമാണെങ്കില്‍ നടപ്പാക്കാമെന്ന് കോടതി പറഞ്ഞു. ആ കാര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.