പ്രധാനമന്ത്രിക്ക് ഇഷ്ടം ഇഞ്ചിച്ചായയും ജീരകച്ചോറും
കൊച്ചി:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്ന
ടാജ് ഹോട്ടലുകാര്‍ ഏറ്റവും ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ
ഭക്ഷണകാര്യത്തിലാണ്. സസ്യാഹാരമാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്.
മധുരം, ഉപ്പ് എന്നിവ തീരെ കുറവായിരിക്കും. പ്രത്യേക മസാലയും എണ്ണയും
ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണമാണ് മോദി കഴിക്കുന്നത്. അല്പം എരിവ് ആകാം.
പ്രധാനമന്ത്രിയുടെ ആവശ്യങ്ങള്‍ അറിയാന്‍ ഇംഗ്ലീഷും ഹിന്ദിയും നന്നായി
അറിയാവുന്ന ഒരു ബട്ട്‌ലര്‍ ഉണ്ടാകും.
രാവിലെ ആദ്യം ഇഞ്ചിയുടെ രസം ചേര്‍ത്ത ചായയും മാരി ബിസ്‌കറ്റും. പ്രഭാതഭക്ഷണമായി പുഹ, അപ്രോവ, ഇഡ്ഡലി - സാമ്പാര്‍, ഖക്ര, വെണ്ണ ചേര്‍ത്ത ബ്രെഡ് എന്നിവയും ഉച്ചയ്ക്ക് സാലഡ്, മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്, റൊട്ടി, ജീരകയരി ചോറ്, പരിപ്പ്, രണ്ട്തരം സബ്ജി, മസാലയും എണ്ണയും കുറച്ചുള്ള പനീര്‍, തൈര്, പഴങ്ങള്‍ എന്നിവയും അത്താഴത്തിന് വെജിറ്റബിള്‍ കിച്ചടി (ഗുജറാത്തി), റൊട്ടി, പരിപ്പ്, ചോറ്, രണ്ട്തരം സബ്ജി, തൈര്, പഴങ്ങള്‍ എന്നിവയും ഒരുക്കും.
ടാജിലെ ഏറ്റവും മുന്തിയ മുറിയാണ് വി.വി.ഐ.പി.ക്കായി മാറ്റിവച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ അഭിരുചികളും ഇഷ്ടങ്ങളും അറിഞ്ഞുള്ള
സൗകര്യങ്ങള്‍. ഏറ്റവും മികച്ച പഞ്ഞികൊണ്ട് നിര്‍മിച്ച കയര്‍ മാറ്ററസ് ആണ്
കട്ടിലില്‍. ഇന്റര്‍കോമിന്റെ മണിയടി ശബ്ദം പോലും അദ്ദേഹത്തിന്
അലോസരമുണ്ടാക്കില്ല. മറിച്ച് പ്രധാനമന്ത്രിക്ക് തന്റെ സഹായികളെ ഏത്
നിമിഷവും വിളിക്കാം. രണ്ട് മുന്തിയതരം കസേരകളും പഠനമേശയും കൂടാതെ മൂന്ന്
കസേരകളോടുകൂടിയ ഒരു ചെറിയ ഡൈനിംഗ് ടേബിളും ബെഡ് റൂമിലുണ്ട്. അദ്ദേഹത്തിന്റെ
സ്യൂട്ട്‌കേസ് സൂക്ഷിക്കാനായി മറ്റൊരു മേശയും. ജനപ്രിയ ചാനലുകളുള്ള
ടെലിവിഷന്‍, വ്യായാമത്തിന് സൈക്കിള്‍, സംഗീത സംവിധാനം, ഊഷ്മാവ് സ്വയം
നിയന്ത്രിക്കുന്ന എസി, ഫ്രൂട്ട് ബിസ്‌കറ്റ്, വാല്‍നട്ട്, ബദാം ഡ്രൈ
ഫ്രൂട്ട്‌സുകള്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. കുളിമുറിയിലും
ടോയ്‌ലെറ്റിലും അടിയന്തര ഘട്ടത്തില്‍ ഡോക്ടറെ വിളിക്കാന്‍ പ്രത്യേക ബെല്‍
ഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സഹായികളായ ഉദ്യോഗസ്ഥരുടെ
മുറിയില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ ഏറ്റവും അത്യാധുനിക
കംപ്യൂട്ടര്‍ സംവിധാനമാണുള്ളത്. പ്രധാനമന്ത്രിയുടെ മുറിയും അദ്ദേഹത്തിന്റെ
ഡല്‍ഹി ഓഫീസും സഹായികളുടെ മുറിയും ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍, അതിവേഗ
ലേസര്‍ പ്രിന്റര്‍, ഫാക്‌സ് എന്നിവയുണ്ട്. പ്രിന്‍സിപ്പല്‍
സെക്രട്ടറിമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കും
പ്രത്യേക ഫോണ്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ