മരണം ചിലപ്പോള്‍ മരിക്കുന്ന നേരം
ജനനം ചിലപ്പോള്‍ ജനിക്കുന്ന നേരം
കാലം ചിലപ്പോള്‍ തിരിയുന്ന നേരം
മനുഷ്യന്‍ മനുഷ്യനെ തിരയുന്ന നേരം
നമ്മള്‍ നമ്മളെ അറിയാത്ത നേരം
പ്രകൃതി വികൃതി കാണിക്കും നേരത്തു
നാല് ചക്രമില്ലേലും നാലാള് കണ്ടാല്‍ മതി
എന്നു പറയുന്ന നേരത്ത് നിന്ന്
നാലാള് കണ്ടില്ലെങ്കിലും നാല് കോടി
വേണം എന്ന് പറയുന്ന നേരം
നടന്‍ വിടനാകുന്ന നേരത്തു
ആരാധനാ പ്രതീകങ്ങളെ നഗ്നയാക്കി വരയ്ക്കുന്ന നേരം
ആരാധകര്‍ തീ പന്തങ്ങളായി വിറയ്ക്കുന്ന നേരം
ആദര്‍ശ വാദികള്‍ ഉദിക്കുന്ന നേരം
ആവിഷ്കാര സ്വാതന്ത്ര്യം ജ്വലിക്കുന്ന നേരത്തു
അക്ഷരങ്ങള്‍ മനുഷ്യനെ അക്ഷമരാക്കുന്ന നേരം
അഹിംസ കേട്ട് വളര്‍ന്നോരു നേരം
മനുഷ്യന്‍ സുഖിച്ചു നടന്നോരു നേരം
മനുഷ്യന്റെ കഷ്ടത കാണും നേരം
അക്ഷര ചുണ്ടില്‍ ചിരി പടരും നേരം
അന്യരുടെ കഷ്ടത വിറ്റും സുഖിച്ചു മയങ്ങും നേരത്തു
മനസ്സില്‍ പല ചിന്തകള്‍ വളരും നേരം
മനുഷ്യന്‍ പല തെറ്റുകള്‍ ചെയ്യും നേരം
മനുഷ്യരില്‍ പല കഷ്ടത വളരും നേരം
ആ കഷ്ടത തൂലിക ഒപ്പിയെടുക്കും നേരം
പടമായ് പാഠമായ് പാട്ടായ് പരമ്പരയായ് തീരുന്നനേരം
നമ്മളെ വിറ്റവര്‍ വീണ്ടും പുതിയ
പടത്തിനായ് പാഠത്തിനായ് പാട്ടിനായ്
പരമ്പരക്കായ് നമ്മളെ കഷ്ടതയില്‍ തളക്കുന്ന നേരം
കലയും കമ്യൂണിസവും ഓര്‍മ്മകള്‍ ആകുന്ന നേരം
മനുഷ്യരുടെ സമത്വവും സ്വാതന്ത്ര്യവും സഹിഷ്ണുതയും
സന്തോഷവും സമാധാനവും സഹവര്‍ത്തിത്വവും വളരുന്ന നേരം
പുതിയൊരു രാമരാജ്യം ജനിക്കുന്ന നേരം
അതിന്നുവേണ്ടി ശ്രീനാരായണ ഗുരു വീണ്ടും വരും നേരം
വരേയ്ക്കും നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ