പൌരാവകാശ ബില്‍ അംഗീകരിച്ചു
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി . ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പുനല്‍കുന്ന പൌരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാസ്പോര്‍ട്ട്, പെന്‍ഷന്‍, ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴ ഈടാക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരാവകാശ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനിടെ രൂപം നല്‍കിയ ബില്‍ 2011 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലായിരുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൌരന്മാര്‍ക്കുള്ള അവകാശവും പരാതി പരിഹാരവും (2011) എന്നാണു ബില്ലിന്റെ മുഴുവന്‍ പേര്. സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 250 രൂപമുതല്‍ കൂടിയത് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സേവനങ്ങള്‍കൂടി ഏകപക്ഷീയമായി നിയമത്തിന്റെ ഭാഗമാക്കുന്നതിനോടു പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആരോപണം.
സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയപരിധി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിശ്ചയിക്കാം. ഇതനുസരിച്ചു തയാറാക്കുന്ന സമയക്രമം പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. സമയക്രമം പാലിക്കാനാവുന്നില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍ പിഴ നല്‍കേണ്ടിവരിക.
പ്രവാസി ഇന്ത്യക്കാരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ പഴ്സനേല്‍ - പൊതുജന പരാതി - പെന്‍ഷന്‍ മന്ത്രാലയത്തെയും നിയമ മന്ത്രാലയത്തെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സമയബന്ധിതമായി ആവലാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും കോള്‍ സെന്റര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഹെല്‍പ് ഡെസ്ക് എന്നിവ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കേരള നിയമസഭ സേവനാവകാശ നിയമം പാസാക്കിയെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ കൂടി തയാറാക്കിയാലേ പൂര്‍ണതോതില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനാവൂ. ചട്ടങ്ങള്‍ നിയമവകുപ്പ് ത യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് ഉള്‍പ്പെടെയുള്ള ഏതാനും വകുപ്പുകളില്‍ സേവനാവകാശ നിയമം ഭാഗികമായി നടപ്പാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനു നിയമപ്രാബല്യം നല്‍കുന്നതിനാണ് സേവനാവകാശ നിയമം കൊണ്ടു വന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ