പെട്രോളിനും
ഡീസലിനും വില കൂടുമ്പോള്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടിനേപ്പറ്റി
ആലോചിച്ചുനോക്കൂ. സാധനങ്ങളുടെയെല്ലാം വില കൂടുകയായി; ഓട്ടോറിക്ഷയുടേയും
ടാക്‌സിയുടേയും ബസ്സിന്റെയും യാത്രാനിരക്കും വര്‍ധിക്കും. കുടുംബ ബജറ്റ്
താളംതെറ്റും. ഇതൊന്നും കൂടാതെയാണ് വിലവര്‍ധനയ്‌ക്കെതിരെയുള്ള ഹര്‍ത്താലും
സമരവുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും. ശരിക്കു പറഞ്ഞാല്‍
ഇന്ന് ലോകംതന്നെ ഓടുന്നത് പെട്രോളിയത്തിന്റെ സഹായത്താലാണ്.
ആ
നിലയ്ക്ക് പെട്രോളിയം ഉത്പ്പന്നങ്ങള്‍ കിട്ടാതെ വരുന്ന ഒരു
സാഹചര്യത്തെപ്പറ്റി ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? അങ്ങിനെയൊന്നും
സംഭവിക്കില്ല എന്നായിരിക്കും പലരുടെയും സങ്കല്‍പ്പം. പക്ഷേ, അത് സത്യമാണോ?
ഇന്ത്യയുള്‍പ്പടെ
മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പ്പും വളര്‍ച്ചയും ഇന്ന്
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓട്ടോമൊബൈല്‍
വ്യവസായമാണ് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ നയിക്കുന്നത് എന്നാണ്
സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിശ്വാസം. എന്നാല്‍, പരിമിതമായ വസ്തുവാണ്
പെട്രോളിയമെന്നോ, അതൊരിക്കല്‍ തീര്‍ന്നുപോകാമെന്നോ ഉള്ള ചിന്തയേ
ഇല്ലാതെയാണ് നാമളത് ചെലവഴിക്കുന്നത്.
വാഹനം ഓടിക്കുന്നതിനും മറ്റും
മാത്രമല്ല, നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന 'ഇംഗ്ലിഷ് മരുന്നുകളും'
രാസവളങ്ങളും പ്ലാസ്റ്റിക്കിലുള്ള വീട്ടുപകരണങ്ങളും മറ്റനേകം വസ്തുക്കളും
നിര്‍മിക്കുന്നതിനും പെട്രോളിയം ആവശ്യമാണ്.
പെട്രാളിയം
ഭൂമിയില്‍നിന്ന് കുഴിച്ചെടുക്കുന്നതാണല്ലോ. അതെങ്ങനെ ഭൂമിക്കുള്ളില്‍
ഉണ്ടായി? നമ്മള്‍ ഇന്ന് പെട്രോളിയം ഉപയോഗിക്കുന്ന തോതിലാണെങ്കില്‍, എത്ര
കാലത്തേക്ക് അത് തികയും? ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിള്‍ പെട്രോളിയം
തീര്‍ന്നുപോകുമെന്ന് പറയുന്നതില്‍ സത്യമുണ്ടോ? തീര്‍ന്നുപോയാല്‍
മനുഷ്യരെന്ത് ചെയ്യും?
ഈ ചോദ്യങ്ങളൊക്കെ വളരെ പ്രസക്തമാണ്, പ്രധാനപ്പെട്ടതാണ്. പെട്രോളിയത്തിന്റെ ഉറവിടം
വിക്കിപ്പീഡിയ
പറയുന്നതനുസരിച്ച്, 1546 ല്‍ ജോര്‍ജിയസ് അഗ്രികോള (ആദ്യനാമം ജോര്‍ജ്
പവര്‍) എന്ന ജര്‍മ്മന്‍ ധാതുശാസ്ത്രജ്ഞനാണ് പെട്രോളിയം എന്ന പദം ആദ്യമായി
ഉപയോഗിച്ചത്.
ആല്‍ഗകള്‍ പോലുള്ള കടലിലെ സൂക്ഷ്മജീവികള്‍
സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ക്രമേണ ഭൂമിക്കുള്ളിലേക്ക്
കടന്ന് അവിടുത്തെ ശക്തമായ ചൂടിലും മര്‍ദ്ദത്തിലും പെട്രോളിയമായി മാറി
എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
അങ്ങനെയല്ല,
ജൈവവസ്തുക്കളില്ലാതെയാണ് പെട്രോളിയമുണ്ടായത് എന്ന് ചില സോവിയറ്റ്
ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദഗതിക്ക് 1999 ല്‍ പുതുജീവന്‍
ലഭിച്ചു. ആ വര്‍ഷം ഏപ്രില്‍ 16 ലെ വാള്‍സ്ട്രീറ്റ് ജേണലില്‍ ഒരു
അത്ഭുതസംഭവത്തേപ്പറ്റി ക്രിസ് കൂപ്പറിന്റെ ഒരു ലേഖനം വന്നു. യൂജീന്‍
ദ്വീപിലെ എണ്ണക്കിണറിനെക്കുറിച്ചായിരുന്നു അത്.
1873 ല്‍ കുഴിച്ച 'യൂജീന്‍ ദ്വീപ് 330' ( Eugene Island 330 )
എന്ന പേരിലറിയപ്പെടുന്ന എണ്ണക്കിണറില്‍ നിന്നുള്ള ഉല്‍പ്പാദനം
സാധാരണഗതിയിലെന്നപോലെ ഉയര്‍ന്ന് പ്രതിദിനം 15,000 ബാരലുകള്‍ വരെയായി.
പിന്നീട്, എപ്പോഴും സംഭവിക്കുന്നതുപോലെ അത് കുറഞ്ഞുവരികയും 1999
ആയപ്പോഴേക്ക് വെറും 4000 ബാരലായി. പിന്നീടങ്ങോട്ട് അത്ഭുതമാണ് സംഭവിച്ചത്.
ആയുസ്സ് കഴിഞ്ഞു എന്ന് കരുതിയിരുന്ന ആ എണ്ണക്കിണറില്‍നിന്ന് ഉല്‍പ്പാദനം
വര്‍ധിക്കുകയും 1999 ആയപ്പോഴേക്ക് പ്രതിദിനം 13,000 ബാരലുകളാകുകയും ചെയ്തു.
ഭൂമിയുടെയുള്ളില്‍ ഉത്ഭവിക്കുന്ന എണ്ണ ക്രമേണ പുറത്തേക്കുവന്ന്
എണ്ണക്കിണറില്‍ നിറഞ്ഞതാണെന്നാണ് ക്രിസ് കൂപ്പര്‍ സമര്‍ഥിക്കാന്‍
ശ്രമിച്ചത്. പക്ഷേ, ശാസ്ത്രീയമായ തെളിവുകളില്ലാത്തതിനാല്‍ ഈ സിദ്ധാന്തം
അധികമാരും അംഗീകരിച്ചില്ല.
ലക്ഷക്കണക്കിന്
വര്‍ഷം മുമ്പുള്ള ആല്‍ഗകളില്‍നിന്നും മറ്റുമാണ് എണ്ണയുണ്ടായത് എന്ന
സിദ്ധാന്തം സത്യമാണെങ്കില്‍ ഭൂമിയിലുള്ള പെട്രോളിയത്തിന് പരിധി ഉണ്ടായേ
തീരൂ. മനുഷ്യജീവിതത്തിന്റെ കാലയളവിലെങ്കിലും അത് പുനരുല്‍പ്പാദിപ്പിക്കാന്‍
സാദ്ധ്യമല്ല എന്നു തീര്‍ത്തും പറയാം.
നമ്മള്‍ ഇന്ധനങ്ങള്‍
ഉപയാഗിക്കുമ്പോള്‍ അവ എരിഞ്ഞ് തീരും. വെള്ളമോ മറ്റു വസ്തുക്കളോ
ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നില്ല. അവയില്‍ പലതും
പുനരുല്‍പ്പാദിപ്പിക്കാനാകുന്ന വസ്തുക്കളാണ്. പെട്രോളിയം അങ്ങനെയല്ല. അത്
ഒരു ദിവസം ഇല്ലാതെയാകും. എങ്കില്‍ എന്നായിരിക്കും അത് സംഭവിക്കുക?
പെട്രോളിയത്തിനു പകരം ഉപയോഗിക്കാവുന്ന വല്ലതുമുണ്ടോ?
സുപ്രധാനമായ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്താണെന്ന് നമുക്ക് പരിശോധിക്കാം. പീക് എണ്ണ (Peak Oil)
പെട്രോളിയം
ഉല്‍പ്പാദനത്തിന്റെ ഒരു ഗണിതശാസ്ത്ര മാതൃക 1956 ല്‍ കിങ് ഹബ്ബര്‍ട്ട്
(King Hubbert) എന്ന എഞ്ചിനീയര്‍ അവതരിപ്പിക്കുകയുണ്ടായി.
എണ്ണക്കിണറില്‍നിന്നുള്ള ഉല്‍പ്പാദനം ആദ്യം ക്രമേണ വര്‍ധിക്കുകയും പരമാവധി എത്തിയ ശേഷം അതേപോലെ കുറഞ്ഞുവരികയും ചെയ്യുന്ന മോഡലായിരുന്നു അത്.
ഒരു
എണ്ണക്കിണറിന്റെ കാര്യത്തിലായാലും ഒരു പ്രദേശത്തിന്റെ കാര്യത്തിലായാലും
ഒരു രാജ്യത്തിന്റെ കാര്യത്തിലായാലും ഈ മോഡല്‍ തൃപ്തികരമാണ് എന്ന് അനുഭവം
കാണിക്കുന്നു. ലോകത്തിന്റെ മൊത്തം കാര്യത്തിലും ഇത് സത്യമാവാം എന്ന്
വിശ്വസിക്കപ്പെടുന്നു.
ഹബ്ബര്‍ട്ടിന്റെ മാതൃക എണ്ണയ്ക്ക് മാത്രമല്ല
തീര്‍ന്നു പോകാവുന്ന ഏത് വിഭവത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന്
ശാസ്ത്രജ്ഞര്‍ കരുതുന്നു (ഉദാഹരണമായി ശുദ്ധജലത്തിന്റെ കാര്യത്തില്‍ ലോകത്തെ
പല പ്രദേശങ്ങളും ഇപ്പോള്‍ താഴോട്ടുള്ള ഘട്ടത്തിലാണ് എന്ന് ഒരു പഠനങ്ങള്‍
കാണിക്കുന്നു). ഹബ്ബര്‍ട്ടിന്റെ സിദ്ധാന്തമനുസരിച്ച് എണ്ണയുല്‍പ്പാദനം
എങ്ങിനെ ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യും എന്ന് ചുവടെ
ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.
2062
നും 2094 നും മധ്യേ പെട്രോളിയം തീര്‍ന്നുപോകുമെന്ന് 1999 ല്‍ അമേരിക്കന്‍
പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഒരു ലക്ഷത്തി
നാല്‍പ്പതിനായിരം കോടി ബാരലിനും രണ്ടുലക്ഷം കോടി ബാരലിനും ഇടയ്ക്കാണ്
ഭൂമിയില്‍ ആകെയുള്ള എണ്ണയുടെ അളവെന്നും ദൈനംദിന ഉപഭോഗം ഏതാണ്ട് എട്ടുകോടി
ബാരലുകളാണെന്നുമുള്ള കണക്കിനെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ കാലഘട്ടം
അവര്‍ നിര്‍ണയിച്ചത്. 2004 ല്‍ ഈ കണക്കുകള്‍ പുനഃപരിശോധിച്ചപ്പോള്‍
ഭൂമിയില്‍ ലഭ്യമായത് ഒന്നേകാല്‍ ലക്ഷംകോടി ബാരല്‍ എണ്ണ മാത്രമാണെന്നും
ദൈനംദിന ഉപഭോഗം എട്ടര കോടി ബാരല്‍ ആയിട്ടുണ്ടെന്നും മനസിലായി.
ഏറ്റവും
ഒടുവിലത്തെ കണക്കനുസരിച്ച് 2013 ലെ ആഗോള പ്രതിദിന ഉപഭോഗം 9,03,54,000
ബാരലാണ്. ഇതനുസരിച്ചു് 2057 ല്‍ പെട്രോളിയം തീരണം എന്നവര്‍ കണക്കാക്കി.
എന്നാല്‍ യു.എസ്. ഊര്‍ജ്ജവിവരസംഘടന ( US Energy Information Administration
) പറഞ്ഞത് 2015 ആകുമ്പോഴേക്ക് പ്രതിദിന ഉപഭോഗം നൂറു കോടി ബാരലോളം
ആകുമെന്നും 2030 ല്‍ 118 കോടി കവിയുമെന്നുമാണ്.
ഇന്ത്യയും ചൈനയും
പോലെയുള്ള ജനസംഖ്യ കൂടിയ രാഷ്ട്രങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോള്‍
എണ്ണയുടെ ഉപഭോഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുമല്ലോ. 2030
ലോ അതിനു മുമ്പുതന്നെയോ പെട്രോളിയത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞു തുടങ്ങും
എന്നു പല വിദഗ്ദരും വിശ്വസിക്കുന്നു. ഉല്‍പ്പാദനം കുറയുകയും ഉപഭോഗം
അതിനനുസരിച്ച് കുറയാതിരിക്കുകയും ചെയ്താല്‍ വില കൂടുമല്ലോ.
പല
എണ്ണപ്പാടങ്ങളിലെയും ഉല്‍പ്പാദനം ഇപ്പോഴേ കുറഞ്ഞു തുടങ്ങിയെന്നാണ്
റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പെട്രോളിയത്തിന്റെ വില
ഉയര്‍ന്നുകൊണ്ടിരിക്കും എന്നാണ് കരുതേണ്ടത്.
കിണറുകളില്‍
അവശേഷിക്കുന്ന എണ്ണയുടെയും പ്രതിദിന ഉല്‍പ്പാദനത്തിന്റെയും കണക്കുകള്‍ പല
രാജ്യങ്ങളും നല്‍കുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പറ്റില്ല എന്ന്
അഭിപ്രായമുള്ള വിദഗ്ധരുണ്ട്. എണ്ണ ഖനനം ചെയ്യുന്ന ചില പ്രമുഖ
രാഷ്ട്രങ്ങളില്‍ അവര്‍ അവകാശപ്പെടുന്നത്രയും എണ്ണ വാസ്തവത്തില്‍ ഇനി
ബാക്കിയുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്തായാലും, എണ്ണയുടെ അളവ്
രാജ്യങ്ങള്‍ അവകാശപ്പെടുന്നതിനേക്കാള്‍ കുറവാകാനേ സാധ്യതയുള്ളൂ. അതുകൊണ്ട്
എണ്ണ ഇനി എത്ര കാലത്തേയ്ക്ക് ശേഷിക്കും എന്ന് കൃത്യമായി കണക്കാക്കാനാവില്ല
എന്നവര്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള പെട്രോളിയത്തിന്റെ അളവ് എണ്ണ വേഗം തീര്‍ന്നുപോകും എന്ന് കരുതുന്നത് തന്നെയാണ് നമ്മുടെ
ഭാവിക്കും നല്ലത്. എണ്ണ ലഭ്യമല്ലാതാകുന്ന ഒരു ദിവസത്തേക്ക് നമ്മള്
നേരത്തേതന്നെ തയാറായി ഇരിക്കുന്നതാവില്ലേ, അങ്ങനെ ഒരു സാഹചര്യം
പെട്ടെന്നുണ്ടാകുന്നതിനേക്കാള്‍ ഭേദം? മാത്രമല്ല, നാം അങ്ങനെ ചിന്തിച്ചു
തുടങ്ങിയാല്‍ പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാനും മറ്റ്
ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കാനുമുള്ള താല്‍പ്പര്യവും
ശ്രമങ്ങളും ഊര്‍ജ്ജിതമാകുകയും ചെയ്യും. ഇത് ആഗോളതാപനത്തിനും
വായൂമലിനീകരണത്തിനും ശമനം വരുത്താന്‍ സഹായിക്കും.
എണ്ണയുടെ
ഉല്‍പ്പാദനം കുറഞ്ഞു തുടങ്ങുമ്പോള്‍ എന്തു സംഭവിക്കും? എണ്ണയുടെ വില
നിയന്ത്രണാതീതമായി കൂടുക എന്നതായിരിക്കും സ്വാഭാവികമായും ആദ്യം
സംഭവിക്കുക.
പെട്രോളിയത്തിന്റെ വിലവര്‍ധന വിവിധ രംഗങ്ങളെ
ബാധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതനുസരിച്ച്
യാത്രാച്ചെലവും ചരക്ക് കടത്തുചെലവും കൂടുന്നത് നാം ഇടയ്ക്കിടയ്ക്ക്
അനുഭവിക്കുന്നതാണല്ലോ. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്
ബുദ്ധിമുട്ടാകും (ഇപ്പോള്‍ തന്നെ രംഗത്തെത്തി തുടങ്ങിയിട്ടുള്ള,
വൈദ്യുതിയുപയോഗിക്കുന്ന വാഹനങ്ങള്‍ ഒരളവുവരെ സഹായകമാകാം. എന്നാല്‍
അവയ്ക്കും പരിമിതികളുണ്ട്). ഇന്ധനച്ചെലവ് കുറയ്ക്കാനുള്ള
മാര്‍ഗ്ഗങ്ങളാരായാന്‍ പൊതുജനങ്ങളും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും
സര്‍ക്കാരുമെല്ലാം കാര്യമായി ശ്രമിക്കേണ്ടി വരും. രണ്ടാം
ലോകമഹായുദ്ധകാലത്ത് ഇന്ധനോപയോഗം കുറയ്ക്കാനായി പല രാഷ്ട്രങ്ങളും
ഉപയോഗിച്ചതുപോലെ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഇനിയും അവലംബിക്കേണ്ടി വരും. ലോകമഹായുദ്ധകാലത്ത് പെട്രോള്‍ച്ചെലവ് ചുരുക്കുന്നതിന് അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന പരസ്യം വിമാനവും കപ്പലും ഓടിക്കുന്നതെങ്ങനെ എന്നതും പ്രശ്‌നമാണ്.
ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ ഇവ ഓടിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം
കണ്ടെത്താന്‍ കഴിഞ്ഞേക്കും. സൗരോര്‍ജ്ജത്താല്‍ പറക്കുന്ന ഒരു ചെറുവിമാനം
അടുത്തകാലത്തല്ലേ നമ്മുടെ രാജ്യത്തുകൂടി കടന്നു പോയത്. എന്നാല്‍ വലിയ ഭാരം
വഹിക്കുന്ന വിമാനങ്ങളോ കപ്പലുകളോ ചലിപ്പിക്കുന്നതിന് വൈദ്യുതി
ഉപയോഗിക്കുന്നത് ഇപ്പോഴത്തെ സാങ്കേതികവിദ്യയുപയോഗിച്ച് സാധ്യമല്ല.
പെട്രോളിയത്തിനു പകരം ഉപയോഗിക്കാവുന്ന മറ്റൊരു വസ്തു കണ്ടെത്തുക എന്നതാണ്
ഒരു സാധ്യത. മരുന്നുകളും മറ്റു രാസവസ്തുക്കളും
പെട്രോളിയം
ഇല്ലാതായിത്തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങള്‍
പരിശോധിക്കാം. പെട്രോളിയത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍,
രാസവളങ്ങള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ പല
വസ്തുക്കളുടെയും വില വര്‍ധിക്കാം.
ഇവയില്‍ ചില വസ്തുക്കളുടെ
ഉല്‍പ്പാദനം പെട്രോളിയമില്ലാതെ സാധ്യമാകുമെങ്കിലും അതിന് ചെലവ്
കൂടുതലാകും. പെട്രോളിയത്തിന്റെ വില കൂടുമ്പോള്‍ ആ മാര്‍ഗങ്ങള്‍ താരതമ്യേന
ലാഭകരമാകാം. പക്ഷേ, ചരക്കുകൂലി വര്‍ധിക്കുന്നതും വിലയെ ബാധിക്കുമല്ലോ.
അതുകൊണ്ട് നമ്മള്‍ ജീവിക്കുന്ന സ്ഥലത്തിന് കഴിയുന്നതും അടുത്തുള്ള
പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതാവും ലാഭകരം.
പെട്രോളിയത്തിനു
പകരം ജൈവഡീസല്‍ (ചെടികളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ) എന്നൊരാശയം
കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. പെട്രോളിയത്തിന്റെ വില വര്‍ധിച്ചു
വരുമ്പോള്‍, കൂടുതല്‍ ലാഭം പ്രതീക്ഷിച്ച്, ഭക്ഷ്യവസ്തുക്കള്‍ക്ക് പകരം
ജൈവഡീസലിന്റെ ഉല്പാദനത്തിനാവശ്യമായ ചെടികള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍
ഒരുങ്ങിയേക്കാം. ഇത് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കുറയ്ക്കും.
രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കൂടുന്നതും ഗതാഗതത്തിനുള്ള ചെലവ്
കൂടുന്നതും ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ കാരണമാകുന്നതിന് പുറമേയാണിത്.
ഇതിന്റെ ഫലമായി ലോകത്തെല്ലായിടത്തും പട്ടിണിയും ഭക്ഷ്യക്ഷാമവും
വര്‍ധിക്കും.
വൈദ്യുതിയുടെ ലഭ്യതയാണ് മറ്റൊരു പ്രശ്‌നം. ജലവൈദ്യുത
നിലയങ്ങള്‍ കുറേക്കാലം കൂടി നിലനില്ക്കുമെന്ന് കരുതാം. എന്നാല്‍
പെട്രോളിയം ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതനിലയങ്ങള്‍
ഉപേക്ഷിക്കേണ്ടി വരും. ഇതു് നമ്മുടെ ഊര്‍ജ്ജലഭ്യതയെ ബാധിക്കുമെന്ന്
ഉറപ്പാണല്ലോ.
സൗരോര്‍ജ്ജമാണ് ഒരു ബദല്‍ സാധ്യത. എന്നാല്‍ ഇന്നത്തെ
തോതില്‍ വൈദ്യുതി ഉപയോഗിക്കണമെങ്കില്‍ വലിയ ഭൂഭാഗങ്ങള്‍ തന്നെ സൗരോര്‍ജ
സെല്ലുകള്‍കൊണ്ട് മൂടേണ്ടി വരും. അങ്ങനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ
വിലയും പ്രശ്‌നമായിരിക്കും. മാത്രമല്ല, അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍
എന്താകാമെന്ന് അനുഭവത്തില്‍ നിന്നേ മനസിലാവൂ. കാറ്റില്‍നിന്ന് വൈദ്യുതി
ഉത്പാദനവും പകരം പോംവഴിയല്ല. അതിന് നല്ലപോലെ കാറ്റ് വീശണം. മാത്രമല്ല,
കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് പരിധിയുണ്ട്.
അവശേഷിക്കുന്ന
മാര്‍ഗം ആണവോര്‍ജമാണ്. എന്നാല്‍, അതില്‍ വളരെയധികം അപകടങ്ങള്‍
ഒളിച്ചിരിക്കുന്നുണ്ട്. ആണവോര്‍ജ്ജം കാര്യമായിത്തന്നെ വികസിപ്പിച്ചിരുന്ന
പല രാഷ്ട്രങ്ങളും ഇപ്പോള്‍ ഒന്നുകൂടി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വിശേഷിച്ച് ചെര്‍ണോബിലും ജപ്പാനിലെ ഫുകുഷിമ റിയാക്ടര്‍ അപകടവും അടക്കം
ചെറുതും വലുതുമായ അപകടങ്ങളേക്കുറിച്ചുള്ള വിവരങ്ങല്‍ ജനങ്ങള്‍ അറിഞ്ഞതിന്റെ
പശ്ചാത്തലത്തില്‍. പീക് എണ്ണ മരിച്ചോ?
കിങ്
ഹബ്ബര്‍ട്ടിന്റെ ആശയം അടിസ്ഥാനമാക്കി പെട്രോളിയം തീര്‍ന്നുപോകും എന്ന
ഭീതി പരത്തിയവര്‍ക്ക് തെറ്റുപറ്റിയെന്നും പെട്രോളിയം ഉടനെയെങ്ങും തീരില്ല
എന്നും ഒരു ഘട്ടത്തില്‍ ചിലരൊക്കെ പ്രസംഗിക്കുകയും ലേഖനങ്ങളെഴുതുകയും
ചെയ്തു. അമേരിക്കയിലെ 'ടൈം' വാരികപോലും 2013 മെയ് 5 ന് പീക് എണ്ണയുടെ മരണത്തേപ്പറ്റി ലേഖനമെഴുതി.
അതോടെ
എണ്ണയെസംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് പലരും വിശ്വസിച്ചു.
വിശേഷിച്ച് എണ്ണക്കമ്പനിയില്‍ താല്‍പ്പര്യമുള്ളവരും പ്രകൃതിസ്‌നേഹികള്‍
'പുരോഗതി'ക്ക് തടസ്സമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ളവരും.
ഇതിനൊരു കാരണം കൂടിയുണ്ട്. ഭൂമിക്കടിയിലുള്ള ഒരുതരം പാറയില്‍ ഒളിഞ്ഞിരിക്കുന്ന കെറോജന്‍ ( Kerogen ) എന്ന പദാര്‍ഥത്തെ
പുറത്തെടുക്കാനുള്ള സാങ്കേതികവിദ്യ അമേരിക്കയില്‍ വികസിപ്പിച്ചു. കാലിയായി
എന്നു കരുതിയിരുന്ന ചില എണ്ണക്കിണറുകളില്‍നിന്നും ടാര്‍മണല്‍ എന്ന പേരിലും
മറ്റും അറിയപ്പെട്ട മണ്ണില്‍നിന്നും ഇത്തരം വിദ്യയുപയോഗിച്ച് ഷേല്‍ എണ്ണ ( shale oil ) എന്നറിയപ്പെടുന്ന എണ്ണ ധാരാളമായി ഇനിയും എടുക്കാമെന്ന് എണ്ണക്കമ്പനികളും ചില വിദഗ്ധരും പ്രഖ്യാപിച്ചു.
എന്നാല്‍ അധികം താമസിയാതെ ഈ വിദ്യ വലിയ വിവാദമായി.
അത് ചെറിയതോതില്‍ ഭൂകമ്പമുണ്ടാക്കും, രാസവസ്തുക്കള്‍ കലര്‍ന്ന് ഭൂഗര്‍ഭജലം
ഉപയോഗശൂന്യമാക്കും തുടങ്ങിയ ഭയങ്ങളാണ് വിവാദത്തിലേക്ക് നയിച്ചത്.
മാത്രമല്ല, ഇത്തരം സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ തിരിക്കുന്നത്
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മറ്റു ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുകയും
ഉപയോഗിക്കുകയും ചെയ്യുന്നതില്‍നിന്ന് ശ്രദ്ധതിരിക്കുമെന്ന്
പരിസ്ഥിതിപ്രവര്‍ത്തകര്‍ പരാതിപ്പെടുകയും ചെയ്തു. 'ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഒരു പഠനം നടക്കുന്നതുവരെ
മാത്രമേ എണ്ണസ്‌നേഹികളുടെ ആഹ്ലാദം നീണ്ടുനിന്നുള്ളൂ. പീക് എണ്ണ
മരിച്ചിട്ടില്ല എന്നും ഷേല്‍ എണ്ണ പ്രചരിപ്പിച്ചത്ര പ്രതീക്ഷ
നല്‍കുന്നില്ല എന്നും അവര്‍ കണ്ടെത്തി.
ഷേല്‍ എണ്ണ ഖനനംചെയ്യാന്‍
രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്: ഒന്ന്, തുറന്ന ഖനനത്തിലൂടെ മണ്ണ്
പുറത്തെടുത്ത് ചതച്ച് 800 ഡിഗ്രിയിലധികം ചൂടാക്കി കെറോജന്‍ പുറത്തെടുക്കുക;
രണ്ട്, മണ്ണിനടിയില്‍ ഹീറ്റര്‍ സ്ഥാപിച്ച് കെറോജന്‍ ദ്രവീകരിക്കുക,
എന്നിട്ട് സാധാരണ എണ്ണ ഖനനംചെയ്യുന്ന രീതിയില്‍ പുറത്തെടുക്കുക. രണ്ടാമത്തെ
രീതി ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ സാദ്ധ്യമാണെന്നോ ലാഭകരമാണെന്നോ
തെളിയിച്ചിട്ടില്ല. വേള്‍ഡ്‌വാച്ച് ഇന്‍സ്റ്റിട്ടൂട്ട് പറയുന്നതിങ്ങനെ:
ഷേലെണ്ണ പുറത്തെടുക്കുന്നത് വായുവിനെയും ജലത്തെയും നിലത്തെയും
പ്രതികൂലമായി ബാധിക്കും എന്നാണ് ഇതുവരെ നടന്ന പഠനങ്ങള്‍ കാണിക്കുന്നത്?
സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്റെ ഓക്‌സൈഡുകള്‍, ഈയം എന്നീ രാസവസ്തുക്കള്‍
മൂലമുള്ള മലിനീകരണമാണ് പ്രതീക്ഷിക്കുന്നത്. 'നാച്ചുറല്‍ റിസോഴ്‌സസ്
ഡിഫന്‍സ് കൗണ്‍സിന്റെ ( NRDC ) ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു ഷേലെണ്ണ
ഖനനം ചെയ്യുന്നതും ഷേലെണ്ണ ഇന്ധനമായി വികസിപ്പിക്കുന്നതും വളരെ അപകടം
നിറഞ്ഞതാണെന്ന്.
മാത്രമല്ല, പെട്രോളിയവുമായി താരതമ്യം
ചെയ്യുമ്പോള്‍ ഖനനം മുതല്‍ വാഹനം വരെ എന്നുള്ള കണക്കില്‍ പെട്രോളിയം
ഉല്പാദിപ്പിക്കുന്നതിന്റെ ഇരട്ടി അളവ് ഹരിതഗൃഹവാതകങ്ങള്‍ ഷേലെണ്ണ
പുറപ്പെടുവിപ്പിക്കും എന്നും അതില്‍ കൂടുതലും ഉല്പാദനസമയത്താണ് ഉണ്ടാവുക
എന്നുമാണ്. ഷേലെണ്ണ ഖനനം സസ്യങ്ങളെയും ജന്തുക്കളെയും കാര്യമായി ബാധിക്കും
എന്നും പ്രകൃതിഭംഗിക്ക് സാരമായി ഭംഗംവരും എന്നും എന്‍.ആര്‍.ഡി.സി.
ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ 'ബ്യൂറോ ഓഫ് ലാന്‍ഡ്
മാനേജ്‌മെന്റ്' അവരുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: പുറത്തെടുക്കുന്ന
ഓരോ ബാരല്‍ ഷേലെണ്ണയ്ക്കും 2.1 മുതല്‍ 5.2 വരെ ബാരല്‍ ജലം ആവശ്യമാകും.
കൊളോറാഡോ വൈറ്റ് നദിയിലെ ജലപ്രവാഹത്തിന്റെ 8.2 ശതമാനം കുറയ്ക്കുകയാവും
ഇതിന്റെ ഫലം.
ഒരു കാര്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മറ്റെല്ലാ
ജീവജാലങ്ങളേയും അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജവും മറ്റു പ്രകൃതിവിഭവങ്ങളും
മനുഷ്യര്‍ ഉപയോഗിക്കുന്നു. ഇത് അധികകാലം തുടര്‍ന്നുകൊണ്ടു പോകാന്‍
കഴിയില്ല. മനുഷ്യരുടെ എണ്ണത്തിലുള്ള വലിയ വളര്‍ച്ചയും പ്രശ്‌നങ്ങള്‍
രൂക്ഷമാക്കുന്നു. പ്രകൃതിവിഭവങ്ങള്‍ അനന്തമല്ല. അവ അടുത്ത തലമുറകള്‍ക്ക്
കൂടി കരുതിവയ്ക്കാതെ ഉപയോഗിച്ച് തീര്‍ക്കുക മാത്രമല്ല, അനേകം ജീവിവംശങ്ങളെ
അപ്പാടെ ഇല്ലാതാക്കുന്നതുള്‍പ്പെടെ പ്രകൃതിക്ക് നാശം വരുത്തുകയുമാണ്
നമ്മള്‍. നമ്മുടെ സ്വാര്‍ഥതയ്ക്ക് കടിഞ്ഞാണിട്ട് ജീവിതരീതിയില്‍ കാര്യമായ
മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്കു മാത്രമല്ല നമ്മുടെ അടുത്ത
തലമുറകള്‍ക്കും ജീവിതം ദുരിതമാകും. ജൈവഇന്ധനത്തിന്റെ സാദ്ധ്യതകള്‍, പ്രശ്‌നങ്ങള്‍
പെട്രോളിയത്തിനു
പകരം വികസിപ്പിക്കാന്‍ ശ്രമിച്ച ജൈവ ഇന്ധനങ്ങള്‍ കൂടുതല്‍
അപകടകാരിയാണെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോളതാപനത്തിന് കടിഞ്ഞാണിടാന്‍
പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ് ജൈവഇന്ധനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുക എന്നത്. എന്നാല്‍ അത് കൂടുതല്‍ അപകടം ക്ഷണിച്ചു
വരുത്തുകയേ ഉള്ളൂ എന്ന് സയന്‍സ് ജേര്‍ണല്‍ 2012 ജനവരിയില്‍ പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ട് പറയുന്നു. പനാമയിലെ 'സ്മിത്സോണിയന്‍ ട്രോപ്പിക്കല്‍
റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ യോണ്‍ ഷാര്‍ലിമാന്‍, വില്യം ലോറന്‍സ്
എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഗോളതാപനം
നിയന്ത്രിക്കണമെങ്കില്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ
അളവ് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ചെടികള്‍ അന്തരീക്ഷത്തില്‍നിന്ന്
കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് സൂര്യപ്രകാശവുമായി ചേര്‍ത്ത് സ്വന്തം
വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും
നേരിട്ടോ അല്ലാതെയോ ഈ പ്രക്രിയയെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ആഗോളതാപനത്തിന് പ്രധാന
കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയം കത്തിക്കുന്നതും വനനശീകരണവും
ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടു് വനങ്ങളും കൃഷിയിടങ്ങളും
സംരക്ഷിക്കേണ്ടത് ആഗോളതാപനം തടയാന്‍ അത്യാവശ്യമാണ്.
എന്നാല്‍,
വനങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അവ
ജലം സംഭരിച്ചു വെയ്ക്കുകയും മണ്ണൊലിപ്പ് തടയുകയും വമ്പിച്ച ജൈവവൈവിധ്യം
കാത്തുസൂക്ഷിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ജൈവഇന്ധനത്തിനുവേണ്ടി
സസ്യങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യേണ്ടതായി വരുമ്പോള്‍ പലയിടങ്ങളിലും
വനങ്ങള്‍ നശിപ്പിക്കപ്പെടും. ജൈവഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍
തീരുമാനിക്കുന്നതിനുമുമ്പു് ഇത്തരം ദോഷഫലങ്ങളെപ്പറ്റിയും
ചിന്തിക്കേണ്ടതുണ്ട് എന്നത് വ്യക്തമാണല്ലോ.
ചോളം, കരിമ്പു്,
സോയബീന്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ്
പെട്രോളിയത്തിനു പകരമായി പലരും നിര്‍ദ്ദേശിച്ചിരുന്ന ഇന്ധനം.
പെട്രോളിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ചു് ഹരിതഗൃഹവാതകങ്ങളേ
ജൈവഇന്ധനങ്ങള്‍ പുറത്തു വിടൂ എന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെട്ടിരുന്നത്.
അത് സത്യവുമാണ്. എന്നാല്‍ അങ്ങനെ ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനം എത്രകണ്ട്
കുറയുന്നുവോ അതിനേക്കാള്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ ജൈവഇന്ധനം
ഉല്‍പ്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം
പുറത്തുവരും എന്നാണ് ഷാര്‍ലിമാനും കൂട്ടരും കണ്ടെത്തിയത്.
ഈതൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തു (ചാരായത്തിലെ പ്രധാന ഘടകം)
ചിലയിടങ്ങളില്‍ പെട്രോളുമായി ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്.
പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും അങ്ങനെ പണച്ചെലവും
ഹരിതഗൃഹവാതകങ്ങളുടെ വ്യാപനവും കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ
ചെയ്യുന്നത്. ആല്‍ക്കഹോള്‍ ഉല്പാദിപ്പിക്കുന്നതിന് കരിമ്പ് വളരെ
ഫലപ്രദമാണ്.
ആദ്യമായി ഇങ്ങനെ പെട്രോളിനൊപ്പം ആല്‍ക്കഹോള്‍
വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത് ബ്രസീലാണ്. പിന്നീട് മറ്റു പല രാജ്യങ്ങളും
ഈ മാര്‍ഗം സ്വീകരിക്കുകയോ അതേപ്പറ്റി ഗൗരവമായി ചിന്തിക്കുകയോ ചെയ്തു.
പിന്നീട് ഇത് ലോകം മുഴുവനും പിന്തുടരുന്നതിനേപ്പറ്റി ചര്‍ച്ചകളുണ്ടായി.
ആഗോളതാപനത്തിന് ആശ്വാസമേകാന്‍ ഇങ്ങനെ ജൈവഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്
സഹായിക്കും എന്നു പലരും ചിന്തിച്ചു.
പെട്രോളിന്റെ വര്‍ധിച്ചുവരുന്ന
വിലയും ആഗോളതാപനവും മൂലം പെട്രോളിയത്തിനു പകരമായി പലതരം ജൈവഇന്ധനങ്ങള്‍
വികസിപ്പിച്ചെടുക്കാന്‍ ഒരു മത്സരം തന്നെ ഉണ്ടായി. ചോളത്തില്‍നിന്നും
കരിമ്പില്‍നിന്നും ഉല്പാദിപ്പിക്കുന്ന ഈതൈല്‍ ആല്‍ക്കഹോളും പാമോയിലും
ഉദാഹരണങ്ങളാണ്.
ഇന്ധനാവശ്യങ്ങള്‍ക്കായി ആല്‍ക്കഹോള്‍
ഉല്പാദിപ്പിക്കുന്നതിനു് കരിമ്പും മറ്റും കൃഷിചെയ്യാന്‍ തുടങ്ങിയാല്‍ അത്
ഉഷ്ണമേഖലയിലെ ജൈവവൈവിദ്ധ്യം നിറഞ്ഞ വനങ്ങളും കൃഷിഭൂമിയും മറ്റും
നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് മുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഇന്ധനത്തിനായി കൃഷിചെയ്യുന്നതു മൂലം ഭൂമിയുടെ ഉപഭോഗത്തില്‍ വരുന്ന മാറ്റം
പല പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും നയിക്കാം എന്ന് വിദഗ്ദ്ധര്‍
അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏത് ഇന്ധനം കത്തുമ്പോഴും കാര്‍ബണ്‍
ഡയോക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍ പെട്രോളിയം കത്തുമ്പോള്‍
സഹസ്രാബ്ദങ്ങളായി ഭൂമിക്കുള്ളില്‍ കിടന്ന കാര്‍ബണാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്
ആയി അന്തരീക്ഷത്തില്‍ കലരുന്നത്.
ജൈവഇന്ധനം കത്തുമ്പോഴാകട്ടെ അത്
ചെടിയായിരിക്കെ വളര്‍ച്ചയ്ക്കുവേണ്ടി അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുത്ത
കാര്‍ബണ്‍ ഡയോക്‌സൈഡ് തന്നെയാണ് പുറത്തേയ്ക്ക് വരുന്നത്. അതുകൊണ്ട്
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിലേക്ക് അത് എത്ര സംഭാവന ചെയ്യുന്നോ
അത്രയും തന്നെ അത് ചെടിയായിരിക്കെ വലിച്ചെടുക്കുന്നുണ്ട്. അതായത്
മൊത്തത്തില്‍ നോക്കുമ്പോള്‍ അത് പുതിയതായി കാര്‍ബണ്‍ ഡയോക്‌സൈഡ്
അന്തരീക്ഷത്തിലേക്കു കലര്‍ത്തുന്നില്ല എന്നര്‍ത്ഥം. ഇതുകൊണ്ടാണ്
ജൈവഇന്ധനങ്ങള്‍ ആഗോളതാപനത്തിന് ആശ്വാസമേകും എന്ന വിശ്വാസം ഉണ്ടായത്.
2020
ആകുമ്പോഴേക്ക് വാഹനങ്ങളില്‍ മൊത്തം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ
പത്തുശതമാനം ജൈവഇന്ധനങ്ങള്‍ ആയിരിക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്നതിനുള്ള
ഒരു നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്‍ പരിശോധിച്ചു വരവെയാണ്
മേല്‍സൂചിപ്പിച്ച പുതിയ റിപ്പോര്‍ട്ട് വന്നത്.
ഏത് ജൈവഇന്ധനമാണ്
പരിസ്ഥിതിയ്ക്ക് ഏറ്റവും അനുയോജ്യം എന്ന് നിര്‍ണ്ണയിക്കാന്‍ ഇതുവരെ നടന്ന
ശ്രമങ്ങളില്‍ അതില്‍നിന്ന് ഉതിരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവു മാത്രമെ
കണക്കിലെടുത്തിരുന്നുള്ളൂ; അത് ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക
പ്രശ്‌നങ്ങളൊന്നും കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ഷാര്‍ലിമാനും
ലോറന്‍സും ഒരു പുതിയ മാര്‍ഗ്ഗമാണ് അവലംബിച്ചത്. സ്വിറ്റ്‌സര്‌ലന്ഡിലെ എംപ
ഗവേഷണകേന്ദ്രത്തിലെ റെയ്‌നര്‍ സാഹ് വികസിപ്പിച്ചെടുത്ത ഈ മാര്‍ഗ്ഗം
വനങ്ങളുടെയും കൃഷിഭൂമിയുടെയും ജൈവവൈവിദ്ധ്യത്തിന്റെയും നഷ്ടം തുടങ്ങിയ
എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുക്കുന്ന ഒന്നാണ്.
ഈ
മാര്‍ഗ്ഗമുപയോഗിച്ച് 26 ജൈവഇന്ധനങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ കണ്ടത്
ഇപ്രകാരമാണ്: പെട്രോളിയവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയില്‍ 21 എണ്ണവും
30 ശതമാനം കുറച്ചേ കാര്‍ബണ്‍ ഡയോക്‌സൈഡ് മോചിപ്പിക്കുന്നുള്ളൂ. എന്നാല്‍
പകുതിയിലധികം എണ്ണവും പെട്രോളിയത്തെക്കാല്‍ കൂടുതല്‍
പാരിസ്ഥിതികാഘാതമുണ്ടാക്കുന്നു. (തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ