ഇന്ത്യക്കാരന്റെ സ്വന്തം 'സമയസൂചിക' എച്ച്.എം.ടി ഓര്‍മ്മയാകുന്നു. സങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ എച്ച്.എം.ടി വാച്ചുകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നഷ്ടത്തില്‍ പ്
രവര്‍ത്തിക്കുന്ന കമ്പനിയുടെ അവസാന മൂന്നു യൂണിറ്റുകളും അടച്ചുപൂട്ടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ എന്നന്നേക്കുമായി എച്ച്.എം.ടിക്ക് കര്‍ട്ടന്‍വീഴുകയാണ്.
ഫാഷന്റെ പര്യായമായി ഇന്ത്യക്കാരന്‍ കൈയിലെന്തിയ ഇന്ത്യയുടെ സ്വന്തം വാച്ച് കമ്പനിയാണ് അങ്ങനെ ഓര്‍മ്മയാകുന്നത്. എച്ച്.എം.ടി വാച്ചസ് ലിമിറ്റഡ്, എച്ച്.എം.ടി ചിനാര്‍ വാച്ചസ്, എച്ച്.എം.ടി ബെയറിങ് ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ ബുധനാഴ്ച കൈക്കൊണ്ടു.
ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കിയാണ് കമ്പനിക്ക് താഴിടുന്നത്. ഇതിനായി 427 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.
കഴിഞ്ഞവര്‍ഷം കമ്പനിയുടെ മൂന്നു യൂണിറ്റുകള്‍ പൂട്ടിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് എച്ച്.എം.ടിയും അടച്ചുപൂട്ടുന്നത്. ആയിരത്തോളം ജീവനക്കാരാണ് എച്ച്.എം.ടി വാച്ച്‌സില്‍ അവശേഷിക്കുന്നത്.
നാല് യൂണിറ്റുകളില്‍ തുംകൂരിലെ യൂണിറ്റില്‍ മാത്രമാണ് വാച്ച് നിര്‍മ്മാണം ഇപ്പോള്‍ നടന്നുവന്നിരുന്നത്. സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍പ്രകാരം വാച്ചുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലിയാണ് ഇവിടെ നടന്നുവന്നത്.
കമ്പനിയില്‍ ശേഷിക്കുന്ന 923 ജീവനക്കാരില്‍ ആര്‍ക്കും ഇനി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുന്നില്ല. ഇതില്‍ ഭൂരിഭാഗവും വിരമിക്കലിന്റെ വക്കിലാണ്. മൂന്നു ദശാബ്ദം മുമ്പ് 1987 ലാണ് ഏറ്റവും ഒടുവില്‍ എച്ച്.എം.ടിയില്‍ നിയമനം നടന്നത്.
വി.ആര്‍.എസ് പ്രഖ്യാപിച്ചെങ്കിലും മൂന്നോ നാലോ മാസമെടുക്കും ഔദ്യോഗികമായി താഴിടാന്‍. എന്നാല്‍ വാച്ച് നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും നിര്‍ത്തും.
1961 ലാണ് ഇന്ത്യയുടെ സ്വന്തം എച്ച്.എം.ടി വാച്ചസ് പ്രവര്‍ത്തനം തുടങ്ങിയത്. ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്നായിരുന്നു എച്ച്.എം.ടി ബാംഗ്ലൂരില്‍ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ റിസ്റ്റ് വാച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്തിറക്കി. ചിലവ് കുറഞ്ഞ റിസ്റ്റ് വാച്ചുകളിലൂടെ ജോലിക്കാരെ കൃത്യമായി ജോലിക്കെത്തിക്കുക എന്ന ആശയവും നെഹ്‌റുവിനുണ്ടായിരുന്നു.
എച്ച്.എം.ടി ജനതയായിരുന്നു കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡല്‍. എച്ച്.എം.ടി പൈലറ്റ്. എച്ച്.എം.ടി ഝലക്, എച്ച്.എം.ടി സൊണ, എച്ച്.എം.ടി ബ്രെയില്‍ എന്നിവയെല്ലാം ഇന്ത്യക്കാരന്‍ കൈയില്‍ അഭിമാനത്തോടെ കെട്ടി നടന്നവയാണ്. ഇന്ത്യന്‍ പേരുകളിലാണ് ഭൂരിഭാഗം മോഡലുകളും ഇറക്കിയത്. ബുക്ക് ചെയ്ത് 10 മാസംവരെ എച്ച്.എം.ടി വാച്ചുകള്‍ക്കായി കാത്തിരിക്കേണ്ടി വന്ന ഇന്നലകളില്‍ നിന്നാണ് ബ്രാന്‍ഡ് തന്നെ അന്യമായി മാറുന്ന വര്‍ത്തമാനകാലത്തിലേക്ക് എത്തിയത്.
ബാംഗ്ലൂരിന് പുറമെ തുംകൂരിലും ഫാക്ടറി തുറന്നു. ക്വാര്‍ട്ട്‌സ് അനലോഗ് വാച്ചുകള്‍ തംകൂരിലെ യൂണിറ്റിലാണ് ഉണ്ടാക്കിയിരുന്നത്. 1985 ല്‍ ക്ലോക്ക് നിര്‍മ്മാണവും തുടങ്ങി.
സ്വകാര്യ കമ്പനികള്‍ വിലകുറച്ച് വാച്ചുകള്‍ ഇറക്കി തുടങ്ങിയതോടെയാണ് എച്ച്.എം.ടിയുടെ ആധിപത്യത്തിന് തിരിച്ചടിയേറ്റത്. 2000 ത്തിന് ശേഷം കമ്പനി നാള്‍ക്കുനാള്‍ നഷ്ടത്തിലേക്ക് വീണു, അനിവാര്യമായ അന്ത്യത്തിലേക്കും.
കഞ്ചന്‍ മോഡല്‍
എച്ച്.എം.ടിയുടെ ഓട്ടോമാറ്റിക് മോഡലായ കഞ്ചന്‍ സ്ത്രീധന വാച്ചായും അറിയപ്പെട്ടു. എച്ച്.എം.ടി ഷോറൂമുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാഷ് ട്രീയനേതാക്കളുടെ കത്തുമായി കഞ്ചന്‍ വാച്ചിനായി കാത്തുനിന്ന കാലം പഴയ തലമുറയുടെ ഓര്‍മ്മിയുലുണ്ടാകും
ഡിജിറ്റല്‍ ക്രോണോഗ്രാഫുള്ള എച്ച്.എം.ടിയുടെ ആദ്യവാച്ചായിരുന്നു ആസ്ട്ര മോഡല്‍. പൈലറ്റ്, ജവാന്‍, സൈനിക്, രക്ഷക് എന്നീ മോഡലുകള്‍ സൈന്യത്തിന്റെ പര്യായമായ മോഡലുകളായിരുന്നു.
മിലിട്ടറി വാച്ചുകളൊന്നുമല്ല ഇവയെങ്കിലും അവ കൂടുതലും മൂന്നു സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി നല്‍കിയവയാണ്. എച്ച്.എം.ടിയുടെ ആദ്യത്തെ വാച്ചുകളില്‍ ഒന്നായ ജനത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മോഡലായിരുന്നു.
അംബാസിഡര്‍ കാര്‍, ഇപ്പോള്‍ എച്ച്.എം.ടി വാച്ചുകള്‍. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന രണ്ട് ബ്രാന്‍ഡുകള്‍ അങ്ങനെ ഓര്‍മ്മയായി. അംബാസിഡറിന്റെ തകര്‍ച്ചയ്ക്ക് സമാനമാണ് എച്ച്.എം.ടിയിലും സംഭവിച്ചത്. കാലത്തിന് അനുസരിച്ച് മാറാനുള്ള വൈമുഖ്യവും വിദേശ ബ്രാന്‍ഡുകളോടുള്ള പ്രതിപത്തിയും കാരണങ്ങളായി.
ആല്‍വിനും ടൈറ്റനും വന്നപ്പോള്‍ ഇന്ത്യക്കാരന്‍ എച്ച്.എം.ടിയെ മറന്നു തുടങ്ങി. ദിവസവും കീകൊടുത്ത് ഉപയോഗിച്ചിരുന്ന വാച്ചുകളില്‍ നിന്ന് ബാറ്ററില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലേക്ക് മാറി വിപ്ലവകരമായ ഫാഷന്റെ പിറവി കൂടി വന്നപ്പോള്‍ എച്ച്.എം.ടി അതിലേക്ക് മാറാനാകാതെ പകച്ചുനിന്നു. ഇപ്പോഴിതാ ലോകം സ്മാര്‍ട്ട്‌വാച്ചുകളുടെ യുഗത്തിലേക്ക് കാല്‍കുത്തുകയും ചെയ്തിരിക്കുന്നു.