ന്യൂഡല്‍ഹി: റഷ്യയുമായി 40,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. അഞ്ച് യൂണിറ്റ് എസ് - 400 സൂപ്പര്‍സോണിക് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസി അനുമതി നല്‍കിയത്
.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും തമ്മില്‍ 24 ന് റഷ്യയില്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണിത്. ഇരുവരും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷമാകും കരാറുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
ലോകത്തിലെ മികച്ച എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് എസ്- 400. മിസൈലുകളെയും യുദ്ധ വിമാനങ്ങളെയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ ഇതിനാകും. മൊബൈല്‍ ലോഞ്ചര്‍, റഡാര്‍ എന്നിവ അടങ്ങുന്നതാണിത്. 400 കിലോമീറ്ററിനുള്ളിലെ ശത്രുവിന്റെ മിസൈലുകളെയും ആളില്ലാ വിമാനങ്ങളെയും നശിപ്പിക്കാന്‍ കഴിയും.
ബാലസ്റ്റിക്, ഹൈപ്പര്‍ സോണിക് മിസൈലുകളെ ഒരു പോലെ നേരിടും. രാജ്യത്തിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. കൂടാതെ റഷ്യയില്‍ നിന്ന് 6,000 മിസൈലുകള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റം കരസേനയുടെ ഭാഗമാക്കുന്നതിനായി 14,000 കോടി രൂപ അനുവദിച്ചു.
അതിര്‍ത്തി മേഖലയിലെ പാരമ്പര്യ യുദ്ധ ടാങ്കുകളെ പിന്‍വലിക്കാനാണ് മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചര്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
കൃത്യമായ രീതിയില്‍ ബോംബിങ് സംവിധാനം നടത്താന്‍ ഇതിനാകും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പിനാക റോക്കറ്റ് സിസ്റ്റം വികസിപ്പിക്കുന്നുണ്ട്. കരസേനയുടെ ആവശ്യ പ്രകാരമാണിത്. 12 റോക്കറ്റുകളെ ഒരെ സമയം വിക്ഷേപിക്കാന്‍ ഇതിന് കഴിയും
തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനായി 310 കോടി രൂപ ചെലവില്‍ 571 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാനും 9,000 കോടി രൂപയുടെ യുദ്ധ കപ്പല്‍ നിര്‍മാണത്തിന്റെ കരാര്‍ എച്ച്എസ്എല്‍ ഷിപ്പിയാഡിന് നല്‍കാനും ഡിഎസി അനുമതി നല്‍കി.