പട്‌ന: ബിഹാറില്‍ ഇനി മുതല്‍ സമൂസയ്ക്കും ആഡംബര നികുതി. ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് നിതീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയ്‌ക്കൊപ്പം സമൂസ, കച്ചോരി തുടങ്ങിയ വിഭവങ്ങളെയും നികുതിയുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്ര വ്യക്തമാക്കി.
കൊതുക് സംഹാരി, യുപിഎസ്, ബാറ്ററി പാര്‍ട്‌സ്, ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം ഇനി ആഡംബര നികുതിയുടെ പരിധിയില്‍ വരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.