Xiaomi Redmi 3
ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ റെഡ്മി 3 വിപണിയിലെത്തി. ആദ്യഘട്ടമായി ചൈനയിലാണ് ഫോണ്‍ വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
699 ചൈനീസ് യുവാന്‍ (7,112 രൂപ) വിലയിട്ടിരിക്കുന്ന ഫോണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് കരുതുന്നു. റെഡ്മിയുടെ മുന്‍വെര്‍ഷനുകളായ വണ്‍എസ്, റെഡ്മി 2 എന്നിവ ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റുപോയിരുന്നു.
മുന്‍കാല മോഡലുകളെ അപേക്ഷിച്ച് രൂപത്തിലും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനിലുമൊക്കെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റെഡ്മി 3 നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം ഐഫോണിനെ അനുസ്മരിപ്പിക്കുന്ന മെറ്റല്‍ ബോഡി തന്നെ. ആദ്യമായാണ് ഷവോമി റെഡ്മി ഫോണിനായി മെറ്റല്‍ ബോഡി തിരഞ്ഞെടുക്കുന്നത്.
720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഹൈഡെഫനിഷന്‍ സ്‌ക്രീനാണ് റെഡ്മി 3 യ്ക്കുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള നാല് കോറുകളും 1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള നാല് കോറുകളുമുള്‍പ്പെടുന്ന ക്വാല്‍കോമിന്റെ 616 ഒക്ടാകോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, അഡ്രിനോ 405 ജിപിയു, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ ചേരുവകള്‍.
ഇന്റേണല്‍ മെമ്മറി പോരെന്നുള്ളവര്‍ക്ക് 128 ജി.ബി. വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്ന സ്‌ലോട്ടും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ എം.ഐ.യു.ഐ. 7 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍. ആന്‍ഡ്രോയ്ഡിന്റെ ഏത് വെര്‍ഷനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഒഎസ് ആണിതെന്ന കാര്യം ഷവോമി വെളിപ്പെടുത്തിയിട്ടില്ല.
എല്‍ഇഡി ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. രണ്ട് ക്യാമറകളിലും ഫുള്‍-എച്ച്ഡി വീഡിയോ റെക്കോഡിങ് സൗകര്യം ലഭ്യമാണ്. കണക്ടിവിറ്റിക്കായി 4ജി, ബ്ലൂടൂത്ത്, ജി.പി.എസ്., എ-ജി.പി.എസ്., ജി.പി.ആര്‍.എസ്., വൈഫൈ തുടങ്ങി എല്ലാ സംവിധാനങ്ങളും ഫോണിലുണ്ട്.
സ്വര്‍ണം,വെള്ളി,ചാരനിറങ്ങളിലെത്തുന്ന ഫോണില്‍ 4100 എംഎഎച്ച് ശേഷിയുള്ള ഊരിയെടുക്കാനാവാത്ത തരത്തിലുള്ള ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. മുമ്പിറങ്ങിയ റെഡ്മി 2വില്‍ 2200 എംഎഎച്ച് ബാറ്ററിയായിരുന്നു എന്ന കാര്യം പ്രത്യേകമോര്‍ക്കണം.
സമാന സ്‌ക്രീന്‍ വലിപ്പവും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുമുള്ള മെയ്‌സു എം2 നോട്ട് (വില 9,999 രൂപ), ലെനോവോ വൈബ് കെ4 നോട്ട് (വില 11,998 രൂപ) എന്നീ ഫോണുകളോടായിരിക്കും റെഡ്മി 3 യ്ക്ക് ഇന്ത്യയില്‍ മത്സരിക്കേണ്ടിവരിക. കെ4 നോട്ടിന്റെ വില്പന ജനവരി 20നാണ് രാജ്യത്ത് ആരംഭിക്കുന്നത്. അപ്പോഴേക്കും റെഡ്മി 3 ഇന്ത്യയിലെത്തുമോ എന്നാണിനി അറിയാനുള്ളത്.