വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയന്‍ മേഖലയില്‍നിന്ന് പുതിയ പക്ഷിയിനത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 'ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ്' ( Himalayan Forest Thrush ) എന്ന പക്ഷി പുതിയ ഇനമാണെന്ന് സൂചന നല്‍കിയത് അതിന്റെ ശബ്ദത്തിലെ വ്യത്യാസമാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം രാജ്യത്ത് തിരിച്ചറിയുന്ന നാലാമത്തെ പക്ഷിയിനമാണിത്. പ്രശസ്ത പക്ഷിഗവേഷകന്‍ സാലിം അലിയുടെ പേരിലുള്ള ശാസ്ത്രനാമമാണ് അതിന് നല്‍കിയത് - 'സൂത്തെറ സാലിമലീ' ( Zoothera salimalii ) എന്ന്.
സ്വീഡനില്‍ ഉപ്‌സല സര്‍വകലാശാലയില്‍ നിന്നുള്ള ഡോ.പെര്‍ ആല്‍സ്‌ട്രോം, ബെംഗളൂരുവില്‍ വൈല്‍ഡ്‌ലൈഫ് ബയോളജി ആന്‍ഡ് കണ്‍സര്‍വേഷനിലെ മുംബൈ സ്വദേശിയായ ശശാങ്ക് ഡെല്‍വി എന്നിവരാണ് പുതിയ പക്ഷിയെ തിരിച്ചറിഞ്ഞത്.
ഇത്രകാലവും 'പ്ലെയ്ന്‍-ബാക്ക്ഡ് ത്രഷ്' ( Plain-backed Thrush ) എന്ന പക്ഷികളുടെ കൂട്ടത്തില്‍പെട്ടവയായി ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ് പക്ഷികളും തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍, ഹിമാലയന്‍ ഫോറസ്റ്റ് ത്രഷുകളുടെ ശബ്ദം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതാണ്, ആല്‍സ്‌ട്രോമിനെയും ഡെല്‍വിയെയും ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് നയിച്ചത്.
Himalayan Forest Thrush
ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ് ( സൂത്തെറ സാലിമലീ). ചിത്രം കടപ്പാട്: Craig Belsford
രണ്ട് വിഭാഗം പക്ഷികളുടെയും പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് താരതമ്യം ചെയ്തപ്പോള്‍, അവ തമ്മില്‍ ശരിക്കും വ്യത്യാസമുണ്ടെന്ന് ഗവേഷകര്‍ കണ്ടു. അതെത്തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തിയപ്പോള്‍, ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ് പക്ഷികളുടെ ആവാസവ്യവസ്ഥയിലും വ്യത്യാസമുള്ളതായി മനസിലായി.
ഈ നിരീക്ഷണങ്ങളുടെ അടുത്ത പടി എന്ന നിലയ്ക്ക് യു.എസ്, ബ്രിട്ടണ്‍, ചൈന എന്നിങ്ങനെ 15 രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്‌പെസിമിനുകള്‍ പരിശോധിച്ചു. ഇരുവിഭാഗം പക്ഷികളുടെയും തൂവല്‍ശ്രേണിയിലും ശരീരഘടനയിലും വ്യത്യാമുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
Himalayan Forest Thrush
പുതിയ പക്ഷിയിനത്തെ കണ്ടെത്തിയ ഹിമാലയന്‍ പ്രദേശം. ചിത്രം കടപ്പാട്: Per Alström
കിഴക്കന്‍ ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന ആ പക്ഷികള്‍ പുതിയ ഇനമാണെന്നും അവയ്ക്ക് പേരില്ലെന്നും ഗവേഷകര്‍ക്ക് മനസിലായി.  അങ്ങനെ ആ ഇനത്തിന് ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ് എന്ന് പേര് നല്‍കി. മാത്രമല്ല, പ്ലെയ്ന്‍-ബാക്ക്ഡ് ത്രഷ് പക്ഷിയെ 'ആല്‍പൈന്‍ ത്രഷ്' (  Alpine Thrush ) എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
'ഏവിയന്‍ റിസര്‍ച്ച്' ജേര്‍ണലിലാണ് പുതിയ പക്ഷിയനത്തെ സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.