1/10/2016

തിരുവാഭരണത്തിന്റെ കഥ

localnews.manoramaonline.com

തിരുവാഭരണത്തിന്റെ കഥ

by ടി.കെ. രാജപ്പൻ
ധനു 28.
പന്തളം കൊട്ടാരത്തിലും വലിയ കോയിക്കൽ ക്ഷേത്രത്തിലും മണികണ്‌ഠൻ ആൽത്തറയിലും തിങ്ങിനിറഞ്ഞ ഭക്‌തജനസഞ്ചയം. തിരുവാഭരണം കണ്ടു തൊഴാൻ കിലോമീറ്ററുകൾ നീണ്ട നിര. ഉച്ചയ്ക്കു 12.30ന് ദർശനം പൂർത്തിയാക്കിയാൽ പിന്നെ എല്ലാവരുടെയും മിഴികൾ ആകാശത്തേക്കാണ്. ഭഗവൽ സാന്നിധ്യം അറിയിച്ച് ആകാശത്തിൽ വട്ടമിട്ടു പറക്കുന്ന കൃഷ്‌ണപ്പരുന്തിനെ കാണാൻ. കൃഷ്‌ണപ്പരുന്തിനെ കണ്ടതിന്റെ സൂചനയായി ശരണംവിളികൾ ഉയർന്നാൽ വലിയകോയിക്കൽ ക്ഷേത്രനട ഓരോന്നായി തുറക്കും. കൊട്ടാര അംഗങ്ങൾ ചേർന്നു തിരുവാഭരണ പേടകം ക്ഷേത്ര കവാടത്തിലേക്കു കൊണ്ടുവരും.
ശരണം വിളികളോടെ ഗുരുസ്വാമിയും കൂട്ടരും തിരുവാഭരണ പേടകം ശിരസ്സിലേറ്റും.തുടർന്നു തിരുവാഭരണ ഘോഷയാത്ര. ഇതാണു പതിവു രീതി. എന്നാൽ രാജകുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ഇപ്രാവശ്യം അനുഷ്ഠാനങ്ങളിൽ നേരിയ മാറ്റമുണ്ടാകും. കൊട്ടാരത്തിലോ ക്ഷേത്രത്തിലോ തിരുവാഭരണ പേടകം തുറന്നു കാണുന്നതിന് ഇത്തവണ അവസരമുണ്ടാകില്ല. ഘോഷയാത്രയെ അനുഗമിക്കാൻ രാജപ്രതിനിധിയുമുണ്ടാകില്ല. എന്നാൽ തിരുവാഭരണം സൂക്ഷിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്നു ശബരിമലയിലേക്കുള്ള ഘോഷയാത്ര മുടക്കം കൂടാതെ നടക്കും.
∙ തനി തങ്കം, പഴക്കവും തൂക്കവും നിശ്ചയമില്ല തിരുവാഭരണം പൂർണമായും തനി തങ്കത്തിൽ നിർമിച്ചതാണ്. ഇതിന്റെ തൂക്കമോ കാലപ്പഴക്കമോ നിശ്‌ചയിച്ചിട്ടില്ല.മൂന്നു ചന്ദനപ്പെട്ടികളിലാണ് ഇവ ശബരിമലയിൽ എത്തിക്കുന്നത്. കിരീടത്തോടുകൂടിയ തിരുമുഖം, വാൾ, ചുരിക, അരപ്പട്ട, കണ്‌ഠാഭരണങ്ങൾ, നവരത്ന മോതിരം, പൂർണ, പുഷ്‌ക്കല, ആന, കുതിര, കടുവ എന്നീ രൂപങ്ങളും പ്രധാന പേടകത്തിലാണ്. തങ്കത്തിൽ നിർമിച്ച വലിയ കലശമാണ് രണ്ടാമത്തെ പെട്ടിയിൽ. സ്വർണ കുമിളകൾ പതിച്ച രണ്ട് കൊടികൾ, നെറ്റിപ്പട്ടം, തിടമ്പ് എന്നിവയാണ് മൂന്നാമത്തെ പെട്ടിയിൽ.
∙ ഐതിഹ്യം യുവരാജാവായി മണികണ്‌ഠനെ അഭിഷേകം ചെയ്‌തു കാണാൻ പന്തളം രാജാവിനു കഴിഞ്ഞില്ല. ഇതിൽ ദുഃഖിതനായ രാജാവ് വർഷത്തിൽ ഒരിക്കലെങ്കിലും രാജകീയവേഷം അണിഞ്ഞു കാണാൻ അവസരം തരണമെന്നു പ്രാർഥിച്ചു. പിതാവിന്റെ അഭിലാഷം നിറവേറ്റാൻ മണികണ്ഠൻ സമ്മതിച്ചു. ഇതനുസരിച്ചാണ് തിരുവാഭരണം നിർമിച്ചത്. മകരസംക്രമ സന്ധ്യയിലാണ് കാനനവാസനായ മണികണ്‌ഠനു തിരുവാഭരണം ചാർത്തുന്നത്.
∙ മകരവിളക്ക് പന്തളത്തുനിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിവസം സന്നിധാനത്തിലെത്തും. പ്രധാന പേടകം പതിനെട്ടാംപടി കയറി സോപാനത്തിൽ എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഈ സമയമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1