83- ാമത് ശിവഗിരിതീര്‍ഥാടനം പടിവാതില്‍ക്കലെത്തിയിരിക്കുന്നു. 1932ല്‍നിന്ന് 2015ലേക്കുള്ള ദൂരം വളരെ വലുതാണ്. 1928ലാണ് ശ്രീനാരായണഗുരു ശിവഗിരിതീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. ആവര്‍ഷംതന്നെ ഗുരു മഹാസമാധിയാകുകയും ചെയ്തു.
1929 ജനവരി ഒന്നിന് ആദ്യതീര്‍ഥാടനം നടക്കേണ്ടതായിരുന്നു. എന്നാല്‍, ഗുരുസമാധിക്കും നാലുവര്‍ഷം കഴിഞ്ഞുമാത്രമാണ് ശിവഗിരിതീര്‍ഥാടനം തുടങ്ങിയത്. അന്നത്തേതില്‍നിന്ന് ലോകം വളരെ മാറിയെങ്കിലും ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങളും സന്ദേശവും ഇന്നും ഹരിതാഭയോടെ നിലനില്‍ക്കുന്നു.
സാധാരണ തീര്‍ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടുന്നതിനുവേണ്ടിയാണ്. തീര്‍ഥസ്ഥാനത്തെ ദേവാലയത്തില്‍ ദര്‍ശനംചെയ്ത് വഴിപാടുകളും പൂജയും നടത്തി വേദോച്ചാരണവും മന്ത്രജപവും മറ്റും നിര്‍വഹിച്ച് തീര്‍ഥാടകര്‍ നിര്‍വൃതരാകുന്നു. ആത്മീയാനുഭവം നേടുകയെന്നതാണ് തീര്‍ഥാടനലക്ഷ്യം. അതിനുള്ള വ്രതാനുഷ്ഠാനവും ഇതരചടങ്ങുകളും അവര്‍ നിര്‍വഹിക്കുന്നു. തികച്ചും മതപരമായ അനുഷ്ഠാനമാണ് തീര്‍ഥാടനം. എന്നാല്‍, ശിവഗിരിതീര്‍ഥാടനം ഇതില്‍നിന്നും പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പത്തുദിവസവും പഞ്ചശുദ്ധി പഞ്ചധര്‍മാചരണത്തിലൂടെ വിശുദ്ധിനേടാനും പീതാംബരധാരികളായി ശിവഗിരിയിലെത്തി ശാരദാമഠത്തിലും ഇതര പുണ്യനികേതനങ്ങളിലും ദര്‍ശനംചെയ്ത് പുണ്യമാര്‍ജിക്കാനും ഗുരുദേവന്‍ ഉപദര്‍ശനംചെയ്യുന്നുണ്ട്. എന്നാല്‍, തീര്‍ഥാടനത്തെ മതപരമായ ഒരു അനുഷ്ഠാനമെന്നതിലുപരി മാനുഷികമൂല്യംകൂടി നല്‍കി ഒരു മാനവികതാതീര്‍ഥാടനമാക്കി ഗുരുദേവന്‍ മാറ്റി. ഹിന്ദുമതത്തിന്റെ ഒരു അനുഷ്ഠാനമെന്നനിലയ്ക്കല്ല ഗുരു തീര്‍ഥാടനസന്ദേശം നല്‍കിയത്. മതാനുഷ്ഠാനത്തിന്റെ പരിധിക്കുപുറത്ത് തീര്‍ഥാടനസങ്കല്പങ്ങള്‍ക്ക് ശ്രീനാരായണഗുരു പുതിയ മാനങ്ങള്‍ നല്‍കി. ഇതരമതങ്ങളിലെ അംശങ്ങള്‍കൂടി സമന്വയിപ്പിച്ച് ഒരു സമന്വയദര്‍ശനം ശിവഗിരിതീര്‍ഥാടനസന്ദേശത്തിലും ഗുരുദേവന്‍ ചാലിച്ചെടുത്തു.
Sree Narayana Gurudevanശിവഗിരിതീര്‍ഥാടകന്‍ ഹിന്ദുമതത്തിനും ബുദ്ധമതത്തിനുമിണങ്ങിയ പീതാംബരം ധരിക്കും. ക്രിസ്തുവര്‍ഷാരംഭമായ ജനവരി ഒന്നിന് ബുദ്ധജൈനഹിന്ദു മതത്തിലെ പഞ്ചശുദ്ധി പഞ്ചധര്‍മ വ്രതമനുഷ്ഠിച്ച് മത്സ്യം, മാംസം, മദ്യം എന്നിവ വര്‍ജിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ സാഹോദര്യമന്ത്രമോതിക്കൊണ്ട് ശിവഗിരിയിലെത്തും. ഇവിടെ ഒരു സര്‍വമതസമന്വയത്തിന്റെ ഛായ നമുക്കു കാണാം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രം ധരിച്ച് ആളുകള്‍ ശിവഗിരിയിലെത്തി എല്ലാം ചുറ്റിനടന്ന് കണ്ടതിനുശേഷം മടങ്ങുന്നതുകൊണ്ട് എന്തുപ്രയോജനം? 'ഏതുപ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം, ഒരു ലക്ഷ്യവും' എന്ന് ഗുരുദേവന്‍ പറഞ്ഞു.
തീര്‍ഥാടനലക്ഷ്യങ്ങളായി എട്ടുവിഷയങ്ങള്‍ അദ്ദേഹം ഉപദേശിച്ചുകൊടുത്തു: വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, സാങ്കേതികശാസ്ത്ര പരിശീലനം. ഈ എട്ടുകാര്യങ്ങളെക്കുറിച്ച് ശിവഗിരിയില്‍ തീര്‍ഥാടനത്തിന് പ്രസംഗപരമ്പര നടത്തണം. ജനങ്ങള്‍ക്ക് ശ്രദ്ധിച്ചിരുന്നു കേള്‍ക്കാനുള്ള അവസരമുണ്ടാക്കണം. കേട്ടതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണം. അപ്പോള്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും പുരോഗതിയുണ്ടാകും. ശിവഗിരിതീര്‍ഥാടകരിലൂടെ രാജ്യപുരോഗതിയുണ്ടാകണമെന്നും ഗുരു നിര്‍ദേശിച്ചു. അദ്ദേഹത്തിലെ രാഷ്ട്രമീമാംസകനെ ഇവിടെ തെളിഞ്ഞുകാണാം. ഒരു രാജ്യത്തിന്റെ സമഗ്രപുരോഗതിക്കാവശ്യമായതെല്ലാം ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങളിലുണ്ട്. ശിവഗിരിതീര്‍ഥാടനംകൊണ്ട് ഒരു സമുദായത്തിന്റെമാത്രം പുരോഗതിയല്ല ഗുരുദേവന്‍ ആഗ്രഹിച്ചത്. തീര്‍ഥാടനം ഉപദേശിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങള്‍ കാലാതിവര്‍ത്തിയായ നിത്യനൂതനസങ്കല്പമായിത്തന്നെ പ്രശോഭിക്കുന്നു.
ഒറ്റനോട്ടത്തില്‍ ശ്രീനാരായണഗുരു പരിഷ്‌കൃതിനേടാത്ത ഒരു കൃഷീവലനെപ്പോലെയാണ്. കോളേജില്‍ പോയി പഠിച്ചിട്ടില്ല, ഇംഗ്‌ളീഷ് വിദ്യാഭ്യാസമില്ല, ഉടുപ്പുപോലും ധരിക്കില്ല, എന്നാല്‍, ഗുരുവിന്റെ ചിന്തയും പ്രവൃത്തിയും ഏതൊരു ആധുനികനെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അമ്പലത്തിലെത്തുന്നവര്‍ ആധുനികശാസ്ത്രശാഖകളില്‍ പരിജ്ഞാനം നേടണമെന്നുപദേശിച്ച ഗുരു എത്ര പരിഷ്‌കാരിയായിരിക്കണം. അതുകൊണ്ടാണ് ശ്രീനാരായണഗുരുവിനെ ശാസ്ത്രയുഗത്തിന്റെ ഋഷിയെന്നു വിശേഷിപ്പിക്കുന്നത്.
ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' എന്ന വിളംബരത്തിന്റെ ശതാബ്ദിയാണ് 2016. ''നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. അങ്ങനെയുള്ളവരെമാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ, മേലില്‍ ചേര്‍ക്കുകയുമുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധംചെയ്യുന്നു.'' ഗുരുദേവന്റെ ഈ വിളംബരത്തിന്റെ അനുരണനം ശിവഗിരിതീര്‍ഥാടനപ്രസ്ഥാനത്തിലും കാണാം. ശിവഗിരിതീര്‍ഥാടനപരിപാടികള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുംവിധമാണ് സംവിധാനംചെയ്തിട്ടുള്ളത്. ഇന്നും നാനാജാതിമതസ്ഥര്‍ ശിവഗിരിതീര്‍ഥാടനത്തില്‍ പങ്കാളികളുമാണ്. കഴിഞ്ഞ 82 വര്‍ഷങ്ങളായി ശിവഗിരിയില്‍ നടന്നിട്ടുള്ള വിവിധ വൈജ്ഞാനികമേഖലകളില്‍പ്പെടുന്ന പ്രഭാഷണപരമ്പര നവകേരളസൃഷ്ടിയില്‍ വലിയ സ്വാധീനംചെലുത്തിയിട്ടുണ്ട്.
അഞ്ചില്‍നിന്ന് ജനലക്ഷങ്ങളായി വളര്‍ന്നു പന്തലിച്ച് ഇന്നിന്റെയും നാളെയുടെയും ദര്‍ശനമേന്തി നിലകൊള്ളുന്ന ശിവഗിരിതീര്‍ഥാടനപ്രസ്ഥാനം ഗുരുവിന്റെ പദതാരിണ പിന്തുടരാന്‍ കരുത്താര്‍ജിക്കുമാറാകട്ടെ...
ഏവര്‍ക്കും തീര്‍ഥാടന മംഗളാശംസകള്‍.
(ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡംഗമാണ് ലേഖകന്‍)