കൊന്നാലും ചാവില്ല; ജലക്കരടികള്‍ക്ക് 30 വര്‍ഷത്തിന് ശേഷം 'ജീവന്‍വെച്ചു'
ചിത്രം കടപ്പാട്: Cryobiology 2015വറുത്തോളൂ, പൊടിച്ചോളൂ, മഞ്ഞിനടിയില്‍ കുഴിച്ചിട്ടോളൂ -
എന്തുചെയ്തിട്ടും ഫലമില്ല. ടാര്‍ഡിഗ്രേഡുകളെ നശിപ്പിക്കാനാവില്ല.
'ജലക്കരടികളെ'ന്ന് വിളിപ്പേരുള്ള ഈ സൂക്ഷ്മജീവികള്‍ ശാസ്ത്രത്തിനിപ്പോഴും
പ്രഹേളികയാണ്.
മൂന്ന് പതിറ്റാണ്ടുകാലം ജീവന്റെ ഒരു തുടിപ്പും
കാട്ടതെ മഞ്ഞിനടിയില്‍ മരവിച്ച് കഴിഞ്ഞ ടാര്‍ഡിഗ്രേഡുകള്‍ക്ക് വീണ്ടും
'ജീവന്‍വെച്ചു' എന്നതാണ് പുതിയ വാര്‍ത്ത. ഒരുസംഘം ജപ്പാന്‍ ഗവേഷകരാണ് 30
വര്‍ഷത്തിന് ശേഷം അവയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കരടികളെ അനുസ്മരിപ്പിക്കുന്നതാണ് എട്ടുകാലുകളുള്ള ടാര്‍ഡിഗ്രേഡുകളുടെ ( tardigrades ) ആകൃതി. അതുകൊണ്ടാണ് ഇവയ്ക്ക് 'ജലക്കരടി'യെന്ന് വിളിപ്പേര് വന്നത്.
'ജാപ്പനീസ്
അന്റാര്‍ട്ടിക് റിസര്‍ച്ച് എക്‌സ്പിഡിഷന്‍' സംഘത്തില്‍പെട്ട ഗവേഷകര്‍
അന്റാര്‍ട്ടിക്കയിലെ ഷൊവ സ്റ്റേഷന് സമീപത്തുനിന്ന് 1983 ലാണ്
മഞ്ഞുപാളികള്‍ക്കിടെ തണുത്തുമരവിച്ച മോസ് സസ്യത്തില്‍ രണ്ട്
ടാര്‍ഡിഗ്രേഡുകളെ കണ്ടെത്തിയത്. പൂജ്യം ഡിഗ്രിക്ക് താഴെ ഊഷ്മാവില്‍ 30
വര്‍ഷത്തിലേറെ സൂക്ഷിച്ച ആ സൂക്ഷ്മജീവികളെയാണ് വീണ്ടും ജീവിതത്തിലേക്ക്
തിരിച്ചുകൊണ്ടുവരാന്‍ ഗവേഷകര്‍ക്ക് സാധിച്ചത്.
പതിറ്റാണ്ടുകളായി
തണുത്തു മരവിച്ചിരുന്ന ആ ടാര്‍ഡിഗ്രേഡുകളെയും തണുപ്പുകുറഞ്ഞ
പോഷകലായിനിയില്‍ വിടുകയാണ് ഗവേഷകര്‍ ചെയ്തത്. അവയ്ക്ക് സാവധാനം
ജീവന്‍വെച്ചു. തിരിച്ചുവരവിന് പക്ഷേ, കുറച്ചു സമയമെടുത്തു.
മുപ്പതുവര്‍ഷത്തെ മരവിപ്പില്‍ സംഭവിച്ച കോശതകരാറുകള്‍ പരിഹരിക്കാനാണ്
സമയമെടുത്തത്.
രണ്ട് ടാര്‍ഡിഗ്രേഡുകളും ഉയിര്‍ത്തെണീറ്റെങ്കിലും
അതിലൊന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ചത്തു. എന്നാല്‍, രണ്ടാമത്തേത് ആരോഗ്യം
വീണ്ടെടുക്കുകയും മുട്ടയിട്ട് അടുത്ത തലമുറയ്ക്ക് ജന്മംനല്‍കുകയും ചെയ്തു!
1983 ല്‍ ആ ടാര്‍ഡിഗ്രേഡുകള്‍ക്കൊപ്പം തണുത്തു മരവിച്ച നിലയില്‍ ഒരു
മുട്ടയും കിട്ടിയിരുന്നു. അതും വിരിഞ്ഞ് പുതിയ ടാര്‍ഡിഗ്രേഡിന്
ജന്മംനല്‍കി.
ടാര്‍ഡിഗ്രോഡുകള്‍ 30 വര്‍ഷത്തെ ശീതനിദ്രയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ റിപ്പോര്‍ട്ട് അടുത്തയിടെ 'സൈറ്റോബയോളജി' ജേര്‍ണലിലാണ് ജാപ്പനീസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.
ടാര്‍ഡിഗ്രേഡ് ചിത്രകാരന്റെ തൂലികയിലുണ്ടായ ചിത്രം: ചിത്രം കടപ്പാട്: Sebastian Kaulitzki / Shutterstock
പ്രതികൂല പരിസ്ഥിതിയില്‍ ടാര്‍ഡിഗ്രേഡുകള്‍ക്ക്
കഴിയാനാകുമെന്ന് മുമ്പും പലതവണ തെളിഞ്ഞിട്ടുള്ള സംഗതിയാണ്. സ്‌പേസില്‍
പോലും അവയ്ക്ക് ജീവിക്കാന്‍ കഴിയുമെന്ന് കണ്ടിട്ടുണ്ട്. 2007ല്‍ പത്തുദിവസം
ടാര്‍ഡിഗ്രേഡുകള്‍ ബഹിരാകാശത്ത് പൂജ്യം ഡിഗ്രിക്കടുത്ത് ഊഷ്മാവില്‍
കഴിഞ്ഞു. ഊഷ്മാവ് മാത്രമല്ല, അപകടകരമായ റേഡിയേഷനെയും പ്രതിരോധിച്ചാണ് അവ
അവിടെ അതിജീവിച്ചത്.
മറ്റ് ജീവികള്‍ക്ക് സാധിക്കുന്നതിലും ആയിരം
മടങ്ങ് റേഡിയേഷനെ പ്രതിരോധിക്കാന്‍ ടാര്‍ഡിഗ്രേഡുകള്‍ക്ക് സാധിക്കുമെന്ന്
തെളിഞ്ഞിട്ടുണ്ട്. റേഡിയേഷനേല്‍ക്കുമ്പോള്‍ ഡിഎന്‍എയ്ക്കുണ്ടാകുന്ന
കേടുപാടുകള്‍ ഫലപ്രദമായി മാറ്റാന്‍ ടാര്‍ഡിഗ്രേഡുകള്‍ക്ക് കഴിയുന്നതാണ്
ഇതിന് കാരണം.
ഒന്‍പത് വര്‍ഷം അല്‍പ്പവും ജലാംശമില്ലാതെ ഉണക്കി
സൂക്ഷിച്ച ( extreme dehydration ) ടാര്‍ഡിഗ്രേഡുകള്‍ തിരികെ
ജീവിതത്തിലെത്തിയ കാര്യം 2002ല്‍ ഒരു പഠനസംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂമുഖത്ത് ഏതാണ്ടെല്ലാ സ്ഥലങ്ങളിലും-വരണ്ട ഊഷര മരുഭൂമികള്‍ മുതല്‍ മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളില്‍ വരെ അവ കാണപ്പെടുന്നു. ടാര്‍ഡിഗ്രേഡുകളുടെ ഡിഎന്‍എയില്‍ 16 ശതമാനം അന്യ ഡിഎന്‍എ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഇവ ബാഹ്യാകാശത്ത് നിന്ന് ഭൂമിയിലെത്തിയതാണെന്ന വാദവും ശക്തമാണ്.
മഞ്ഞില്‍
തണുത്ത് മരവിക്കുന്നതുപോലെ കഠിനമായ പ്രതികൂല സാഹചര്യങ്ങളില്‍ പെടുമ്പോള്‍
ടാര്‍ഡിഗ്രേഡുകളുടെ കോശങ്ങളിലെ ഉപാപചയപ്രക്രിയ ( metabolic activity )
നിലയ്ക്കുകയോ, അങ്ങേയറ്റം മെല്ലെയാവുകയോ ചെയ്യുന്നു. അങ്ങനെ അവ
'ക്രിപ്‌റ്റോബയോസിസ്' ( cryptobiosis ) എന്ന നിശ്ചലാവസ്ഥയിലെത്തുന്നു.
ഉപാപചയ
പ്രവര്‍ത്തനം നിലച്ചാലും കോശഘടന സംരക്ഷിക്കാന്‍ ഇവയ്ക്കാകും. അതിനാല്‍,
അനുകൂല സാഹചര്യമെത്തുമ്പോള്‍ ഈ സൂക്ഷ്മജീവികള്‍ 'റീബൂട്ട്' ചെയ്ത് വീണ്ടും
ഉപാപചയപ്രവര്‍ത്തനം ആരംഭിക്കും. അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചെത്തും.
ഇത്തരം
'സ്തംഭനാവസ്ഥ' ( stasis ) കൈവരിക്കാന്‍ ശേഷിയുള്ള വേറെയും
സൂക്ഷ്മജീവികളുണ്ട്. നെമറ്റോഡ് വിരകള്‍ ഉദാഹരണം. പക്ഷേ, ഈ വിദ്യ ഏറ്റവും
മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ജീവി ടാര്‍ഡിഗ്രേഡുകളെന്ന ജലക്കരടികളാണ്.
ജീവന്റെ
പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ഈ സൂക്ഷ്മജീവികള്‍
ചെയ്യുന്നത്, ശരീരത്തിലെ ജലാംശം മുഴുവന്‍ ഒഴിവാക്കി പകരം ഷുഗര്‍ ട്രെഹലോസ് (
sugar trehalose ) നിറയ്ക്കുന്നു. ശരീരം വിറങ്ങലിക്കുമ്പോള്‍ ഉള്ളിലെ
ജലാംശം പരല്‍രൂപത്തിലാകുകയും ജീവിയെ ശരിക്കും കൊല്ലുകയും ചെയ്യുന്നത്
ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ഷുഗര്‍ ട്രെഹലോസിന്റെ
സാന്നിധ്യം ഉണ്ടാകുന്നതോടെ, ഉപാപചയമുള്‍പ്പടെ കോശങ്ങളുടെ എല്ലാ
പ്രവര്‍ത്തനവും-കോശം പ്രായമാവുകയും നശിക്കുകയും ചെയ്യാന്‍ കാരണമായ
ഓക്‌സീകരണ പ്രക്രിയ ഉള്‍പ്പടെ-നിര്‍ത്തിവെയ്ക്കാന്‍ ടാര്‍ഡിഗ്രേഡുകള്‍ക്ക്
കഴിയുന്നു.
അനുകൂല സാഹചര്യമെത്തുമ്പോള്‍, അവയുടെ ശരീരത്തില്‍ ഉപാപചയ
പ്രവര്‍ത്തനം വീണ്ടും ആരംഭിക്കും. കോശങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍
തീര്‍ത്ത് അവയുടെ ശരീരം പഴയ അവസ്ഥയിലേക്ക് മടങ്ങിവരും.
സാധാരണഗതിയിലാണെങ്കില്‍, ഏതാനും മാസം മാത്രം ആയുസ്സുള്ള ഈ ജീവിക്ക്,
ഇത്തരത്തില്‍ പതിറ്റാണ്ടുകളോളം ജീവിതം നീട്ടാന്‍ കഴിയുന്നു.
30
വര്‍ഷത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നതുകൊണ്ട് ടാര്‍ഡിഗ്രേഡുകള്‍
റിക്കോര്‍ഡ് സ്ഥാപിച്ചുവെന്ന് കരുതരുത്. റിക്കോര്‍ഡ് ഇപ്പോഴും 39
വര്‍ഷത്തിന് ശേഷം ജീവിതത്തിലേക്കെത്തിയ Tylenchus polyhypnus
ഇനത്തില്‍പെട്ട അഞ്ച് നെമറ്റോഡ് വിരകള്‍ക്കാണ് ആ റിക്കോര്‍ഡ്. 1946
ലായിരുന്നു അത്. (കടപ്പാട്: Discover )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ