മുംബൈ :  ജീവനാംശം ലഭിക്കുന്നതിനായി രണ്ടാം ഭാര്യ വിവാഹം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കണ്ടേതില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് സോനക്കിന്റേതാണ് വിധി. കോലാപൂര്‍ സ്വദേശിയായ സ്ത്രീയുടെ അപ്പീല്‍ പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
രണ്ടാംഭാര്യക്ക് ജീവനാംശം നല്‍കുന്നത് നിഷേധിച്ച 2005 -ലെ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് കോലാപൂര്‍ സ്വദേശിനി ബോംബെ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇയാള്‍ നിയമപരമായി വിവാഹം കഴിച്ച ആദ്യഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും അതിനാല്‍ രണ്ടാംഭാര്യയെ നിയമപരമായി വിവാഹം ചെയ്തതായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സ്ത്രീക്ക് ജീവനാംശം നല്‍കാനാവില്ലെന്ന് കോലാപൂര്‍ സെഷന്‍ കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് കോലാപൂര്‍ സ്വദേശിനി ബോംബെ ഹൈക്കോടതിയില്‍ അപ്പീലിന് പോയത്.
ആദ്യവിവാഹത്തിന്റെ കാര്യം മറച്ചുവച്ചാണ് ഇയാള്‍ കോലാപൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. പിന്നീട് ഭാര്യയേയും മകളേയും ഉപേക്ഷിച്ച് ഇയാള്‍ ആദ്യഭാര്യയുടെ അടുത്തേക്ക മടങ്ങിപ്പോവുകയായിരുന്നു.
സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം നിയമപരമായി വിവാഹം കഴിച്ച സ്ത്രീക്ക് മാത്രമേ ജീവനാംശം നല്‍കേണ്ടതുള്ളൂ എന്ന് സ്ത്രീയുടെ ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും വിവിധ വിധിന്യായങ്ങള്‍ പരിശോധിച്ച കോടതി രണ്ടാംഭാര്യക്ക് ജീവനാംശത്തിനായി വിവാഹം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഭാര്യ-ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചിരുന്നു എന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടാല്‍ വിവാഹം തെളിയിക്കുന്ന രേഖകള്‍ ആവശ്യമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.