മോസ്‌ക്കോ: റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും 16 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.
കൂടംകുളം ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് റഷ്യ, ഇന്ത്യക്കുറപ്പ് നല്‍കി. കൂടാതെ ഹെലികോപ്ടറുകള്‍ സംയുക്തമായി നിര്‍മിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. കാമോവ് 226 ഹെലികോപ്റ്ററുകളായിരിക്കും ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുക. 12 റഷ്യന്‍ ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും ധാരണയായി.
ഈജിപ്ത്തില്‍ റഷ്യന്‍ വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നയതന്ത്ര പ്രതിരോധ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. പ്രസിഡന്റ് പുടിനെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചു.