1/14/2016

60,000 കോടി മുടക്കി റഫാൽ വാങ്ങുന്നത് എന്തിന്?

manoramaonline.com

60,000 കോടി മുടക്കി റഫാൽ വാങ്ങുന്നത് എന്തിന്?

by വി.പി.ഐ


ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനമായി ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ അവസാനം വാങ്ങാൻ പോകുകയാണ്. ഇത് സംബന്ധിച്ചു അവസാന ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും കടുത്ത ആയുധക്കരാറായിരിക്കും ഇതെന്നാണ് കരുതുന്നത്.
അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് തീരുമാനമെടുത്തത്. അന്നു 100,000 കോടി രൂപയ്ക്കാണ് കരാർ പറഞ്ഞിരുന്നത്. വൻ തുകയുടെ കരാറാണിതെന്നതിനാൽ അവസാന നിമിഷം വരെ വിട്ടുകൊടുക്കാൻ മിക്ക രാജ്യങ്ങളും തയാറല്ലായിരുന്നു. എന്നാൽ തികച്ചും സുതാര്യമായ നടപടികളിലൂടെ റഫാൽ വിമാനം തിരഞ്ഞെടുക്കാൻ അന്നത്തെ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവിൽ 36 വിമാനങ്ങൾ വാങ്ങാനായി 60,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
റഫാലിന്റെ ശക്തി
നിലവിൽ റഫാൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയർഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ് എന്നിവരാണ്. 2015 വരെയുള്ള കണക്കുകൾ പ്രകാരം 141 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറിൽ 1912 കിലോമീറ്റർ). 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ റഫാൽ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്റെ സേവനം മികച്ചതായിരുന്നു.
ഇന്ത്യയുടെ റഫാൽ ഫ്രാൻസിന്റേതിനേക്കാൾ മികച്ചത്
ഫ്രാൻസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫാൽ വിമാനം ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സംവിധാനങ്ങൾ ഫ്രാൻസിന്റെ റഫാലിൽ ഘടിപ്പിക്കുന്നതോടെ മികച്ചതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമിക്കുക. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ പുറത്തിറങ്ങുക.
വിമാനത്തിന്റെ മികവു മാത്രമല്ല പലപ്പോഴും പ്രധാന ഘടകമാകുന്നത്. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള ‘സന്മനസ്സ്’, വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയർ പാർട്ടുകൾ നൽകാനുള്ള ‘സന്മനസ്സ്’, വിൽക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം ഘടകങ്ങളാണ്. ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമാണമികവിന് ഒരു സർട്ടിഫിക്കറ്റാണു മിറാജ് എന്നു പറയാം. സ്‌പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടായിട്ടില്ല.
എന്തിനാണ് ഈ വിമാനം? എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ‌, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ. കൂടാതെ തേജസ്സ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു തയാറാക്കി കഴിഞ്ഞപ്പോൾ? ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.
ഇവയ്‌ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് ഒരു പോരായ്‌മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്‌ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.
ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളിൽ വ്യോമസേനയ്‌ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.
നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്‌പെയർ പാർട്ടുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫാൽ വാങ്ങുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1