ജപ്പാന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കമി-ഷിറാട്ടക്കി  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു യാത്രക്കാരി മാത്രമേ ടിക്കറ്റ് എടുക്കാനുള്ള. പ്രദേശവാസിയും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയാണ് ആ യാത്രക്കാരി. അത് വഴി കടന്ന് പോവുന്ന ട്രെയിന് ദിവസത്തില്‍ രണ്ട് തവണ മാത്രമേ അവിടെ നിര്‍ത്തേണ്ടി വരുന്നുള്ളൂ. രാവിലെ അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും, വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അവളെ ഇറക്കാനും. കാര്യക്ഷമത കൊണ്ടും സമയനിഷ്ഠ കൊണ്ടും ലോകപ്രശസ്തമായ ജപ്പാനീസ് റെയില്‍വേ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് വിദ്യാര്‍ത്ഥിനിയായ യാത്രക്കാരിക്ക് നല്‍കുന്ന സമാനതകളില്ലാത്ത ഈ സേവനത്തിന്റെ പേരിലാണ്.
kamiയാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞതോടെ മൂന്ന് വര്‍ഷം മുന്‍പാണ് കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജപ്പാന്‍ റെയില്‍വേസ് അധികൃതര്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആ സ്റ്റേഷനില്‍ ചരക്ക് തീവണ്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റോപ്പ് ആവശ്യമായി വന്നത്. അങ്ങനെ സ്‌റ്റേഷന്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച സമയത്താണ് ദിവസവും സ്‌റ്റേഷനിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേഷന്‍ അടച്ചു പൂട്ടിയാല്‍ അത് പെണ്‍കുട്ടിയ്ക്ക് ദൂരെയുള്ള സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞ റെയില്‍വേ അധികൃതര്‍ അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും വരെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സൗകര്യാര്‍ത്ഥം അവള്‍ക്ക് പോവേണ്ട ട്രയിനിന്റെ സമയക്രമവും ജപ്പാന്‍ റെയില്‍വേസ് പരിഷ്‌കരിച്ചു കൊടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും തിരിച്ചിറക്കാനും മാത്രമായി ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തുന്നു. വരുന്ന മാര്‍ച്ചില്‍ അവസാന പരീക്ഷയും തീര്‍ത്ത് അവള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്‍ എന്നേക്കുമായി അടച്ചുപൂട്ടും.
ജപ്പാനിലെ സിസി ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത വന്നതോടെ ജപ്പാന്‍ റെയില്‍വേസിനേയും സര്‍ക്കാരിനേയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ജനങ്ങള്‍. ഒരോ പൗരനേയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് വേണ്ടി മരിക്കാനും മടിയില്ലെന്ന് ഒരാള്‍ കമ്മന്റെ ചെയ്യുന്നു. ഒരു കുഞ്ഞു പോലും പിന്നോട്ട് പോവരുതെന്ന സര്‍ക്കാരിന്റെ ചിന്തയെ പ്രശംസിക്കുന്നു മറ്റൊരാള്‍. ജനസംഖ്യയില്‍ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന ജപ്പാനില്‍ പല റെയില്‍വേ സ്റ്റേഷനുകളും അടച്ചു പൂട്ടികൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് മാറി ജനവാസ മേഖലകളിലേക്ക് മാറാന്‍ ആളുകള്‍ താല്‍പര്യ്‌പ്പെടുന്നു, ശതമാനത്തില്‍ വൃദ്ധജനങ്ങള്‍ വര്‍ധിച്ചു വരുന്നത് കൊണ്ട് തന്നെ ഈ പ്രവണത വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കാം. അതെന്തായാലും പൗരന്‍മാരുടെ സംതൃപ്തിക്കും, സന്തോഷത്തിനുമായി  പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ റെയില്‍വേസിന്റെ സേവനം ഏതു കാലത്തും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.
japan
japan