979 വനിതകള്‍ മത്സരരംഗത്ത് ഫലപ്രഖ്യാപനം ഞായറാഴ്ച

റിയാദ്:
സൗദി അറേബ്യയിലെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നു. ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകള്‍ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. ആദ്യമായി വനിതാസ്ഥാനാര്‍ഥികള്‍ പൊതുതിരഞ്ഞെടുപ്പില്‍ മാറ്റുരച്ചുവെന്ന സവിശേഷതയുമുണ്ട്. ഫലം ഞായറാഴ്ച പ്രഖ്യാപിക്കും .

14.8 ലക്ഷം പൗരന്മാരാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ രജിസ്റ്റര്‍ ചെയ്ത വനിതാവോട്ടര്‍മാരുടെ എണ്ണം 1,30,637 ആണ്. 979 വനിതകളടക്കം 6,917 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ടുചെയ്യുന്നതിന് വെവ്വേറെ ബൂത്തുകള്‍ ഒരുക്കിയിരുന്നു.
 
2011-ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്റെ ഉത്തരവിലൂടെയാണ് വനിതകള്‍ക്ക് വോട്ടുചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശം അനുവദിച്ചുകിട്ടിയത്. കൗണ്‍സിലുകളിലെ മൂന്നില്‍ രണ്ട് അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകതയും മൂന്നാമത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പാതി അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തിരുന്നത്. അവശേഷിക്കുന്ന അംഗങ്ങളെ മുനിസിപ്പല്‍കാര്യമന്ത്രി നിയമിക്കും. വോട്ടുരേഖപ്പെടുത്താനുള്ള കുറഞ്ഞ പ്രായം 21-ല്‍ നിന്ന് 18 ആക്കിയെന്നതും ഇത്തവണത്തെ മറ്റൊരു സവിശേഷതയാണ്.

ആദ്യമായി വോട്ടുചെയ്യാന്‍ ലഭിച്ച അവസരത്തെ സൗദിയിലെ സ്ത്രീകള്‍ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. നിരവധി പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മികച്ച പ്രാതിനിധ്യം കാണാമായിരുന്നു. സൗദി ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡിലീസ്റ്റ് ഡയറക്ടര്‍ സാറാ ലിയ വിറ്റ്‌സണ്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവെക്കുന്ന നടപടികള്‍ തുടര്‍ന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നതായും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.