ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ്  സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. 2012 നവംബറിലാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതിയുമായി രംഗത്തെത്തിയത്.
നാഷണല്‍ ഹെറാള്‍ഡ് പത്രം
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്ത്തപ്പെട്ടിരുന്ന 'നാഷണല്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് അച്ചടി നിര്‍ത്തിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജിഹ്വയായി ജവാഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ചതാണ് ഇംഗ്ലീഷില്‍ 'നാഷണല്‍ ഹെറാള്‍ഡും'ഉറുദുവില്‍'ക്വാമി ആവാസും'..More...
സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ
ഒന്ന്: സോണിയയും രാഹുലും ചേര്‍ന്ന് 2010 നവംബറില്‍ യങ് ഇന്ത്യന്‍ എന്ന പേരില്‍ സ്വകാര്യ കമ്പനി രൂപവത്കരിച്ചു. ഈ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് (എ.ജെ.) ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു. നാഷണല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് എന്നീ പത്രങ്ങളുടെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വസ്തുവകകളുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ചാണ് ഹെറാള്‍ഡ് ഹൗസ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യവുമായി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ 70 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനം. ഈ കമ്പനിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം 2008ലാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്.
രണ്ട്: കമ്പനി രജിസ്ട്രാര്‍ക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിര്‍ള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേര്‍ക്ക് യങ് ഇന്ത്യന്‍ കമ്പനിയില്‍ ഓഹരിയുണ്ട്. ഓഹരിയുടമകളില്‍ 80 ശതമാനം പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മൂന്ന്: നിയമവിരുദ്ധമായ കാര്യങ്ങളാണ് കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ എ.ജെ. ലിമിറ്റഡ് സമര്‍പ്പിച്ചത്. 2011 ഫിബ്രവരി 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്പാര്‍ട്ടിക്കും കമ്പനികള്‍ക്ക് വായ്പ നല്‍കാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേര്‍ന്ന് രൂപംകൊടുത്ത യങ്ഇന്ത്യന്‍ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനിയില്‍ ഇരുവര്‍ക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളില്‍ ഇരുവര്‍ക്കും അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തില്‍ ഇവരുടെ സ്വകാര്യസ്വത്താണിത്. ഇതു കൂടാതെ 2.6 ലക്ഷം ഓഹരികള്‍ പ്രിയങ്കാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.
നാല്: കമ്പനി രജിസ്ട്രാര്‍ക്ക് യങ് ഇന്ത്യന്‍ സമര്‍പ്പിച്ച വിവരങ്ങളനുസരിച്ച് അതിന്റെ ഓഹരിയുടമകളുടെ യോഗം സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 10ജന്‍പഥില്‍ ചേര്‍ന്നുവെന്ന് കാണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വീട് വാണിജ്യാവശ്യങ്ങള്‍ക്കോ കച്ചവട ഇടപാടുകള്‍ക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അഞ്ച്: 90 കോടി ബാധ്യതയുണ്ടെന്ന് അറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നത് സത്യസന്ധമായ വിവരമല്ല. പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ആറ്: 2008ല്‍ കമ്പനിയുടെ 38 ശതമാനം ഓഹരി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ്കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്.
ഏഴ്: വായ്പ നല്‍കിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയുടെ ചെയര്‍മാന്‍ എ.ഐ.സി.സി.യുടെ ഖജാന്‍ജി കൂടിയായ മോത്തിലാല്‍ വോറയാണ്.
യുവാക്കളുടെ ഉന്നമനത്തിനായി രൂപംനല്‍കിയ യങ് ഇന്ത്യ കേരളത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയതായി അവകാശപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഇത് സി.ബി.ഐ. അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.marunadanmalayali.com

90 കോടിയുടെ കടം വീട്ടാൻ 50 ലക്ഷം നൽകി സഹായിച്ചപ്പോൾ ലഭിച്ചത് 2000 കോടി ആസ്തിയുള്ള വസ്...

90 കോടിയുടെ കടം വീട്ടാൻ 50 ലക്ഷം നൽകി സഹായിച്ചപ്പോൾ ലഭിച്ചത് 2000 കോടി ആസ്തിയുള്ള വസ്തുവഹകൾ! പ്രതിമാസം വാടക ഇനത്തിൽ വരുമാനമായി ലഭിക്കുന്നത് 89 ലക്ഷം രൂപയും: സോണിയക്കും രാഹുലിനും കുരുക്കായ നാഷണൽ ഹെറാൾഡ് കേസ് വെറുമൊരു കേസല്ല

December 19, 2015 | 01:38 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ മുഖപത്രമെന്ന നിലയിൽ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണൽ ഹെറാൾഡ്. 1938ൽ തുടങ്ങിയ അസോസിയേറ്റൽ ജേണൽസ് ലിമിറ്റഡ്(എജെഎൽ) എന്ന കമ്പനിക്ക് രൂപം നൽകി ജവഹർലാൽ നെഹ്രുവാണ് ഈ ദിനപത്രം തുടങ്ങിയത്. കെടുകാര്യസ്ഥത മൂലം 90 കോടി കടക്കെണിയിലായ ഈ പത്രത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത് സോണിയയും രാഹുൽ ഗാന്ധിയും അടക്കമുള്ളവരായിരുന്നു. ഈ കേസാണ് കോൺഗ്രസിന് കടുത്ത ഭീഷണിയായി ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2000 കോടിയോളം രൂപ വിലവരുന്ന വസ്തുക്കൾ സോണിയ ഗാന്ധിയും രാഹുലും കൈവശപ്പെടുത്തിയെന്നാണ് പരാതിക്കാരനായ സുബ്രഹ്മ്ണ്യം സ്വാമി ബോധിപ്പിച്ചിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 1930ൽ പണ്ഡിറ്റ് നെഹ്രുവാണ് നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിന്റെ മുഖപത്രമായാണ് അത് പ്രവർത്തിച്ചത്. ധാരാളം ദേശസ്‌നേഹികൾ അകമഴിഞ്ഞ് കൊടുത്ത സംഭാവനകൾകൊണ്ടും പ്രധാനമന്ത്രിയായിരിക്കെ നെഹ്രു അനുവദിച്ച പലിശയില്ലാത്തവായ്പകൾ പതിച്ചു കൊടുത്ത ഭൂമി എന്നിവയിലൂടെ ഇതിന്റെ ആസ്തികൾ വലിയ തോതിൽ വർദ്ധിച്ചു.
ഭൂമിയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവിലുടെ ഈ സ്ഥാപനത്തിന്റെ ആസ്തി ആയിരക്കണക്കിന് കോടിയായി ഉയർന്നു എന്നിരുന്നാലും പത്രമെന്ന നിലയിൽ പരാജയപ്പെടുകയായിരുന്നുു. ഇതോടെ പത്രം 2000 ആയപ്പോഴേക്കും നഷ്ടത്തിലേക്ക് കൂപ്പുകുത്തി
തുടർച്ചയായ നഷ്ടം മൂലം 2008ൽ ഏകദേശം 90 കോടി രൂപ കടത്തോടെ ഈ പത്രം നിർത്തി കടം വീട്ടാൻ വഴി കാണാതെ വിഷമിച്ച ഈ ചരിത്ര സ്മാരകത്തെ രക്ഷിക്കാൻ ഒരു കമ്പനി തയ്യാറായി. ഈ കമ്പനിയാണ് യംഗ് ഇന്ത്യ. ഈ കമ്പനിയുടെ ഡയറക്ടർമാരായാണ് സോണിയയും രാഹുലും പ്രത്യേക്ഷപ്പെട്ടത്. കമ്പനിയിൽ രാഹുലിനും സോണിയക്കുമായിരുന്നു ഭൂരിപക്ഷം ഓഹരികൾ കൈവശം വച്ചത്.
സോണിയ ഗാന്ധിക്കും രാഹുലും 36 ശതമാനം ഓഹരികളും മോത്തിലാൽ വോറയ്ക്ക് 14 ശതമനാവും ഓസ്‌കാർ ഫെർണാണ്ടസിന് 14 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ജവഹർലാൽ നെഹ്രു തുടങ്ങിയ സ്ഥാപനം ആ കുടുംബം തന്നെ കൈവശപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം ഓഹരികൾ കൈവശം വെക്കാൻ ഇവർക്ക് വേണ്ടിവന്നത് 50 ലക്ഷം രൂപ മാത്രമായിരുന്നു. പിൽക്കാലത്ത് 90 കോടിയോളം രൂപയുടെ വായ്‌പ്പ എഴുതിത്ത്ത്ത്തള്ളുകയും ഉണ്ടായി. ഇതോടെ 50 ലക്ഷം രൂപയ്ക്ക് സോണിയയ്ക്കും രാഹുലിനും 2000 കോടിയോളം രൂപ വിലവരുന്ന സ്ഥാപനത്തിന്റെ ഉടമകളുമായി.

ഈ വിഷയത്തിൽ സുബ്രഹ്മ്ണ്യം സ്വാമി നിയമം പഠിച്ച് പോരാട്ടം നടത്തിയതോടെയാണ് കോൺഗ്രസ് നേതാക്കൾ കുരുക്കിലായത്. ഈ ഇടപാട് നടന്നപ്പോൾ കമ്പനി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. കമ്പനി രജിസ്ട്രാർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിർള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേർക്ക് യങ് ഇന്ത്യൻ കമ്പനിയിൽ ഓഹരിയുണ്ട്. ഓഹരിയുടമകളിൽ 80 ശതമാനം പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
2011 ഫെബ്രുവരി 26ന് നടന്ന ബോർഡ് യോഗത്തിൽ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീർക്കാൻ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും കമ്പനികൾക്ക് വായ്പ നൽകാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേർന്ന് രൂപംകൊടുത്ത യങ്ഇന്ത്യൻ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികൾ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയിൽ ഇരുവർക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളിൽ ഇരുവർക്കും അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തിൽ ഇവരുടെ സ്വകാര്യസ്വത്തായി മാറിയെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു.

2008ൽ കമ്പനിയുടെ 36 ശതമാനം ഓഹരി രാഹുൽ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്. വായ്പ നൽകിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണൽസ് കമ്പനിയുടെ ചെയർമാൻ എ.ഐ.സി.സി.യുടെ ഖജാൻജി കൂടിയായ മോത്തിലാൽ വോറയാണ്.
ഡൽഹിയിലെ തിരക്കേറിയ ബഹാദൂർ ഷാ സഫർ മാർഗ്ഗിലാണ് ഹെറാൾഡ് ഹൗസെന്ന പേരിൽ സ്ഥാപനത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. അഞ്ച് നില കെട്ടിടത്തിലെ താഴത്തെ രണ്ട് നിലകൾ വിദേശകാര്യ മന്ത്രാലയത്തിന് പാസ്സ്‌പോർട്ട് സേവാ കേന്ദ്രം നടത്താൻ 60 ലക്ഷം രൂപ മാസവാടകക്കും മൂന്നും നാലും നിലകൾ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന് 29 ലക്ഷം മാസ വാടകക്കും കൊടുത്തിട്ടുണ്ട്. മാസം ലക്ഷങ്ങൾ വാടക ഇനത്തിൽ തന്നെ പ്രധാന ഓഹരി ഉടമകളായ സോണിയക്കും രാഹുലിനും ലഭിക്കുന്നുണ്ട്. 89 ലക്ഷത്തോലം രൂപയാണ് ഇങ്ങനെ കമ്പനിക്ക് ലഭിക്കുന്നത്. ചുരുക്കിൽ ഇന്ത്യ ഭരിച്ച പാർട്ടിയുടെ അധ്യക്ഷയെ കോടതി കയറ്റിയ കേസ് നിരവധി നൂലാമാലകൾ നിറഞ്ഞതാണ്. അമ്പത് ലക്ഷം രൂപ മുടക്കി 2000 കോടിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി എന്നതാണ് പ്രധാന ആരോപണം.
manoramaonline.com

നാഷനൽ ഹെറൾഡ് കേസ് എന്ത്? ഒറ്റനോട്ടത്തിൽ

by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്‌ധിക്കു 10 വർഷംമുൻപ്, 1937ൽ ജവാഹർലാൽ നെഹ്‌റു, പി.ഡി. ഠണ്ഡൻ, ആചാര്യ നരേന്ദ്രദേവ്, റാഫി അഹമ്മദ് കിദ്വായ് തുടങ്ങിയവർ ചേർന്നു സ്‌ഥാപിച്ചതാണു നാഷനൽ ഹെറൾഡ് പത്രം. സ്വാതന്ത്ര്യസമരക്കാരുടെ ശബ്‌ദമായി ഒരു പത്രം എന്നതായിരുന്നു ആദ്യലക്ഷ്യം. അസോഷ്യേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ) എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായിരുന്നു നാഷനൽ ഹെറൾഡിന്റെ നടത്തിപ്പുകാർ.
എന്നാൽ 71 വർഷത്തിനുശേഷം 2008ൽ പത്രം പൂട്ടി. പത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസ് പല ശ്രമങ്ങളും നടത്തി, പലതവണ പണം നൽകി. മൊത്തം 90 കോടി രൂപ പാർട്ടിയിൽനിന്നു പത്രത്തിലേക്കു ചെന്നു. പ്രയോജനമുണ്ടായില്ല. കടം വാങ്ങിയ പണംകൊണ്ടു ശമ്പളത്തിന്റെയും നികുതിയുടെയും മറ്റും കുടിശികകൾ തീർത്തെന്നാണു പണം നൽകിയ കോൺഗ്രസ് വ്യക്‌തമാക്കുന്നത്. പത്രത്തിനെ കരകയറ്റാൻ വീണ്ടും ശ്രമങ്ങളുണ്ടായി. ബാങ്കുകളെ സമീപിപ്പിച്ചപ്പോൾ, 90 കോടി കടമുള്ള കമ്പനിയുമായി സഹകരിക്കാൻ ആരും തയാറായില്ല. തുടർന്നാണു യങ് ഇന്ത്യൻ എന്ന കമ്പനി രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇവിടെയാണു സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ തുടക്കം.
ഓഹരികളുടെ കൈമാറ്റം
കമ്പനി നിയമത്തിലെ 25ാം വകുപ്പുപ്രകാരമുള്ള കമ്പനിയാണ് യങ് ഇന്ത്യൻ. അതായത്, ലാഭം കമ്പനിയുടെ ലക്ഷ്യമല്ല. ഉടമകൾക്കു കമ്പനിയിൽനിന്നു വരുമാനമുണ്ടാക്കാനാവില്ല. യങ് ഇന്ത്യൻ, എജെഎല്ലിന്റെ കടബാധ്യത ഏറ്റെടുക്കുക, ഈ ബാധ്യയെ ഓഹരികളാക്കി മാറ്റുക, അതിലൂടെ എജെഎല്ലിനെ പുനരുദ്ധരിക്കുക, പത്രമിറക്കാൻ സൗകര്യമുണ്ടാക്കുക – അതാണു തങ്ങൾ ചെയ്‌തതെന്നാണു കോൺഗ്രസിന്റെ നിലപാട്. ബാധ്യത ഏറ്റെടുത്ത് ഓഹരിയുടമകളായപ്പോൾ യങ് ഇന്ത്യൻ, കോൺഗ്രസിന് 50 ലക്ഷം രൂപ നൽകി. കടബാധ്യതയത്രയും കോൺഗ്രസ് എഴുതിത്തള്ളി. അടച്ചുപൂട്ടേണ്ടിവന്ന പത്രം നടത്തിയ എജെഎല്ലിന് മെട്രോ നഗരങ്ങളിലുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ഭൂമിയും കെട്ടിടങ്ങളുമുണ്ട്. യങ് ഇന്ത്യന്റെ ഓഹരികളിൽ 38% വീതം സോണിയ ഗാന്ധിയുടേതും രാഹുൽ ഗാന്ധിയുടേതുമാണ്.
ഭാരവാഹികളും ഉടമസ്‌ഥരും
ആരോപണവിധേയർ മജിസ്‌ട്രേട്ടിനു മുൻപാകെ ഹാജരാകണമെന്ന ഉത്തരവു ശരിവച്ച ഹൈക്കോടതി വിധിയിൽ നൽകിയിട്ടുള്ള പട്ടിക: ഒന്നു മുതൽ നാലുവരെ പ്രതികൾ യഥാക്രമം കോൺഗ്രസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ (മോട്ടിലാൽ വോറ), ജനറൽ സെക്രട്ടറി (ഓക്‌സർ ഫെർണാണ്ടസ്) എന്നിവരാണ്. രാഹുലും വോറയും ഓസ്‌കറും സുമൻ ദുബെയും സാം പിത്രോദയുമാണ് എജെഎല്ലിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് അംഗങ്ങൾ. സോണിയയും രാഹുലും വോറയും ഓസ്‌കറും ദുബെയും പിത്രോദയുമാണ് യങ് ഇന്ത്യന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സിലുള്ളത്. സോണിയയ്‌ക്കും രാഹുലിനും പുറമേ, വോറയും (12%) ഓസ്‌കറും (12%) യങ് ഇന്ത്യന്റെ ഓഹരിയുടമകളാണ്.
ആരോപണങ്ങൾ
പരാതിക്കാരന്റെ ആരോപണങ്ങൾ പലതാണ്. കോൺഗ്രസ് പാർട്ടിക്കു സംഭാവനയായി ലഭിച്ച തുകയുടെ ഭാഗമായ 90 കോടി പലിശരഹിത വായ്‌പയായി നൽകിയതും അതു പിന്നീട് എഴുതിത്തള്ളാൻ തീരുമാനിച്ചതും എങ്ങനെയെന്ന ചോദ്യത്തിലുള്ളത് വഴിവിട്ടുള്ള നടപടിയെന്ന ആരോപണമാണ്. എജെഎല്ലിന്റെ ഭൂസ്വത്തുവകകൾ തട്ടിയെടുക്കാനുള്ള കുറ്റകരമായ ഗൂഢാലോചനയുടെ ഭാഗമായാണു പുതിയ കമ്പനി ഉണ്ടാക്കിയത് എന്നതാണു പ്രധാന ആരോപണം. എജെഎല്ലിന്റെ ഓഹരികൾ യങ് ഇന്ത്യനിലേക്കു മാറ്റാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് തീരുമാനിച്ചത് ഓഹരിയുടമകൾ അറിയാതെയാണെന്നതു മറ്റൊരാരോപണം. പത്രം പ്രസിദ്ധീകരിക്കാൻ യങ് ഇന്ത്യൻ ഉദ്ദേശിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി പ്രസ്‌താവിച്ചിട്ടുണ്ടെന്നും അത് എജെഎല്ലിന്റെ ആസ്‌തികൾ കൈവശപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നതു വ്യക്‌തമാക്കുന്നുവെന്നതുമാണു മറ്റൊരാരോപണം.
ഉത്തരങ്ങൾ, ഉത്തരമില്ലായ്‌മയും
വായ്‌പകൾ നൽകാൻ രാഷ്‌ട്രീയ പാർട്ടികൾക്കു സാധിക്കുമെന്നും ഇക്കാര്യത്തിൽ തങ്ങൾക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിക്കളഞ്ഞതാണെന്നും കോൺഗ്രസ് വാദിക്കുന്നു. കിട്ടാക്കടമായി മാറിയ 90 കോടി രൂപ എഴുതിത്തള്ളാൻ കോൺഗ്രസ് എപ്പോൾ തീരുമാനിച്ചു, ആരൊക്കെ ഉൾപ്പെട്ട തീരുമാനം എന്ന ചോദ്യത്തിന് ഉത്തരമില്ല. എജെഎല്ലിന്റെ ഓഹരികളുടെ കൈമാറ്റമാണുണ്ടായത്, വസ്‌തുവകകൾ എജെഎല്ലിന്റേതു തന്നെയായി തുടരുന്നുവെന്നാണു കോൺഗ്രസിന്റെ നിലപാട്.
പത്രമിറക്കാൻ യങ് ഇന്ത്യന് ഉദ്ദേശ്യമില്ലെന്നു രാഹുൽ പ്രസ്‌താവിച്ചതായ ആരോപണത്തെക്കുറിച്ചു കോൺഗ്രസ് പ്രതികരിക്കുന്നില്ല. എന്നാൽ, ഇപ്പോൾ കരകയറിക്കൊണ്ടിരിക്കുന്ന എജെഎൽ പത്രമിറക്കുമെന്നാണു കോൺഗ്രസ് പറയുന്നത്. അതായത്, എജെഎല്ലിന്റെ കാര്യം അവർ നോക്കും, അതിനെ പ്രതിസന്ധിയിൽ കൈപിടിക്കുക മാത്രമായിരുന്നു യങ് ഇന്ത്യയുടെ ഉദ്ദേശ്യം.
2000 കോടി ആസ്തികൾ
ഏകദേശം 2000 കോടി രൂപയുടെ ആസ്‌തികൾ എജെഎല്ലിനുണ്ടെന്നാണു ഉത്തരവിൽ പറയുന്നത്. എജെഎല്ലിന്റെ ആസ്‌തികൾ ലിക്വിഡേറ്റ് ചെയ്‌തു ബാധ്യതകൾ തീർത്ത് പിടിച്ചുനിൽക്കാമായിരുന്നില്ലേ, കടം തീർക്കാൻ ഓഹരികൾ കൈമാറി എന്ന ചോദ്യം കോടതിയും ഉന്നയിക്കുന്നു. എന്നാൽ, പല ആസ്‌തികളും സർക്കാരിൽനിന്നു പാട്ടത്തിനുള്ളതായതിനാൽ ലിക്വിഡേറ്റ് ചെയ്യുക സാധ്യമല്ലായിരുന്നുവെന്നാണു കോൺഗ്രസിന്റെ നിലപാട്.