1/12/2016

ആയുര്‍വേദത്തിന് അംഗീകാരം: ഖത്തറിലേക്ക് ഇന്ത്യന്‍ നിക്ഷേപം ഒഴുകും

ആയുര്‍വേദത്തിന് അംഗീകാരം: ഖത്തറിലേക്ക് ഇന്ത്യന്‍ നിക്ഷേപം ഒഴുകും

ദോഹ: ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ഖത്തറില്‍ അംഗീകാരം നല്‍കിയത് കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരം ഉണ്ടാക്കും. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ പരമ്പരാഗത ആയുര്‍വേദ ചികിത്സകര്‍ ഖത്തറിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അവരുടെ ചികിത്സാ സഹായികള്‍ക്കും തൊഴില്‍ അവസരവും ഖത്തറില്‍ കൂടുമെന്നാണ് കണക്കാക്കുന്നത്.
ഖത്തറില്‍ 45 ശതമാനം പേരും ആയുര്‍വേദ ചികിത്സയെ ക്കുറിച്ച് അറിയുന്നവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരും ആണെന്ന് കോട്ടക്കല്‍ മസാജ് സെന്ററിലെ ഡോ. ഹസീഫ് പറയുന്നു. ആയുര്‍വേദ മരുന്ന് കടത്താന്‍ അനുമതി ലഭിക്കുന്നതോടെ ഈ ചികിത്സാമേഖലയില്‍ വലിയമാറ്റം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഖത്തറില്‍ നിന്ന് ഉള്‍പ്പെടെയുള്ള രോഗികള്‍ ആയുര്‍വേദ ചികിത്സയ്ക്ക് കേരളത്തില്‍ എത്തുന്നുണ്ടെന്നും പുതിയ തീരുമാനം വഴി ഖത്തറില്‍ ആ ചികിത്സയ്ക്ക് വന്‍ പ്രചാരം ലഭിക്കുമെന്നും തെക്കേ ഇന്ത്യയിലെ ഒരു ആയുര്‍വേദ ആസ്​പത്രി ഡയറക്ടര്‍ ശരത്കുമാര്‍ പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആണെന്നതും അതിന്റെ പ്രചാരം കൂട്ടുമെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.

ആയുര്‍വേദവുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാരത്തിന് ഇന്ത്യയില്‍ നല്ല പ്രചാരമാണ്. അത് ഖത്തറിലേക്കും വ്യാപിപ്പിക്കാനാകുമെന്നതാണ് പുതിയ തീരുമാനത്തിന്റെ മറ്റൊരു ഫലം. മാരക രോഗങ്ങള്‍ പോലും ആയുര്‍വേദത്തിലൂടെ മാറ്റിയെടുക്കാമെന്നത് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവരാണ് ഗള്‍ഫിലുള്ളവരെന്ന് ആയുര്‍വേദ ഡോക്ടര്‍ മുനീറ ഷിറാസ് പറയുന്നു. ആയുര്‍വേദ രംഗത്ത് അംഗീകൃത യോഗ്യത നേടിയവര്‍ക്ക് ഇത് പുതിയ അവസരമാണ് തുറന്ന് നല്‍കുന്നത് എന്നും അവര്‍ പറഞ്ഞു.

സ്വാഗതാര്‍ഹമായ തീരുമാനം -ഇന്ത്യന്‍ സ്ഥാനപതി
പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതി അംഗീകരിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അതുവഴി കഴിയുമെന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ അഭിപ്രായപ്പെട്ടു.

ആയുര്‍വേദ ചികിത്സ തേടി ധാരാളം ജനങ്ങള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഖത്തറില്‍ തന്നെ ആ ചികിത്സ ലഭ്യമാക്കാന്‍ ഈ തീരുമാനം വഴി കഴിയും. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയവും ഖത്തര്‍ ആരോഗ്യ ഉന്നതാധികാര സമിതിയും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തീരുമാനം വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുര്‍വേദത്തിനുള്ള അംഗീകാരം ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരത്തിന് തുല്യമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.ആര്‍.ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ മേഖലയിലെ ഇന്ത്യന്‍ വമ്പന്‍ കമ്പനികള്‍ ഖത്തറിലേക്കും ഉടന്‍ എത്തും. അത് കൂടുതല്‍ തൊഴില്‍ അവസരം ഉണ്ടാക്കും. ഇന്ത്യയിലെ ഔഷധസസ്യക്കൃഷിയില്‍ ഉണര്‍വുണ്ടാക്കാാനും പ്രാദേശിക സാമ്പത്തികഘടനയ്ക്ക് കൈത്താങ്ങാകാനും തീരുമാനം വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1