mathrubhumi.com
ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് - അറിയേണ്ടതെല്ലാം
സുജിത് കുമാര്‍
സംഗതി റൂട്ടിംഗിനെക്കുറിച്ചാണ്. അതുകൊണ്ട് ഒരു ആമുഖവും ചില മുന്നറിയിപ്പുകളും തുടക്കത്തില്‍ ആവശ്യമുണ്ട്.
ആദ്യം മുന്നറിയിപ്പ്: നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനം ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് നഷ്ടമാക്കിയേക്കാം. റൂട്ടിംഗ് പ്രക്രിയയ്ക്കിടയിലെ പിഴവുകളോ പ്രവചനാതീതമായ മറ്റു കുഴപ്പങ്ങളോ മൂലം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വെറുമൊരു പേപ്പര്‍വെയ്റ്റ് പോലെ ഉപയോഗശൂന്യമാക്കാനുള്ള സാധ്യതകളുമുണ്ട് (ഇതിനെ ബ്രിക്കിംഗ് എന്നാണ് വിളിക്കാറ്). ഇക്കാര്യങ്ങള്‍ റൂട്ടിംഗ് നടത്താന്‍ മുതിരുന്നവര്‍ മനസില്‍ വെയ്ക്കുക.
ഈ ലേഖനം ഒരു പ്രത്യേക ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റേയോ മോഡലുകളുടേയോ റൂട്ടിംഗ് ഗൈഡ് അല്ല. മറിച്ച് റൂട്ടിംഗിനെക്കുറിച്ചും അനുബന്ധ സാങ്കേതിക വിവരങ്ങളെക്കുറിച്ചും ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ശ്രമം മാത്രം.
----------------
ഒരു പുതിയ വിന്‍ഡോസ് ലാപ്‌ടോപ്പ് വാങ്ങിയാല്‍ നാം ആദ്യം ചെയ്യുന്നത് എന്തായിരിക്കും? സാധാരണയായി നിര്‍മ്മാതാക്കള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്ന പ്രത്യേകിച്ച് ഒരു ഉപയോഗവുമില്ലാത്ത അനാവശ്യ സോഫ്റ്റ്‌വേറുകളും മറ്റും ആദ്യമേ നീക്കംചെയ്യും. ചിലരാകട്ടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) തന്നെ മാറ്റി തങ്ങളുടെ ഇഷ്ടപ്പെട്ട മറ്റേതെങ്കിലും ഒ.എസ് ഇന്സ്റ്റാള്‍ ചെയ്യും.
ഇത്തരത്തില്‍ അനാവശ്യ സോഫ്റ്റ്‌വേറുകളോ, ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയോ മാറ്റണമെങ്കിലോ, പ്രത്യേകിച്ച് ഒട്ടുംതന്നെ ആയാസപ്പെടേണ്ടി വരാറില്ല. അതായത് പ്രോഗ്രാമുകള്‍ നീക്കംചെയ്യാനും കൂട്ടിച്ചേര്‍ക്കാനുമെല്ലാം ആവശ്യമായ 'അഡ്മിനിസ്‌ട്രേറ്റര്‍' ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തില്‍ കാര്യം സാധിക്കാം.
സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യം ഇങ്ങനെയാണോ? ഒരു പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഉപയോഗിക്കുന്നവന്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാത്ത അനേകം അപ്ലിക്കേഷനുകള്‍ കമ്പനിയുടെ വകയായി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഗൂഗിളിന്റെ വകയായുള്ള സിസ്റ്റം അപ്ലിക്കേഷനുകള്‍ വേറെയും. ഇതൊന്നും നീക്കംചെയ്യാന്‍ സാധാരണഗതിയില്‍ ഒരു സംവിധാനവും നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ല.
എന്തായിരിക്കാം ഇതിന് കാരണം? സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണിനെ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍ എന്നിങ്ങനെ വേറിട്ടു കാണാതെ ഒരൊറ്റ ഉല്‍പ്പന്നമായാണല്ലോ വിപണനം ചെയ്യുന്നത്. അതിനാല്‍, ഉപഭോക്താക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള കയ്യാങ്കളികള്‍ ഫോണിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്, വില്‍പ്പനാനന്തര സേവനത്തെയും മറ്റു വാണിജ്യ താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നത് ഒഴിവാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മ്മാതാക്കള്‍ ഇട്ടിരിക്കുന്ന പൂട്ട് തുറക്കുന്ന പ്രക്രിയയാണ് അടിസ്ഥാനപരമായി റൂട്ടിംഗ്.
ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്‌സിന്റെ ഒരു വകഭേദമാണെന്ന് അറിയാമല്ലോ. വിന്‍ഡോസില്‍ 'അഡ്മിനിസ്‌ട്രേറ്റര്‍' യൂസറിനെപ്പോലെ ലിനക്‌സില്‍ പരമാധികാരമുള്ള യൂസര്‍ ആണ് 'റൂട്ട് യൂസര്‍'. ആന്‍ഡ്രോയ്ഡിലും അതുതന്നെ. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എല്ലാ കയ്യാങ്കളികളും നടത്താന്‍ റൂട്ട് യൂസര്‍ ആനുകൂല്ല്യം അത്യാവശ്യമാണ്. ആന്‍ഡ്രോയ്ഡിലും അതുപോലെത്തന്നെ.
ആന്‍ഡ്രോയ്ഡില്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, നീക്കം ചെയ്യുക, യൂസര്‍ ഫയലുകളുടെ നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും റൂട്ട് ആനുകൂല്യം ആവശ്യമില്ലെന്ന് ഓര്‍ക്കുക.
റൂട്ട് ചെയ്യണോ വേണ്ടയോ
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണല്ലോ റൂട്ടിംഗിനെക്കുറിച്ച് അറിയാനും റൂട്ട് ചെയ്യാനുമെല്ലാം പ്രേരകമാകുന്നത്. അതിനാല്‍ റൂട്ടിംഗിന്റെ ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.
1. ബ്ലോട്ട് വെയറുകളും സിസ്റ്റം അപ്ലിക്കേഷനുകളും നീക്കം ചെയ്യാന്‍: മിക്ക ആന്‍ഡ്രോയ്ഡ് ആപ്പുകളും ഫോണിന്റെ ഇന്റേണല്‍ മെമ്മറിയില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അതായത് 1 ജിബി ഇന്റേണല്‍ മെമ്മറി മാത്രമുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ 16 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അത് സംഭരണശേഷിക്കല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ലെന്ന് ചുരുക്കും.
ഇത്തരത്തില്‍ ഇന്റേണല്‍ മെമ്മറി അധികം ഇല്ലാത്ത ഫോണുകളുടെ സ്വതവേ കുറവായ മെമ്മറിയുടെ നല്ലൊരു ഭാഗം ഫോണിനോടൊപ്പം ഫാക്റ്ററി ഇന്‍സ്റ്റാള്‍ ചെയ്തുതരുന്ന ആപ്പുകള്‍ അപഹരിക്കുന്നു. ഒരിക്കല്‍ പോലും ഉപയോഗത്തില്‍ വരാത്ത 'ബ്ലോട്ട് വെയറുകള്‍' എന്നറിയപ്പെടുന്ന ഇത്തരം ആപ്പുകള്‍ ഫോണ്‍ റൂട്ട് ചെയ്യാതെ നീക്കം ചെയ്യാന്‍ കഴിയില്ല.
ബ്ലോട്ട് വെയറുകള്‍ ഫോണുകളുടെ ഇന്റേണല്‍ മെമ്മറി മാത്രമല്ല ഉപയോഗിക്കുന്നത്. ഇവയുടെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ ഫോണിന്റെ പ്രവര്‍ത്തനശേഷിയെയും സാരമായി ബാധിക്കുന്നു. കീഴ്, മധ്യനിര ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്ന ബ്ലോട്ട് വെയറുകള്‍ നീക്കംചെയ്യാന്‍ റൂട്ടിംഗിലൂടെ കഴിയുന്നു.
ഗൂഗിള്‍ ഉല്‍പ്പന്നമായ ആന്‍ഡ്രോയ്ഡിലെ സിസ്റ്റം അപ്ലിക്കേഷനുകളായ യൂടൂബ്, ഗൂഗിള്‍ ബുക്‌സ്, ഗൂഗിള്‍ കലണ്ടര്‍, ജിമെയില്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനും റൂട്ട് ആനുകൂല്യം ആവശ്യമാണ്.
2. ബാക്കപ്പ്: സ്മാര്‍ട്ട്‌ഫോണുകള്‍ വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും ഒരു അവിഭാജ്യ ഘടകമായിട്ടുള്ള ഇക്കാലത്ത് കമ്പ്യൂട്ടറുകളിലെ വിവരങ്ങളിലേതു പോലെയോ ഒരു പക്ഷേ, അതിനേക്കാള്‍ പ്രധാന്യമുള്ളതോ ആണ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റ.
കമ്പ്യൂട്ടറുകളില്‍ നമ്മള്‍ സാധാരണ ബാക്കപ്പ് എടുക്കാറുണ്ടല്ലോ. ഡാറ്റ മാത്രം ബാക്കപ്പ്, പ്രോഗ്രാമുകളുടെ മാത്രം ബാക്കപ്പ്, മുഴുവന്‍ സിസ്റ്റത്തിന്റെയും മിറര്‍ ബാക്കപ്പ് - എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് പല തരത്തിലുമുള്ള ബാക്കപ്പുകള്‍ എടുക്കാറുണ്ട്. ഇതുപോലെ ആന്‍ഡ്രോയ്ഡ് ഫോണുകളുടേയും ബാക്കപ്പ് എടുക്കാം.
പ്രത്യേകിച്ച് അപ്പുകള്‍ ഒന്നും ഉപയോഗിക്കാതെ മെസേജുകളുടേയും കോണ്ടാക്റ്റുകളുടേയും മറ്റും ബാക്കപ്പ് എടുക്കാന്‍ ആന്‍ഡ്രോയ്ഡില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, ഒരു ഫുള്‍ ബാക്കപ്പ് അഥവാ ഇമേജ് ബാക്കപ്പ് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് എളുപ്പത്തില്‍ സാധ്യമാക്കുന്ന പ്രധാനപ്പെട്ട അപ്ലിക്കേഷനുകളായ ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് റൂട്ട് ചെയ്യേണ്ടതായുണ്ട്.
3. പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാം: ആപ്പുകളിലെയും യൂട്യൂബിലെയും മറ്റും പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാന്‍ സഹായകമായ ആഡ്‌ബ്ലോക്ക് പോലെയുള്ള ആപ്പുകള്‍ ലഭ്യമാണ്. ഇവയില്‍ ശരിയായ ഫലം നല്‍കുന്ന ആപ്പുകള്‍ പലതും റൂട്ട് ചെയ്ത ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
4. കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍: പ്രത്യേകിച്ച് രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും അധികമായി ചേര്‍ക്കാത്ത ഐസ്‌ക്രീമിനെ 'വാനിലാ ഐസ്‌ക്രീം' എന്നു വിളിക്കാറുണ്ടല്ലോ അതുപോലെ മിനുക്കുപണികളും കൂട്ടിച്ചേര്‍ക്കലുകളൊന്നുമില്ലാതെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് (AOSP) പുറത്തിറക്കുന്ന ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ വിളിക്കുന്ന പേരാണ് 'വാനിലാ ആന്‍ഡ്രോയ്ഡ്'. ഇതിനെ 'സ്റ്റോക് ആന്‍ഡ്രോയ്ഡ്' എന്നും വിളിക്കാറുണ്ട്. ഗൂഗിള്‍ നെക്‌സസ് ഫോണുകളിലേയും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലേയും ഗൂഗിള്‍ പ്ലേ എഡിഷന്‍ ഡിവൈസസു (GPE ) കളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റം വാനിലാ അഥവാ സ്റ്റോക് ആന്‍ഡ്രോയ്ഡ് ആണ്.
വാനിലാ ആന്‍ഡ്രോയ്ഡില്‍ ഓരോ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും അവരവരുടേതായ ചേരുവകളും നിറങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് വിഭവങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെയാണ് ഈ ഫോണുകളെല്ലാം അടിസ്ഥാനപരമായി ആന്‍ഡ്രോയ്ഡ് ആണെങ്കിലും കാഴ്ച്ചയിലും ഉപയോഗത്തിലും വ്യത്യസ്തമായിരിക്കുന്നത്. സാംസംഗിന്റെ TouchWiz UI, സോണിയുടെ TimeScape UI, എച്ടിസിയുടെ Sense UI തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ മൊബൈല്‍ വ്യത്യസ്ത മോഡലുകളിലായി സന്നിവേശിപ്പിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ സ്റ്റോക് റോം എന്നു വിളിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഒരു ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് ആയതിനാല്‍ ആന്‍ഡ്രോയ്ഡ് കുതുകികളായ ടെക്കികള്‍ ഒറ്റക്കും കൂട്ടായും അവരവരുടേതായ രീതിയില്‍ വാനിലാ ആന്‍ഡ്രോയ്ഡ് പതിപ്പിനെ കസ്റ്റമൈസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് കസ്റ്റം റോമുകള്‍ അവയുടെ സവിശേഷതകള്‍കൊണ്ടും കാര്യക്ഷമതകൊണ്ടും സ്റ്റോക് റോമുകളേക്കാള്‍ മെച്ചപ്പെട്ടവയാണ്.
മാത്രവുമല്ല, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെപ്പോലെ തന്നെ, ഒരുപക്ഷേ അവരിലും കാര്യക്ഷമമായി സുരക്ഷാ പഴുതുകളടച്ചും കൂടൂതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുമുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്നത് കമ്യൂണിറ്റി മാനേജ്ഡ് കസ്റ്റം റോമുകള്‍ക്കാണ് എന്നതും ശ്രദ്ധേയമാണ്. ചില കസ്റ്റം റോമുകള്‍ ശുദ്ധ ആന്‍ഡ്രോയ്ഡില്‍ മെനഞ്ഞെടുത്തത് ആണെങ്കില്‍ മറ്റു ചിലത് അടിസ്ഥാനപരമായി പ്രമുഖ ഫോണുകളിലെ സ്റ്റോക്ക് റോമുകളില്‍ മാറ്റങ്ങള്‍ വരുത്തിയതും ആകാം.
ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മെനഞ്ഞെടുത്ത വളരെ ജനപ്രിയമായ ഒരു കസ്റ്റം റോം ആണ് 'സയോണ്‍ജണ്‍ മോഡ്'. മറ്റു പ്രശസ്തമായ കസ്റ്റം റോമുകളില്‍ ചിലതാണ് പാരാന്‍ഡ്രോയ്ഡ്, AOKP, MIUI, PAC-ROM, OmniROM തുടങ്ങിയവ. ഫോണ്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യാമെങ്കിലും ചില കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതിന് മുന്നോടിയായി പലപ്പോഴും ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും.
5. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ പരീക്ഷിക്കാനും: ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയ ഉടന്‍ സ്റ്റോക് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ അപ്‌ഡേറ്റുകള്‍ ലഭിക്കാറുള്ളൂ (ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ ഉദാഹരണം).
നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലെ സ്റ്റോക് റോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പുകള്‍ വൈകി മാത്രമേ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയാറുള്ളൂ. ഇതിനും അപ്പുറമായി പുതിയ മോഡലുകള്‍ ഇറക്കുന്ന വാണിജ്യ താത്പര്യങ്ങളുടെ ഭാഗമായും ഹാര്‍ഡ്‌വേര്‍ പിന്‍തുണയ്ക്കുമെങ്കിലും പല മോഡലുകള്‍ക്കും ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ നിര്‍മ്മാതാക്കള്‍ ബോധപൂര്‍വ്വം നല്‍കാറുമില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ഇത്തരം അവസരങ്ങളില്‍ അപ്‌ഡേറ്റുകള്‍ക്കായി കാക്കാതെ നിങ്ങളുടെ ഫോണിനെ പിന്‍തുണയ്ക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മെനഞ്ഞെടുത്ത കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് ഉപയോഗിക്കാന്‍ വഴികളുണ്ട്.
ഉദാഹരണമായി ആന്‍ഡ്രോഡിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്മലോ അപ്‌ഡേറ്റ് വളരെ ചുരുക്കം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എങ്കിലും മാര്‍ഷ്മലോ അടിസ്ഥാനമായുള്ള സയോണ്‍ജണ്‍മോഡ്13, CrDroid പോലെയുള്ള കസ്റ്റം റോമുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പിന്‍തുണയ്ക്കുന്നത് ആണെങ്കില്‍ ഫ്‌ലാഷ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
6. കസ്റ്റം റിക്കവറികള്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍: വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ 'സേഫ് മോഡില്‍' പോകാനായി നമ്മള്‍ ബൂട്ട് ചെയ്യുന്നതിനു മുന്‍പ് എഫ് 8 എന്ന ഫംങ്ക്ഷന്‍ കീ അമര്‍ത്തി ഒരു സ്‌ക്രീനില്‍ എത്താറുണ്ടല്ലോ.
അതായത് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വയമേവ ബൂട്ട് ചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള സ്‌ക്രീന്‍. ഇതുപോലെ ഒരു സംവിധാനം ആന്‍ഡ്രോയ്ഡിലുമുണ്ട്.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും കൂടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഒരു റിക്കവറി സോഫ്റ്റ്‌വേര്‍ കൂടി ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കും. ഫോണുകളെ ഫാക്റ്ററി റീസെറ്റ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും മറ്റുമായി ഇത് ഉപയോഗിക്കുന്നു.
ചില പ്രത്യേക കീ കോമ്പിനേഷനുകളിലൂടെ റിക്കവറി സെക്ഷനിലേക്ക് എത്താനാകും. സാധാരണയായി ഫോണ്‍ സ്വിച്ചോഫ് ചെയ്തതിനു ശേഷം പവര്‍ ബട്ടനും വോള്യം കീയും ഒരുമിച്ച് അമര്‍ത്തിയാല്‍ റിക്കവറി മോഡില്‍ എത്താം.
ഫോണിനോടൊപ്പം ലഭിക്കുന്ന സ്റ്റോക്ക് റിക്കവറിയില്‍ അപ്‌ഡേറ്റുകള്‍, ഫാക്റ്ററി റീസെറ്റ് തുടങ്ങിയ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ലഭ്യമാകൂ. സിയോണ്‍ജണ്‍ മോഡ് പോലെയുള്ള ഏതെങ്കിലും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യണമെങ്കില്‍ ആദ്യമായി കസ്റ്റം റിക്കവറി കൂടി ഇന്സ്റ്റാള്‍ ചെയ്യേണ്ടതായി വരുന്നു. അതായത് ഫോണിനോടൊപ്പമുള്ള റിക്കവറിയെ (സ്റ്റോക്ക് റിക്കവറി) നീക്കം ചെയ്ത് കസ്റ്റം റിക്കവറി ഉപയോഗിക്കുക.
ഓര്‍മ്മിക്കുക കസ്റ്റം റിക്കവറി മാത്രമാണ് ഇന്സ്റ്റാള്‍ ചെയ്യുന്നത് എങ്കില്‍ അവിടെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുന്നില്ല. അതായത് നിര്‍മ്മാതാക്കള്‍ ഫോണിനോടൊപ്പം നല്‍കുന്ന സ്റ്റോക് റോം തന്നെ തുടരുന്നു.
ഇവിടെ കസ്റ്റം റിക്കവറി ഇന്സ്റ്റാള്‍ ചെയ്യുന്നതോടെ കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാനും ബാക്കപ്പ് എടുക്കാനുമെല്ലാം ഉള്ള അധിക സൗകര്യങ്ങള്‍ അടങ്ങിയ ഒരു പുതിയ റിക്കവറി സ്‌ക്രീന്‍ ലഭിക്കുക മാത്രമാണ് ചെയ്യുന്നത്
ഉദാഹരണം: ക്ലോക് വര്‍ക് മോഡ് ClockworkMod Recovery (C-WM), Team Win Recovery Project (T-WRP)
7. ഫോണ്‍ ഹാര്‍ഡ്‌വേറിന്റ പൂര്‍ണ്ണമായ നിയന്ത്രണം: വാണിജ്യതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിവിധ രാജ്യങ്ങളിലെ ടെലികോം നിയമങ്ങള്‍ പാലിക്കുന്നതിനായും ഫോണിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയും ബാറ്ററി ഉപഭോഗം കുറയ്ക്കാനും മറ്റുമായി നിര്‍മ്മാതാക്കള്‍ ഫോണ്‍ ഹാര്‍ഡ്‌വേര്‍ വിഭവശേഷിയുടെ 75 ശതമാനം പോലും ഉപയോഗിക്കാതിരിക്കത്തക്ക രീതിയില്‍ പരിധിപ്പെടുത്താറുണ്ട്.
ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് ഉദാഹരണമായി സാംസംഗ് ഗാലക്‌സി ടാബ് 10.1 നെ ചൂണ്ടിക്കാണിക്കാം. ഈ മോഡലിന്റെ ആദ്യ പതിപ്പില്‍ വോയ്‌സ് കാളിംഗിനുള്ള ഹാര്‍ഡ്‌വേര്‍ ഉണ്ടെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഫോണ്‍ വിളിക്കാനുള്ള സംവിധാനം അവര്‍ ബോധപൂര്‍വ്വം തന്നെ നല്‍കിയിട്ടില്ല. പക്ഷേ അനുയോജ്യമായ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്ത് ഇതേ ടാബില്‍ തന്നെ കാളിംഗ് സൗകര്യം ലഭ്യമാക്കാന്‍ കഴിയും.
സി പി യു ക്ലോക്ക് സ്പീഡില്‍ വ്യത്യാസം വരുത്തുക പോലെയുള്ള സാങ്കേതിക പരിജ്ഞാനം കൂടുതല്‍ ആവശ്യമുള്ള കയ്യാങ്കളികള്‍ക്കും ഫോണ്‍ റൂട്ട് ചെയ്യേണ്ടതായുണ്ട്.
ഇത്തരത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യുമ്പോള്‍ ഒരു ശരാശരി ഉപയോക്താവിനു വരെ ആന്‍ഡ്രോയ്ഡിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഫോണിന്റെ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കാനും പൂര്‍ണ്ണമായ സ്വാതന്ത്ര്യം ലഭിക്കുകയാണ് ചെയ്യുന്നത്. അതായത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിന്റെ പരമാധികാരി നിങ്ങള്‍ മാത്രമാകുന്ന സ്വാതന്ത്ര്യം.
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ദൂഷ്യങ്ങള്‍
1. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കാനാകാത്തതിനാല്‍ ഏത് മാര്‍ഗ്ഗം പിന്‍തുടര്‍ന്നാലും റൂട്ടിംഗിനിടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്ഥായിയായി തകരാറിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫിം വെയറില്‍ കയ്യാങ്കളി നടത്തുമ്പോള്‍ ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി പോകുന്നതിനെ പൊതുവായി സൂചിപ്പിക്കുന്നത് 'ബ്രിക്കിംഗ്' എന്ന പദം കൊണ്ടാണ്.
2. റൂട്ട് ചെയ്താല്‍ മിക്ക ഫോണുകള്‍ക്കും നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനങ്ങള്‍ നഷ്ടമാകും.
3. സുരക്ഷ: 'അധികാരം കൂടുന്നതോടെ ഉത്തരവാദിത്തവും കൂടുന്നു' എന്നത് ഇവിടെയും പ്രസക്തമാണ്. റൂട്ട് ചെയ്ത ഫോണിലെ പരമാധികാരി ഉപയോഗിക്കുന്നവര്‍ തന്നെ ആയതിനാല്‍ സാധാരണ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നിന്നും അല്‍പ്പം കൂടി ജാഗ്രത പാലിക്കേണ്ടി വരും. നിങ്ങള്‍ പൊതുവേ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റു വിശ്വസനീയമായ ഇടങ്ങളില്‍ നിന്നും മാത്രമാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്കില്‍ റൂട്ട് ചെയ്ത ഫോണുകളും അല്ലാത്ത ഫോണുകളും തമ്മില്‍ സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ ആശങ്കയ്ക്ക് ഇടമില്ല. നിങ്ങള്‍ അനുവദിക്കാത്തിടത്തോളം കാലം റൂട്ട് ചെയ്ത ഫോണുകളില്‍ സ്വയമേവ ഒരു ദുഷ്ടപ്രോഗ്രാമിനും നുഴഞ്ഞ് കയറാനാകില്ല.
4. ജീവനക്കാര്‍ക്ക് സ്വന്തം ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവ ജോലിസ്ഥലത്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്ന Bring Your Own Devices (BYOD) പോളിസി ഇക്കാലത്ത് കോര്‍പ്പറേറ്റ് ലോകത്ത് വളരെ പ്രചാരത്തില്‍ ഉള്ളതാണല്ലോ. സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി പല സ്ഥാപനങ്ങളും റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കാറില്ല.
ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് വളരെ ശ്രമകരമായിരുന്നു എങ്കില്‍ ഇപ്പോള്‍ റൂട്ടിംഗ് വളരെ എളുപ്പമാക്കുന്ന ധാരാളം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ലഭ്യമാണ്. ഇത്തരത്തിലുള്ള സോഫ്റ്റ്‌വേറുകള്‍ ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് വരെ റൂട്ടിംഗ് എന്ന കടമ്പ എളുപ്പത്തില്‍ താരതമ്യേന സുരക്ഷിതമായി കടക്കാന്‍ സഹായിക്കുന്നു.
റൂട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്
റൂട്ട് ചെയ്യുക എന്നതുകൊണ്ട് ഫോണിന്റെ സമ്പൂര്‍ണമായ അഡ്മിനിസ്‌ട്രേറ്റീവ് പ്രിവിലേജ് കരസ്ഥമാക്കുക എന്നാണല്ലോ അര്‍ഥമാക്കുന്നത്. എല്ലാ റൂട്ടിംഗ് മാര്‍ഗ്ഗങ്ങളും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്താണ് റൂട്ട് ആനുകൂല്യം കരസ്ഥമാക്കുന്നത്. ഈ പഴുതുകളാകട്ടെ ഓരോ മോഡലിലും വ്യത്യസ്തമാകാം. ചില പഴുതുകള്‍ ഒന്നിലധികം ഫോണ്‍ മോഡലുകളില്‍ പൊതുവായി കാണാന്‍ കഴിയും. ഇതുകൊണ്ടാണ് വ്യത്യസ്ത മോഡലുകളുടെ റൂട്ടിംഗ് രീതികള്‍ വ്യത്യസ്തമാകുന്നത്. ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മ്മാര്‍ക്കായി ഡവലപ്പര്‍ ടൂളുകള്‍ മുഖേന ലഭിക്കുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍ മുതലെടുത്തും റൂട്ടിംഗ് നടത്താം.
ലളിതമായി പറഞ്ഞാല്‍, അകത്തുനിന്ന് പൂട്ടിയ ഒരു വീട്ടിനകത്ത് ജനല്‍കമ്പി വളച്ചോ പിന്‍വാതില്‍ കുത്തി തുറന്നോ കയറിയതിനു ശേഷം, പൂട്ട് തുറന്നിടുന്നതുപോലെയുള്ള ഒരു പ്രക്രിയയാണ് റൂട്ടിംഗ്.
ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കില്‍ അതിന്റെ ഒരു പ്രത്യേക പതിപ്പിലോ അതുമല്ലെങ്കില്‍ ഒരു മോഡലിലോ ഉള്ള ചില പഴുതുകള്‍ ആണല്ലോ റൂട്ടിംഗിനു സഹായിക്കുന്നത്. ഒരു സുരക്ഷാപഴുതായി കണ്ട് എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ അത് അടയ്ക്കുന്നില്ല?
ആന്‍ഡ്രോയ്ഡ് കോര്‍ ടീം പൊതുവെ റൂട്ടിംഗിനു സഹായിക്കുന്ന പഴുതുകള്‍ അടയ്ക്കാറുണ്ട്. നിര്‍മാതാക്കളും ഇത്തരത്തിലുള്ള പഴുതുകള്‍ അടയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവ പുഷ് അപ്‌ഡേറ്റുകളായി നല്‍കാറുമുണ്ട്.
പക്ഷേ, ഒരു റൂട്ടിംഗ് പഴുത് തുറന്നിരിക്കുന്നതുകൊണ്ടു മാത്രം കാര്യമായ മറ്റു കുഴപ്പങ്ങള്‍ ഇല്ല എന്നതുകൊണ്ടും റൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാറന്റി ബലികഴിച്ചുകൊണ്ട് ആണെന്നതിനാലും നിര്‍മാതാക്കള്‍ പലപ്പോഴും സങ്കീര്‍ണമായ റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കാറില്ല. റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കുന്നതിനേക്കാള്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടതാണോ എന്ന് മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ പുതിയ മോഡലുകളില്‍ ചേര്‍ക്കുന്നതിനാണ് നിര്‍മ്മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റൂട്ട് ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ തുടര്‍ന്നും ലഭ്യമാകുമോ: ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാത്തിടത്തോളം കാലം, സാധാരണയായി റൂട്ട്‌ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ ലഭ്യമാകും. പക്ഷേ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലപ്പോഴും റൂട്ട് ആനുകൂല്യം നഷ്ടമാകും.
എന്താണ് ബൂട്ട് ലോഡര്‍ അണ്‍ലോക്കിംഗ്
മിക്ക ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് ലേഖനങ്ങളിലും റൂട്ടിംഗ്/കസ്റ്റം റോം ഫ്‌ലാഷിംഗിന് മുന്‍പായി 'ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്തിരിക്കണം' എന്നൊരു നിബന്ധന കണ്ടേക്കാം. എന്താണ് ബൂട്ട് ലോഡര്‍? ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ബൂട്ട് റോം, ബൂട്ട് ലോഡര്‍, കെര്‍ണല്‍, റിക്കവറി, റോം, റേഡിയോ തുടങ്ങിയ സോഫ്റ്റ്‌വേറുകള്‍ വ്യത്യസ്ത പാര്‍ട്ടീഷ്യനുകളിലായി കാണാം.
ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്വിച്ചോണ്‍ ചെയ്താല്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുന്ന ചെറിയൊരു സോഫ്റ്റ്‌വേര്‍ ആണ് ബൂട്ട് റോം (കമ്പ്യൂട്ടറുകളിലെ ബയോസിനെപ്പോലെ പ്രോസസര്‍ ചിപ്പിനുള്ളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതും ഉപയോക്താക്കള്‍ക്ക് അധികം കയ്യാങ്കളിയൊന്നും നടത്താനാകാത്തതുമായ ഒരു ചെറിയ പ്രോഗ്രാം).
ഈ ബൂട്ട് റോം ബൂട്ട് ലോഡര്‍ എന്നറിയപ്പെടുന്ന മറ്റൊരു പ്രോഗ്രാമിനെ ആദ്യമായി ലോഡ് ചെയ്യുന്നു. തുടര്‍ന്ന് ഏത് സോഫ്റ്റ്‌വേറാണ് ലോഡ്‌ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത് ബൂട്ട് ലോഡറാണ്. സാധാരണഗതിയില്‍ പുറത്തുനിന്നുമുള്ള ഇടപെടലുകള്‍ ഒന്നും ഇല്ലെങ്കില്‍ ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്യുന്നു.
ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല ഉള്ളത്. നമ്മുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ബൂട്ട് ലോഡര്‍ ഉണ്ട്. ഒന്നില്‍ കൂടുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ ബൂട്ട് ചെയ്തയുടന്‍ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലോഡ് ചെയ്യേണ്ടതെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു സ്‌ക്രീന്‍ വരുന്ന് കണ്ടിട്ടില്ലേ? അതിനെ കമ്പ്യൂട്ടറുകളിലെ ബൂട്ട് ലോഡര്‍ എന്നു വിളിക്കാം. ഒരു വിന്‍ഡോസ് 8 / ഗ്‌നു ലിനക്‌സ് ബൂട്ട് ലോഡര്‍ സ്‌ക്രീനുകള്‍ ശ്രദ്ധിക്കുക.
ഓരോ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അവരവരുടെ മോഡലുകള്‍ക്കും അതില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകള്‍ക്കും അനുസരിച്ച് വ്യത്യസ്തങ്ങളായ ബൂട്ട് ലോഡര്‍ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നു.
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍: എച്ച്ടിസി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളിലെ ബൂട്ട് ലോഡറുകള്‍ ലോക്ക് ചെയ്താണ് പുറത്തിറക്കുന്നത്.
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഒത്തുനോക്കി അതുമായി ബന്ധപ്പെടുത്തിയ സ്റ്റോക്ക് റോം മാത്രമേ ലോഡ് ചെയ്യുകയുള്ളൂ. അതായത് ലോക്ക് ചെയ്ത ബൂട്ട് ലോഡറുകള്‍ ഓരോ പ്രാവശ്യവും ബൂട്ട് ചെയ്യുമ്പോഴും സ്റ്റോക്ക് റോമും സ്റ്റോക്ക് റിക്കവറി സോഫ്റ്റ്‌വേറുകളും മാത്രമാണ് ലോഡ് ചെയ്യപ്പെടുന്നതെന്ന് ഉറപ്പുവരുത്തുന്നു. അതോടെ സുരക്ഷയോടൊപ്പം തന്നെ നിര്‍മ്മാതാക്കളുടെയും മൊബൈല്‍ സേവന ദാതാക്കളുടെയുമെല്ലാം വാണിജ്യതാല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നു.
ബൂട്ട് ലോക്കര്‍ എങ്ങിനെ അണ്‍ലോക്ക് ചെയ്യാം: ബ്രാന്‍ഡുകള്‍ക്കനുസരിച്ചും മോഡലുകള്‍ക്കനുസരിച്ചും ബൂട്ട് ലോഡറുകള്‍ വ്യത്യാസപ്പെടുന്നതിനാല്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാന്‍ പൊതുവായ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും മോട്ടറോള, സോണി, എച്ച്ടിസി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ വെബ് സൈറ്റുകളിലൂടെത്തന്നെ ബൂട്ട് ലോഡര്‍ എങ്ങിനെ സുരക്ഷിതമായി അണ്‍ലോക്ക് ചെയ്യാമെന്ന് വിവരിക്കുന്നുണ്ട്. സാംസങിന്റേതുള്‍പ്പെടെ പല സ്മാര്‍ട്ട് ഫോണുകളുടെയും ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് കിറ്റിലെ (Android SDK) 'ഫാസ്റ്റ് ബൂട്ട്' എന്ന യൂട്ടിലിറ്റി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്നതാണ്. കിംഗോ റൂട്ട് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സോണിയുടേയും എച്ച്ടിസിയുടേയും പല മോഡലുകളുടേയും ബൂട്ട് ലോഡറുകള്‍ അണ്‍ലോക്ക് ചെയ്യാനാകും.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും തമ്മിലുള്ള വ്യത്യാസം
റൂട്ടിംഗ് എന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്ത് റൂട്ട് യൂസര്‍ ആനുകൂല്യം നേടി എടുക്കുന്നതാണ് സൂചിപ്പിച്ചല്ലോ. റൂട്ട് ചെയ്യുന്നതിലൂടെ റൂട്ട് ആനുകൂല്യം നിര്‍ബന്ധമുള്ള അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും (ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ്, ഗ്രീനിഫൈ തുടങ്ങിയവ) പ്രീ ഇന്‍സ്റ്റാള്‍ഡ് ആയ ബ്ലോട്ട്‌വെയര്‍ അപ്ലിക്കേഷനുകള്‍ നീക്കംചെയ്യാനും കഴിയുന്നു.
വെറും റൂട്ടിംഗിലൂടെ ഇതു മാത്രമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. റൂട്ടിംഗിലൂടെ മാത്രം യൂസര്‍ ഇന്റര്‍ഫേസിലോ കാര്യക്ഷമതയിലോ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താനാകില്ല. ഒരേ മോഡലിന്റെ റൂട്ട് ചെയ്ത ഫോണും റൂട്ട് ചെയ്യാത്ത ഫോണും തമ്മില്‍ കാഴ്ച്ചയിലോ ഉപയോഗത്തിലോ യാതൊരു വ്യത്യാസങ്ങളും അറിയാന്‍ കഴിയില്ല.
കസ്റ്റം റോം ഫ്‌ലാഷിംഗിലാകട്ടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ മാറ്റപ്പെടുന്നു. അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ വ്യത്യാസം അറിയാനാകും.
കസ്റ്റം റോം ഫ്‌ലാഷിംഗും കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗും ഒന്നു തന്നെയാണോ: അല്ല. റോം കെര്‍ണല്‍ ഇവ രണ്ടും രണ്ടായതിനാല്‍ റോം ഫ്‌ലാഷിംഗും കെര്‍ണല്‍ ഫ്‌ലാഷിംഗും വ്യത്യസ്തമാണ്.
സോഫ്റ്റ്‌വേറിനെയും ഹാര്‍ഡ്‌വേയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനഘടകമാണ് കെര്‍ണല്‍. വിന്‍ഡോസ്, ലിനക്‌സ്, മാക് മെഷീനുകള്‍ക്കെല്ലാം അതിന്റേതായ പ്രത്യേക കെര്‍ണലുകള്‍ ഉണ്ട്. ഒരു ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ ഘടകങ്ങളായ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മെമ്മറി, ക്യാമറ, ബാറ്ററി തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് കെര്‍ണല്‍ ആണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം നിലനിര്‍ത്തി ആവശ്യമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഇതിനെ കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗ് എന്നു വിളിക്കാം. പല കസ്റ്റം റോമുകളും അതിനനുയോജ്യമായ കസ്റ്റം കെര്‍ണലുകളോടൊത്താണ് ലഭ്യമാകുന്നത്.
കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനു മുന്‍പേ ഫോണ്‍ റൂട്ട് ചെയ്യേണ്ടതായിട്ടുണ്ടോ: ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയേണ്ടിവരും. അത് ഓരോ ഫോണ്‍ മോഡലിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. സാധാരണ പല ഫോണുകളോടൊപ്പവും നിര്‍മ്മാതാക്കള്‍ നല്‍കുന്ന റിക്കവറി സംവിധാനം കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍ക്കൊള്ളാത്തതായിരിക്കും. അത്തരം ഫോണുകളില്‍ ആദ്യം ഒരു കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. അതായത് കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും. തുടര്‍ന്ന് ഈ കസ്റ്റം റിക്കവറി ഉപയോഗിച്ച് കസ്റ്റം റോം ഫ്‌ലാഷ് ചെയ്യാം.
റൂട്ട് ചെയ്യാതെ കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമാകുന്ന ഫോണുകളും ഉണ്ട്. ഇവയിലും ഫലത്തില്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്നു.
ഇതൊന്നുമല്ലാതെ പല ഫോണുകളിലും സയോണ്‍ജണ്‍ മോഡ് ഇന്‍സ്റ്റാളര്‍ ആപ്പ് ഉപയോഗിച്ച് ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്യാതെയും റൂട്ട് ചെയ്യാതെയും സയോണ്‍ജണ്‍ റോം ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നു (ഇത് സയോണ്‍ജണ്‍ മോഡിന്റെ മാത്രം പ്രത്യേകതയാണ്).
റൂട്ട് ചെയ്തു പക്ഷേ കസ്റ്റം റോം ഫ്‌ലാഷ് ചെയ്ത് കൈ നനയ്ക്കാതെ തന്നെ ആന്‍ഡ്രോയ്ഡില്‍ മറ്റു മാറ്റങ്ങള്‍ വരുത്താനാകുമോ:
റൂട്ട് ചെയ്യുന്നത് താരതമ്യേന എളുപ്പം ആണ്. കസ്റ്റം റോം ഫ്‌ലാഷിംഗ് അതുപോലെ അല്ല. മാത്രവുമല്ല കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രിയങ്കരങ്ങളായ പ്രീമിയം അപ്ലിക്കേഷനുകളും സ്മാര്‍ട്ട്‌ഫോണുകളോടൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന ചില ഫീച്ചറുകളും നഷ്ടമാകും. എല്ലാ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കും നല്ല കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ലഭ്യമാകണം എന്നും ഇല്ല.
ഇതെല്ലാം ഒഴിവാക്കി റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പുതുമോഡി നല്‍കാന്‍ സാധ്യമാക്കുന്ന ഒന്നാണ് Xposed Framework. റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എളുപ്പത്തില്‍ കസ്റ്റമൈസേഷനുകള്‍ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാനം ഒരുക്കുന്ന ഒരു സംവിധാനമാണ് എക്‌സ്‌പോസ്ഡ് ഫ്രേംവര്‍ക്ക്. എക്‌സ്‌പോസ്ഡ് ഫ്രേം വര്‍ക്ക് മോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന അനേകം അപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
ഉദാഹരണമായി Xprivacy എന്ന മോഡ്യൂള്‍ ഉപയോഗിച്ച് മറ്റ് അപ്‌ളിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് തടയുകയോ വ്യാജവിവരങ്ങള്‍ ഫീഡ് ചെയ്യാനോ കഴിയുന്നു. ഗ്രാവിറ്റി ബോക്‌സ് എന്ന മറ്റൊരു മോഡ്യൂള്‍ ഉപയോഗിച്ച് ഫോണ്‍ ഇന്റര്‍ഫേസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാകും.
നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗും റൂട്ടിംഗും ഒന്നു തന്നെയാണോ: പലപ്പോഴും നെറ്റ്‌വര്‍ക്ക് അണ്‍ ലോക്കിംഗിനെ റൂട്ടിംഗായി തെറ്റിദ്ധരിക്കാറുണ്ട്. ഒരേ ഫോണ്‍ തന്നെ സിം കാര്‍ഡ് മാറ്റി ഏത് നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റുന്നതിനെയാണ് നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗ് അഥവാ സിം അണ്‍ലോക്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് എയര്‍ടെല്‍ ലേബലോടുകൂടി വാങ്ങിയ (പ്രത്യേകം ഓഫറുകളോ കോണ്‍ട്രാക്റ്റുകളോ പ്രകാരം) ഒരു ഫോണ്‍ കാരിയര്‍/നെറ്റ്‌വര്‍ക്ക്/ സിം അണ്‍ലോക്ക് ചെയ്യാതെ വോഡാഫോണിലോ ബിഎസ്എന്‍എല്ലിലോ ഉപയോഗിക്കാന്‍ കഴിയില്ല.
ഇത്തരം നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗിന് റൂട്ടിംഗുമായി യാതൊരു ബന്ധവുമില്ല. ഉടമ്പടി കാലാവധി കഴിഞ്ഞാല്‍ പൊതുവേ മൊബൈല്‍ സേവനദാതാക്കള്‍ സിം അണ്‍ലോക്ക് ചെയ്യാനുള്ള കോഡ് നല്‍കാറുണ്ട്. സേവനദാതാക്കളുടെ അനുവാദമില്ലാതെ തന്നെ അണ്‍ലോക്ക് ചെയ്യാനുള്ള അനേകം മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.
റൂട്ട് ചെയ്ത ഫോണുകളെ അണ്‍റൂട്ട് ചെയ്ത് വാറന്റി തുടര്‍ന്നും ലഭ്യമാക്കാന്‍ കഴിയുമോ: റൂട്ട് ചെയ്യപ്പെട്ട ഫോണുകളുടെ വാറന്റി നഷ്ടമാകുമെന്നത് പൊതുവായി എല്ലാ നിര്‍മ്മാതാക്കളും പിന്‍തുടര്‍ന്നു വരുന്ന നയമാണല്ലോ. ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്നും ഔദ്യോഗിക പതിപ്പുകള്‍ക്ക് പകരം മറ്റേതെങ്കിലും കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നുമെല്ലം പരിശോധിക്കാന്‍ മിക്ക നിര്‍മ്മാതാക്കളും ചില സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഉദാഹരണമായി സാംസങ് തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ഒന്നാണ് 'ബൈനറി ഫ്‌ലാഷ് കൗണ്ടര്‍'. അതായത് സാംസങിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് പതിപ്പ് അല്ലാതെ മറ്റേതെങ്കിലും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ കൗണ്ടര്‍ അത് രേഖപ്പെടുത്തുന്നു. ചില സാംസങ് പതിപ്പുകളില്‍ ഇത്തരത്തിലുള്ള കയ്യാങ്കളികള്‍ സൂചിപ്പിക്കാന്‍ ഫോണ്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ തന്നെ മഞ്ഞ നിറത്തിലുള്ള ഒരു മുന്നറിയിപ്പ് ചിഹ്നം ദൃശ്യമാക്കുന്നു. ഫ്‌ലാഷ് കൗണ്ടര്‍ റീസെറ്റ് ചെയ്യാനും മറ്റുമുള്ള പല വിദ്യകളും ഉണ്ടെങ്കിലും അവ എല്ലാ മോഡലുകളേയും ആന്‍ഡ്രോയ്ഡ് പതിപ്പുകളെയും പിന്‍തുണക്കുന്നവയല്ല. ബൈനറി കൗണ്ടറിന്റെ പോരായ്മകള്‍ പരിഹരിച്ച് സാംസങ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ഉപയോഗിക്കുന്ന പുതിയ സംവിധാനമാണ് 'നോക്‌സ് കൗണ്ടര്‍' (Knox Counter). നോക്‌സ് കൗണ്ടര്‍ റീസറ്റ് ചെയ്യാന്‍ താരതമ്യേന വിഷമമാണ്.
പൊതുവായി പറഞ്ഞാല്‍ റൂട്ട് ചെയ്തതിന്റെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്തതിന്റെയുമെല്ലാം തെളിവുകള്‍ അവശേഷിപ്പിക്കാതെ വാറന്റി വീണ്ടെടുക്കാമെങ്കിലും എല്ലാ ഫോണ്‍ മോഡലുകളിലും അത് പ്രായോഗികമല്ല. ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാതെയും ഇരിക്കുകയും റൂട്ട് മാത്രം ചെയ്യുകയുമാണെങ്കില്‍ അണ്‍റൂട്ട് ചെയ്ത് വാറന്റി വീണ്ടെടുക്കാന്‍ കഴിയും.
റൂട്ട് ചെയ്താല്‍ എല്ലാ ഫോണുകളുടേയും വാറന്റി നഷ്ടമാകുമോ: ഇല്ല. ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ റൂട്ട് ചെയ്ത ഫോണുകള്‍ക്കും വാറന്റി നല്‍കാറുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായരായ മൈക്രോമാക്‌സ് അവരുടെ റൂട്ട് ചെയ്യപ്പെട്ട യുറേക്കാ ഫോണുകള്‍ക്കും വാറന്റി നല്‍കുന്നു. ഈ അടുത്ത കാലത്ത് തരംഗമായി മാറിയ ചൈനീസ് ബ്രാന്‍ഡ് ആയ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റൂട്ട് ചെയ്താലും വാറന്റി നഷ്ടപ്പെടുകയില്ലെന്ന് അറിയുന്നു. ഓപ്പോ ഫോണുകളുടേയും വാറന്റി റൂട്ട് ചെയ്താല്‍ നഷ്ടമാകില്ല.
മുന്നറിയിപ്പ്: റൂട്ട് ചെയ്യുന്നതിനു മുന്‍പ് വാറന്റി നിബന്ധനകള്‍ പരിശോധിക്കാന്‍ മറക്കരുത്.
റൂട്ട് ചെയ്യാനാകാത്ത ഫോണുകളുണ്ടോ: ഇതുവരെ റൂട്ട് ചെയ്യാന്‍ കഴിയാത്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ടായേക്കാം. പക്ഷേ സാങ്കേതികമായി നിലവിലെ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നവയാണ്. ഇടക്കാലത്ത് ബൂട്ട് ലോഡര്‍ ലോക്ക് ചെയ്തും മറ്റും പല നിര്‍മ്മാതാക്കളും ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് തടയാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അവര്‍ അതില്‍നിന്ന് പിന്നോട്ട് പോവുകയും ഒരു പടികൂടി കടന്ന് സോണിയും മോട്ടറോളയുമുള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാനും കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനുമെല്ലാമുള്ള വഴികള്‍ അവരുടെ വെബ് സൈറ്റുകളിലൂടെ ഔദ്യോഗികമായിത്തന്നെ നല്‍കുന്നുമുണ്ട്.
ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിയാലുടന്‍ തന്നെ ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മ്മാര്‍ അത് റൂട്ട് ചെയ്യാനുള്ള പഴുതുകള്‍ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താറുണ്ട്.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും ചെയ്യുന്നതെങ്ങിനെ: ആന്‍ഡ്രോയ്ഡ് റൂട്ടിംഗിനെക്കുറിച്ചും കസ്റ്റംറോം ഫ്‌ലാഷിംഗിനെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെ കുറിച്ചുമെല്ലാം ഒരു ഏകദേശ ധാരണയെങ്കിലും ഇതിനകം ലഭിച്ചുകാണുമല്ലോ. ബ്ലോട്ട്‌വെയറുകള്‍ എന്നറിയപ്പെടുന്ന അനാവശ്യ ആപ്പുകള്‍ നീക്കം ചെയ്ത് കുറച്ച് ഇന്റേണല്‍ മെമ്മറി ലഭ്യമാക്കുയും ഫോണിന്റെ പ്രവര്‍ത്തനം അതുമൂലം മെച്ചപ്പെടുത്തുകയുമാണ് പ്രധാന ഉദ്ദേശം എങ്കില്‍ റൂട്ട് ചെയ്യുക മാത്രം മതിയാകും.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും പൊതുവായി ഒരു റൂട്ടിംഗ് രീതി ഇല്ലെന്ന് അറിയാമല്ലോ. അതിനാല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനനുസരിച്ചുള്ള റൂട്ടിംഗ് ഗൈഡുകള്‍ ലഭ്യമായ വെബ് സൈറ്റുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
ആന്‍ഡ്രോയ്ഡ് കുതുകികളുടെയും ഡവലപ്പര്‍മാരുടെയും ഏറ്റവും വലുതും സജീവവുമായതുമായ കമ്യൂണിറ്റി ആയ XDA Developers ഒരു റൂട്ടിംഗ് ബൈബിള്‍ ആണ്. വിപണിയില്‍ ലഭ്യമായ പ്രമുഖ മോഡലുകളുടെ എല്ലാം വളരെ ആധികാരികമായ റൂട്ടിംഗ് ഗൈഡുകള്‍ അവിടെ ലഭ്യമാണ്. മാത്രവുമല്ല, സജീവമായ ഒരു ആന്‍ഡ്രോയ്ഡ് ചര്‍ച്ചാവേദി ആയതിനാല്‍ സംശയ നിവാരണവും വളരെ എളുപ്പമണ്.
ഗൂഗിളില്‍ നിങ്ങളുടെ ഫോണ്‍ മോഡലിനോടൊപ്പം ആന്‍ഡ്രോയ്ഡിന്റെ ഏത് പതിപ്പാണെന്നു കൂടി ചേര്‍ത്ത് പരതിയാല്‍ അനുയോജ്യമായ റൂട്ടിംഗ് ലേഖനങ്ങള്‍ ലഭ്യമാകും. ഫോണ്‍ മോഡല്‍ മോഡലുകള്‍ക്കനുസരിച്ചും അതിലെ ആന്‍ഡ്രോയ്ഡ് പതിപ്പിനും അനുസരിച്ചുള്ള റൂട്ടിംഗ് ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് റൂട്ട് ആള്‍ ഡിവൈസസ്. ഈ അപ് ളിക്കേഷന്‍ നിങ്ങളുടെ ഫോണ്‍ മോഡലിനനുസരിച്ചുള്ള പ്രായോഗികമായ റൂട്ടിംഗ് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് (എ ഡി ബി ): ആന്‍ഡ്രോയ്ഡ് ഫോണിനെ ഒരു കമ്പ്യൂട്ടറുമായി യുഎസ്ബി പോര്‍ട്ടിലൂടെ ബന്ധിച്ച് കമ്പ്യൂട്ടറിലൂടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാനും പകര്‍ത്തുവാനും അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനും മറ്റും ഉപകരിക്കുന്ന ഒരു കമാന്‍ഡ് ലൈന്‍ ടൂള്‍ ആണ് ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ്. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡവലപ്‌മെന്റ് കിറ്റില്‍ (Android SDK) ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു (മുഴുവന്‍ കിറ്റും ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് മാത്രമായും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനാകും).
ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിലെ 'യു എസ് ബി ഡീബഗ്' എനേബിള്‍ ചെയ്തിരിക്കണം. സാധാരണയായി ഇത് 'ഡിസേബിള്‍' അവസ്ഥയില്‍ ആയിരിക്കും. ഒരു ഡവലപ്പര്‍ ടൂള്‍ ആയ എ.ഡി.ബി ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അധിക ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നു. ഇത്തരത്തില്‍ റൂട്ടിംഗിന് സഹായിക്കുന്ന പല കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകളും ലഭ്യമാണ്.
റൂട്ടിംഗിനു സഹായിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍: കാര്യമായ സാങ്കേതിക പരിജ്ഞാനവും മറ്റു നൂലാമാലകളൊന്നുമില്ലാതെ നല്ല ഗ്രാഫിക്കല്‍ ഇന്റര്‍ഫേസോടു കൂടിയ അനേകം റൂട്ടിംഗ് േേസാഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ഇവയില്‍ പലതും സൗജന്യവുമാണ്. കിംഗോ, ഐ റൂട്ട്, റൂട്ട് ജീനിയസ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
കമ്പ്യൂട്ടര്‍ ഇല്ലാതെ എളുപ്പത്തില്‍ റൂട്ട് ചെയ്യ്യാനാകുമോ?
കമ്പ്യൂട്ടര്‍ ഇല്ലാതെയും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുഗമമായി റൂട്ട് ചെയ്യാം. പക്ഷേ എല്ലാ മോഡലുകളും കഴിയണം എന്നില്ല. ഫ്രേം റൂട്ട് എന്ന അപ്ലിക്കേഷന്‍ വളരെ എളുപ്പത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ റൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ ചിലതാണ് വി റൂട്ട്, ടവല്‍ റൂട്ട്, കിംഗോ റൂട്ട്, സെഡ് ഫോര്‍ റൂട്ട് തുടങ്ങിയവ.
ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അവ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണോ എന്ന് പ്രസ്തുത വെബ്‌സൈറ്റുകളില്‍ പോയി പരിശോധിക്കാന്‍ മറക്കരുത്.
റൂട്ടിംഗിനു ശേഷം എന്ത്
ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് റൂട്ട് ചെയ്താല്‍ എന്താണോ റൂട്ടിംഗിന്റെ ലക്ഷ്യം അതിലേക്ക് എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായുണ്ട്. യഥാര്‍ത്ഥത്തില്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കുക അതിന്റെ ആദ്യപടികളില്‍ ഒന്നാണ്. ഇതിനായി റൂട്ട്‌ചെക്ക് പോലെയുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.
റൂട്ട് ആനുകൂല്യം വേണ്ട മറ്റു ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനുമെല്ലാം ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളായ സൂപ്പര്‍ എസ്‌യു, സൂപ്പര്‍ യൂസര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് സാധാരണയായി റൂട്ടിംഗിനോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാറുണ്ട്. ഇല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക.
(Link നല്‍കണം)
സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ നീക്കം ചെയ്യാനാകാത്ത അനാവശ്യ അപ്ലിക്കേഷനുകളായ ബ്ലോട്ട്‌വെയറുകളും മറ്റ് സിസ്റ്റം അപ്ലിക്കേഷനുകളും നീക്കംചെയ്യാന്‍ ബ്ലോട്ട്‌വെയര്‍ റിമൂവല്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
റൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍
.
1. റൂട്ടിംഗിനെക്കുറിച്ച് അറിയുക, ആവശ്യമാണെങ്കില്‍ മാത്രം റൂട്ട് ചെയ്യുക.
2. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നതാണോ എന്ന് ആദ്യം പരിശോധിക്കുക.
3. റൂട്ട് ചെയ്യുന്നതിനു മുന്‍പ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഏതാണെന്ന് വ്യക്തമായി അറിയുക. ഇത് സാധാരണയായി 'സിസ്റ്റം സെറ്റിംഗ്‌സില്‍' 'അബൗട്ട് ഫോണ്‍' എന്ന മെനുവില്‍ കാണാവുന്നതാണ്. ഒരേ ഫോണ്‍ മോഡലിന്റെ തന്നെ വ്യത്യസ്ത ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കനുസരിച്ചും അപ്‌ഡേറ്റുകള്‍ക്കനുസരിച്ചും റൂട്ടിംഗ് രീതികളും വ്യത്യാസപ്പെട്ടിരിക്കും എന്നോര്‍ക്കുക
4. റൂട്ടിംഗ് ലേഖനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ ലഭിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. XDA Forum പോലെയുള്ള വളരെ സജീവമായ ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് കമ്യൂണിറ്റിയില്‍ ഒട്ടുമിക്ക ഫോണുകളും റൂട്ട് ചെയ്യേണ്ട വിധവും കസ്റ്റം റോം ഫ്‌ലാഷിംഗ് ഗൈഡുകളും ലഭ്യമാണ്.
5. റൂട്ടിംഗ് ചെയ്യുന്നതിനു മുമ്പ് ഫോണ്‍ നമ്പരുകള്‍, മെസേജുകള്‍, മീഡിയാ ഫയലുകള്‍ തുടങ്ങിയവയുടെ ഒരു ബാക്കപ്പ് തീര്‍ച്ചയായും എടുത്തിരിക്കുക.
6. ഫോണ്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്തതിനു ശേഷം മാത്രം റൂട്ടിംഗ് തുടങ്ങുക.
7. റൂട്ടീംഗ് ലേഖനങ്ങള്‍ ശ്രദ്ധയോടെ പല ആവര്‍ത്തി വായിച്ച് സംശയനിവാരണം നടത്തി മുന്നോട്ട് പോവുക.
8. റൂട്ടിംഗ് രീതികള്‍ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റുകളും ഫോറം പോസ്റ്റുകളും വായിക്കുമ്പോള്‍ അവയ്ക്കുള്ള പ്രതികരണങ്ങളും നിര്‍ബന്ധമായും വായിച്ചിരിക്കണം. പ്രസ്തുത റൂട്ടീംഗ് രീതികള്‍ പരീക്ഷിച്ചു നോക്കിയവര്‍ അവരുടെ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും മറ്റുംപങ്കുവയ്ക്കുന്നതുകൂടി വായിക്കുന്നത് നിങ്ങളുടെ റൂട്ടിംഗ് ഉദ്യമം സുഗമമാക്കും.
9. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള റൂട്ടിംഗ് ആണ് നടത്തുന്നത് എങ്കില്‍ നല്ല യുഎസ്ബി കേബിള്‍ ഉപയോഗിക്കുകയും റൂട്ടിംഗ് പ്രക്രിയയ്ക്കിടെ കമ്പ്യൂട്ടറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. ലാപ്‌ടോപ്പിന്റെയും യുപിഎസ്സിന്റെയുമെല്ലം ബാറ്ററി ബാക്കപ്പ് ഉറപ്പു വരുത്തുക.
സാധാരണയായി കമ്പ്യൂട്ടര്‍ യുപിഎസ് അരമണിക്കൂറിലധികം ബാക്കപ്പ് നല്‍കാറില്ല. പക്ഷേ റൂട്ടിംഗ് പ്രക്രിയ എന്തെങ്കിലും കാരണങ്ങളാല്‍ അതിലധികം നീണ്ടു പോയാല്‍ ഫോണ്‍ 'ഇഷ്ടിക' ആയി മാറാന്‍ സാദ്ധ്യത ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
10. റൂട്ടിംഗിനെക്കുറിച്ച് പഠിക്കുന്നതിനോടൊപ്പം അണ്‍റൂട്ടീംഗിനെക്കുറിച്ചും പഠിക്കുക. കാരണം എന്തെങ്കിലും കാരണവശാല്‍ ഒരു തിരിച്ചുപോക്ക് ആവശ്യമാണെങ്കില്‍ അത് ഉപകരിച്ചേക്കും.
11. ഒരു പ്രത്യേക മോഡല്‍ റൂട്ട് ചെയ്യുന്നതിന് പലപ്പോഴും ഒന്നില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടേക്കാം. അവയില്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്തതും ഫലപ്രദവുമായ ഒന്ന് തിരഞ്ഞെടുക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചവരുടെ അനുഭവങ്ങള്‍ വായിച്ച് മനസ്സിലാക്കുക.
12. റൂട്ടിംഗിനു സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ എപികെ ഫയലുകള്‍ വിശ്വസനീയമായ വെബ് സൈറ്റുകളില്‍ നിന്നും മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
13. കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് പ്രസ്തുത കസ്റ്റം റോമിന്റെ ഏറ്റവും സ്ഥിരതയുള്ള പതിപ്പുകള്‍ ഉപയോഗിക്കുക.
അവലംബം:
1. https://en.wikipedia.org/wiki/Rooting_(Android_OS)
2. http://www.xda-developers.com/root/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ