'വംശമറ്റ' മരത്തവളയെ 137 വര്‍ഷത്തിന് ശേഷം മലയാളി ഗവേഷകന്‍ കണ്ടെത്തി
ഒരു
നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ അപൂര്‍വ മരത്തവളയെ
വീണ്ടും കണ്ടെത്തി. പ്രമുഖ ഉഭയജീവി ഗവേഷകനും മലയാളിയുമായ സത്യഭാമ ദാസ്
ബിജുവിന്റെ ( എസ്.ഡി.ബിജു ) നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ
വടക്കുകിഴക്കന്‍ വനമേഖലയില്‍ നിന്ന് തവളയെ വീണ്ടും കണ്ടെത്തിയത്.
ഇന്ത്യയില്‍
മാത്രമല്ല, ചൈനയിലും തയ്‌ലന്‍ഡിലുമുള്ള വനമേഖലകളിലും ഈ തവള വര്‍ഗം
ഉണ്ടെന്നാണ് ഡോ.ബിജുവും സംഘവും നടത്തിയ പഠനം സൂചന നല്‍കുന്നത്.
മരങ്ങളില്‍
ആറുമീറ്റര്‍ വരെ ഉയരത്തിലുള്ള മരപ്പൊത്തുകളിലാണ് ഈ മരത്തവളകള്‍ ( tree
frogs ) പാര്‍ക്കുന്നത്. അതുകൊണ്ടു തന്നെ അവയെ കണ്ടുപിടിക്കുക വളരെ
ബുദ്ധിമുട്ടാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളില്‍ മുട്ടയിട്ട്
വാല്‍മാക്രികളെ വിരിയിക്കുകയാണ് ഇവ ചെയ്യുന്നത്. വാല്‍മാക്രികള്‍ വളരുന്നത്
അമ്മയുടെ മുട്ടകള്‍ തിന്നാണ്.
മരത്തവളയുടെ മുട്ട വിരിഞ്ഞുണ്ടായ വാല്‍മാക്രി, 2015ലെ
ചിത്രം. പുതിയ ജനസില്‍പെട്ടതാണ് ഈ മരത്തവളയെന്ന് ഗവേഷകര്‍ കണ്ടെത്തി.
'ഫ്രാങ്കിക്‌സലസ് ' എന്നാണ് പുതിയ ജനസിന്റെ പേര്. ചിത്രം: AP / S.D. Biju
ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞന്‍ തോമസ് സി. ജെര്‍ദന്‍ 1870
ലാണ് 'പോളിപിഡേറ്റ്‌സ് ജെര്‍ദോനി'യെന്ന ( Polypedates jerdonii )
മരത്തവളയുടെ രണ്ടു സ്‌പെസ്മിന്‍ ഡാര്‍ജിലിങിലെ വനത്തില്‍നിന്ന് ശേഖരിച്ചത്.
ആ സ്‌പെസിമിനുകള്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ്
സൂക്ഷിച്ചിട്ടുള്ളത്.
പിന്നീട് ആ നിഗൂഢ തവളയെ 2007 വരെ ആരും
കണ്ടിട്ടില്ല. അത് വംശമറ്റു എന്നു തന്നെ ശാസ്ത്രലോകം കരുതി. ഡോ.ബിജുവും
സംഘവുമാണ് 137 വര്‍ഷത്തിന് ശേഷം ആ മരത്തവളയെ വീണ്ടും കണ്ടെത്തിയത്. തവള
മുട്ടയിടുകയും വാല്‍മാക്രികളുണ്ടാവുകയും ചെയ്യുന്ന ജീവിതചക്രവും ഗവേഷകര്‍
പഠനവിധേയമാക്കി.
'ഫ്രാങ്കിക്‌സലസ് ജെര്‍ദോനി'യെന്ന മരത്തവളയെ 2007ല്‍ വീണ്ടും കണ്ടെത്തിയപ്പോള്‍ പകര്‍ത്തിയത്. ചിത്രം: AP / S.D. Biju
മരത്തവളയുടെ ജനിതകഘടന പഠനവിധേയമാക്കിയപ്പോള്‍, അത്
നേരത്തെ ഉള്‍പ്പെടുത്തിയതിലല്ല പുതിയ ജനസിലാണ് പെടുന്നതെന്ന് മനസിലായി.
അതിനാല്‍, അതിന്റെ ശാസ്ത്രീയനാമം 'ഫ്രാങ്കിക്‌സലസ് ജെര്‍ദോനി' (
Frankixalus jerdonii ) എന്ന് മാറ്റി. തന്റെ ഉപദേശകനായിരുന്ന ബ്രസല്‍സില്‍
വ്രിജി സര്‍വകലാശാലയിലെ ഗവേഷകന്‍ ഫ്രാങ്കി ബൊസ്യൂറ്റിന്റെ പേരാണ് പുതിയ
ജനസിന് നല്‍കിയിട്ടുള്ളത്.
എന്നുവെച്ചാല്‍, 137 വര്‍ഷത്തിന് ശേഷം
ഒരു തവളയിനത്തെ വീണ്ടും കണ്ടെത്തുക മാത്രമല്ല ഡോ.ബിജുവും സംഘവും ചെയ്തത്,
പുതിയൊരു തവള ജനസിനെ കണ്ടെത്തുക കൂടിയാണ്. 'പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ്' ജേര്‍ണലായ 'പ്ലോസ് വണ്ണി' ( PLOS ONE ) ന്റെ പുതിയ ലക്കത്തിലൂടെയാണ് ഈ കണ്ടെത്തലിന്റെ വിവരം ഗവേഷകര്‍ പുറത്തുവിട്ടത്.
പ്രകൃതിക്ക്
മേല്‍ മനുഷ്യനേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ഏറ്റവുമാദ്യം
ഏല്‍ക്കേണ്ടിവരുന്ന ജീവികളാണ് തവളകളെന്ന് ഡോ. ബിജു പറയുന്നു. '35 കോടി
വര്‍ഷം മുമ്പാണ് ഭൂമുഖത്ത് തവളകള്‍ പ്രത്യക്ഷപ്പെട്ടത്. അന്നു മുതല്‍
ആവാസവ്യവസ്ഥകളിലെ എണ്ണമറ്റ വെല്ലുവിളികള്‍ നേരിട്ടാണ് തവളവര്‍ഗം
പരിണമിച്ചത്' -ഡോ.ബിജു മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമുഖത്ത് ഏതാണ്ട് 7000
വ്യത്യസ്ത ഉഭയജീവിയിനങ്ങളുണ്ടെന്ന് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍
( IUCN ) പറയുന്നു. അതില്‍ 32 ശതമാനവും കടുത്ത വംശനാശഭീഷണിയാലാണ്. 'ഫ്രാങ്കിക്‌സലസ് ജെര്‍ദോനി'യെന്ന മരത്തവളയുടെ മുട്ട
വിരിഞ്ഞുണ്ടായ വാല്‍മാക്രികള്‍. വെള്ളം നിറഞ്ഞ മരപ്പൊത്തുകളില്‍ തള്ള
തവളയിടുന്ന മുട്ടകള്‍ തിന്നാണ് ഇവ വളരുന്നത്. ചിത്രം: S.D. Bijuമരത്തവളയെ 2007-2008 കാലത്താണ് ഡോ.ബിജുവും സംഘവും വീണ്ടും
കണ്ടെത്തിയത്. അന്ന് തങ്ങള്‍ അവയെ കണ്ട വനപ്രദേശങ്ങളില്‍ പലതും പോയ
വര്‍ഷങ്ങളില്‍ കൃഷിക്കും റോഡ് വികസനത്തിനും മറ്റും നശിപ്പിക്കപ്പെട്ട
കാര്യം ഡോ.ബിജു ചൂണ്ടിക്കാട്ടുന്നു. പ്രസിദ്ധ ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി. ബിജു ഡല്‍ഹി
യൂണിവേഴ്‌സിറ്റിയിലെ തന്റെ ലാബില്‍. ഡോ.ബിജുന്റെ നേതൃത്വത്തിലുള്ള ഗവേഷണം
വഴി ഇതിനകം 89 തവളയിനങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു. ചിത്രം: AP തിരുവനന്തപുരം സ്വദേശിയും ഡല്‍ഹി സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ.ബിജു ഒട്ടേറെ
തവളയിനങ്ങളെയും ഉഭയജീവി വര്‍ഗ്ഗങ്ങളെയും പരിചയപ്പെടുത്തിയ ലോകപ്രശസ്ത
ഗവേഷകനാണ്. 'ദി ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ' ( The Frog Man of India ) എന്ന്
വിശേഷിപ്പിക്കപ്പെടുന്ന ഡോ.ബിജു ഇതിനകം 89 തവളയിനങ്ങളെ
കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലാകെ തിരിച്ചറിഞ്ഞിട്ടുള്ളത് 350 ലെറെ
തവളയിനങ്ങളാണ്.
2003 ല്‍ കേരളത്തില്‍ പശ്ചിമഘട്ടത്തില്‍നിന്ന്
ഡോ.ബിജു കണ്ടെത്തിയ 'നാസികാബട്രാച്ചസ് സഹ്യാദ്രേന്‍സിസ്' എന്ന തവള പുതിയൊരു
കുടുംബത്തില്‍ പെട്ടതായിരുന്നു. ആ കണ്ടെത്തലോടെ ലോകത്തെ തവള കുടുംബങ്ങളുടെ
എണ്ണം 30 ആയി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ