പഞ്ചാബ്: പഠാന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലെത്തിയ ഭീകരരെ ഇന്ത്യ നേരിട്ടത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ. അഞ്ച് ഭീകരരുടെ നീക്കങ്ങള്‍ സേനാ കമാന്‍ഡോകള്‍ക്ക് തല്‍സമയം നല്‍കി കൊണ്ടിരുന്നത് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങളും എംഐ - 35 ഹൈലികോപ്റ്ററുകളും. പുലര്‍ച്ചെ മൂന്നുമണിക്ക് ആക്രമണം തുടങ്ങുന്നതിന് മുന്‍പു തന്നെ ആളില്ലാവിമാനങ്ങള്‍ ആകാശത്ത് പണി തുടങ്ങിയിരുന്നു.
വ്യോമതാവളത്തിന്റെ തന്ത്ര പ്രധാന ഭാഗങ്ങളിലേക്ക് ഭീകരരന്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ കൃത്യമായി തിരിച്ചടിക്കാന്‍ വ്യോമസേനയുടെ കമാന്‍ഡോ വിഭാഗമായ ഗരുഡിന് കഴിഞ്ഞു. ഇവരെ സഹായിക്കാന്‍ കര, ദേശീയ സുരക്ഷാ സേനകളും രംഗത്ത് വന്നതോടെ ഏറ്റുമുട്ടല്‍ ശക്തമായി. തിരിച്ചടിക്കാന്‍ സമയം നല്‍കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദികള്‍ അതിരാവിലെയുള്ള സമയം തിരഞ്ഞെടുത്തത്. എന്നാല്‍, ഇരുട്ടില്‍ ആളില്ലാ വിമാനങ്ങള്‍ വിവരങ്ങള്‍ കൈമാറിയതും സേനകള്‍ തയാറായതും ലക്ഷ്യം തകര്‍ക്കാന്‍ കഴിഞ്ഞു. ഇരുട്ടില്‍ ആളുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹെറോണ്‍ വിമാനങ്ങളുടെ കഴിവ്.
തെര്‍മല്‍ ഇമേജിങ് സാങ്കേതിക വിദ്യയിലൂടെ തീവ്രവാദികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സേനകള്‍ക്ക് കഴിഞ്ഞു. ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷമമായ വിവരങ്ങള്‍ പോലും ശേഖരിക്കാന്‍ കഴിയുന്ന തെര്‍മല്‍ ഡിവൈസുകളാണിത്. വെളിച്ചമില്ലെങ്കിലും ആളുകളെ ചലനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇസ്രേയല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രിസാണ് നിര്‍മാണം. ജിപിഎസ് സംവിധാനം ഉപയോഗിച്ച് 35,000 അടി ഉയരത്തില്‍ നിന്ന് 52 മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയും.
attack
ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് നിയന്ത്രിച്ച് വിവരങ്ങള്‍ ശേഖരിക്കാം. വിവര ശേഖരണത്തിനായി പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എംഐ-35 ഹെലികോപ്റ്ററുകളിലും ഇതേ സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൃത്യമായ രീതിയില്‍ ഭൂമിയിലേക്ക് ആക്രമണം നടത്താനും ഈ ഹെലികോപ്റ്ററുകള്‍ക്ക് കഴിയും.
വ്യോമസേനാ കേന്ദ്രം തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു തീവ്രവാദികളുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പഞ്ചാബ് എസ്പിയുടെ വാഹനം തട്ടിക്കൊണ്ട് പോയത് മുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ ജാഗ്രത പാലിച്ചത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
മാത്രമല്ല പഞ്ചാബ് ഭാഗത്ത് നിന്ന് പാകിസ്താനിലേക്കുള്ള തിവ്രവാദികളുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതോടെ സുരക്ഷാ സേനകള്‍ മുന്‍കരുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.