ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന് ഇന്ന് തുടക്കം

ആരോഗ്യരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു എന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് ഉയരുന്ന രോഗാതുരതയുടെ പിടിയിലാണ്. തുടച്ചുനീക്കപ്പെട്ട പകര്‍ച്ചവ്യാധികളുടെ പുനഃപ്രവേശവും ചുറ്റും ഉയരുന്ന മാലിന്യക്കൂന്പാരങ്ങളും മലയാളികളുടെ ശുചിത്വബോധത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ്. പ്രമേഹം, രക്താദിമര്‍ദം, ഹൃദ്രോഗം, കാന്‍സര്‍, പക്ഷാഘാതം, സന്ധിവാതം, വന്ധ്യത, വളര്‍ച്ചവൈകല്യം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ തോത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയോളമാണ് കേരളത്തില്‍. ഈ ആഘാതത്തെ ലഘൂകരിച്ചുകാണുന്നതിന് നിരത്തിയിരുന്ന വാദങ്ങളും തെറ്റായിരുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഈ രോഗങ്ങളുടെ തോത് കൂടുമെന്നതായിരുന്നു ഒരുനിരീക്ഷണം. കേരളജനത ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍പോലും ഗൗരവമായി കാണുകയും അതിനു ചികിത്സതേടുകയും ചെയ്യുന്‌പോള്‍ മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കേരളത്തിന്റെ രോഗാതുരത ഉയര്‍ന്നതായി തോന്നുന്നത് എന്നൊക്കെയായിരുന്നു നാം സമാധാനിച്ചിരുന്നത്. എന്നാല്‍, സത്യമതല്ല എന്ന് ഇപ്പോള്‍ സമ്മതിക്കാന്‍ ആരോഗ്യഗവേഷകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്നു എന്നും നമ്മളെക്കാള്‍ മെച്ചമായി നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് ഈ സംവിധാനം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ നാം തിരിച്ചറിയുന്നു.

എന്നാല്‍, ഈ തിരിച്ചറിവുകളൊന്നും കേരളത്തിന്റെ തനതുബദലുകള്‍ക്ക് രൂപം നല്‍കുന്നതിനുള്ള അന്വേഷണത്തിലെത്തുന്നില്ല അല്ലെങ്കില്‍ എത്തിക്കുന്നില്ല എന്നതാണ് വസ്തുത.
ഇവിടെ അലോപ്പതി കേന്ദ്രീകൃതമായ ചിന്തകളും സമീപനങ്ങളുമാണ് ആരോഗ്യമേഖലയിലെ നയരൂപവത്കരണവിദഗ്ധര്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ രോഗഭാരത്തില്‍ സിംഹഭാഗവും ജീവിതശൈലീജന്യരോഗങ്ങളുടെ സംഭാവനയാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നു. അവയില്‍ ഭൂരിഭാഗവും സജീവമായി ഇടപെട്ടാല്‍ തടയാവുന്നതുമാണ്.എന്നാല്‍, അത് ഒരു സാമൂഹികാവശ്യമായി ഉന്നയിക്കപ്പെടുന്നില്ല. സ്ത്രീപക്ഷ ബജറ്റിങ് എന്ന ആശയം പോലെത്തന്നെ ഒരുപക്ഷേ, അതിനേക്കാള്‍ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണിത്. വിഷമില്ലാത്ത പച്ചക്കറി പോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, കൂടുതല്‍രോഗങ്ങള്‍ സമം കൂടുതല്‍ ചികിത്സാസൗകര്യം എന്നായി സമവാക്യം. പുതിയ രോഗങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ചെലവേറിയ പുതിയ രോഗനിര്‍ണയ ഉപാധികള്‍, ചെലവേറിയ ചികിത്സകള്‍. ചികിത്സിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വിവിധതരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവയ്ക്ക് അലോപ്പതി ചികിത്സയ്ക്കുമാത്രം അംഗീകാരം. അങ്ങനെ ജനങ്ങള്‍ അലോപ്പതി ആസ്പത്രികളില്‍ മാത്രം എത്തുന്നതിനുള്ള തന്ത്രങ്ങളാണ് നയരൂപവത്കരണ വിദഗ്ധര്‍ പിന്‍തുടരുന്നത്.

എന്നിട്ടും ഉയരുന്ന ചികിത്സാ ചെലവുകള്‍ ദരിദ്രരെ ആത്മഹത്യയിലേക്കും ഇടത്തരക്കാരെ കടക്കെണിയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ സൂപ്പര്‍സ്‌പെഷാലിറ്റി ആസ്പത്രികളുടെ ബാഹുല്യം ജനങ്ങളെ അനാവശ്യ രോഗനിര്‍ണയങ്ങള്‍ക്കും ചികിത്സാവിധികള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വരെ വിധേയരാക്കുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു.
മാത്രമല്ല ഇതിനെതിരെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പരന്പരാഗതവൈദ്യത്തെ കപടശാസ്ത്രമായി ചിത്രീകരിച്ച് ഈ ചൂഷണത്തിന് പാതയൊരുക്കുകയും ചെയ്യുന്നു. ഒരുവശത്ത് നമ്മുടെ മഞ്ഞളിലും വേപ്പിലും നെല്ലിക്കയിലും വിദേശ കുത്തകക്കന്പനികള്‍ പേറ്റന്റ് എടുക്കുന്നതിനെതിരെ മുറവിളികൂട്ടുന്‌പോള്‍ ഇവ ഉപയോഗിച്ച് പ്രമേഹം മുതല്‍ പക്ഷാഘാതം വരെ ഫലപ്രദമായിചികിത്സിക്കുന്ന ആയുര്‍വേദത്തെ അവമതിക്കുകയും പൊതുജനാരോഗ്യസംവിധാനത്തില്‍ അതിന് അര്‍ഹമായസ്ഥാനം നല്‍കാന്‍ മടിക്കുകയും ചെയ്യുന്നു.

അലോപ്പതി സംഘടനകളാകട്ടെ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ചികിത്സയ്ക്കുമെതിരെ അസത്യപ്രചാരണങ്ങളും അപവാദങ്ങളും നടത്തി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി തങ്ങളുടെ മാര്‍ക്കറ്റ് വിപുലമാക്കുക എന്ന കോര്‍പ്പറേറ്റ് അജന്‍ഡ കൃത്യമായി നടപ്പാക്കുന്നുമുണ്ട്. പാര്‍ശ്വഫലങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച അലോപ്പതി വൈദ്യസന്പ്രദായത്തിന്റെ വക്താക്കളാണ് സുരക്ഷിതചികിത്സയെന്നു പേരുകേട്ട ആയുര്‍വേദത്തിനെതിരെ തുറന്നപോരിന് തയ്യാറായി വന്നിരിക്കുന്നത്. വിദേശങ്ങളിലെ ഇന്ത്യന്‍ ഔഷധവിപണിയെ ലക്ഷ്യംവെച്ചുള്ള പഠനറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് പുതിയശ്രമം. ഈ റിപ്പോര്‍ട്ടുകളൊന്നും മറ്റുരാജ്യങ്ങളില്‍ നിന്നുവരുന്ന ഹെര്‍ബല്‍ മരുന്നുകളെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതായത് ഇന്ത്യന്‍ ആയുര്‍വേദമരുന്നില്‍ മാത്രമേ കുഴപ്പമുള്ളൂ എന്നുസാരം. പല ആയുര്‍വേദ മരുന്നുകളിലും അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡും ആഴ്‌സനിക്കും മെര്‍ക്കുറിയുമൊക്കെ അടങ്ങിയിട്ടുള്ളതായി പഠന റിപ്പോര്‍ട്ടുകളുണ്ടെന്നാണ് ഒരു പ്രമുഖ അലോപ്പതി സംഘടനയുടെ പൊതുജനങ്ങള്‍ക്കുള്ള മാസികയില്‍ പറയുന്നത്.

അവയൊക്കെ അനുവദനീയമായ അളവിനേക്കാള്‍ വളരെ കൂടുതലാണെന്നും ഇവ ചെടികളുടെ വേരിലൂടെ വലിച്ചെടുക്കപ്പെടാന്‍ സാധ്യതയില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. അതായത് ആയുര്‍വേദമരുന്നുകളില്‍ ഇവയൊക്കെ ചേര്‍ക്കപ്പെടുന്നതായി പറയാതെപറയുകയാണിവിടെ. അതോടൊപ്പം ഈ വസ്തുക്കള്‍ കഴിച്ചാല്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളും വിവരിക്കുന്നുണ്ട്. പൊതുവേ ആയുര്‍വേദമരുന്നുകളെല്ലാം തന്നെ വിഷമയമാണ് എന്ന ധാരണയാണ് ഇതുവായിച്ചാലുണ്ടാവുക. ഇവിടെ വിവിധഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി ചില ആയുര്‍വേദമരുന്നുകളില്‍ മെര്‍ക്കുറിയുടെ ശക്തികുറഞ്ഞ സംയുക്തങ്ങളും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അവയൊക്കെത്തന്നെ ആയുര്‍വേദ ഔഷധനിര്‍മാണ പ്രക്രിയയിലൂടെ കടന്നവരുന്‌പോള്‍ സുരക്ഷിതവും അദ്ഭുത ഫലസിദ്ധി തരുന്നവയുമാണെന്ന് പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും മണിപ്പാല്‍ സര്‍വകലാശാലയുടെ മുന്‍വൈസ്ചാന്‍സലറുമായിരുന്ന പദ്മഭൂഷണ്‍ ഡോ. ബി.എം. ഹെഗ്‌ഡേ നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, വേണ്ടത്ര ശുദ്ധിക്രമങ്ങള്‍ നടത്താതെയുള്ള നിര്‍മാണം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
 ആയുര്‍വേദമരുന്നുകള്‍ വളരെ കുറച്ചു രാജ്യങ്ങളിലേക്കുമാത്രമേ മരുന്നുകളെന്ന ലേബലില്‍ കയറ്റിയയയ്ക്കുന്നുള്ളൂ. കൂടുതല്‍ സ്ഥലങ്ങളിലും ഇവ ഫുഡ് സപ്ലിമെന്റുകളായാണ് വില്‍ക്കപ്പെടുന്നത്. അവിടങ്ങളിലെല്ലാം ആഹാരപദാര്‍ഥങ്ങളില്‍ ലെഡ് ആഴ്‌സനിക് തുടങ്ങിയവയുടെ അനുവദനീയമായ അളവിനെ ആധാരമാക്കിയുള്ള പരിശോധനകളാണ് നടക്കുക. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും ഇത് നമ്മുടെ പരിസ്ഥിതി മലിനീകരണത്തിന്റെ തോതിനെയാണ് ഓര്‍മിപ്പിക്കുന്നത്.

 ആയുഷ് വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ചെറിയവിഹിതം പോലും കുറയ്ക്കണമെന്ന നലപാടാണ് അലോപ്പതി സംഘടനകള്‍ക്കുള്ളത്. എന്നാല്‍, ആ സമൂഹത്തിലെ എല്ലാവരും ആ നിലപാടുള്ളവരല്ല. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. എം.എസ്. വലിയത്താന്‍ ആയുര്‍വേദം പഠിക്കുകയും 150ല്‍ പരം ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
അസംഖ്യം അലോപ്പതി ഡോക്ടര്‍മാര്‍ അവരുടെ സ്വകാര്യ ചികിത്സാവശ്യങ്ങള്‍ക്കായി ആയുര്‍വേദം ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, കേവലം അവകാശവാദങ്ങള്‍ക്കപ്പുറമായി രണ്ടുസന്പ്രദായങ്ങളുടെയും മേന്മകളും പരിമിതികളും വിലയിരുത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യരക്ഷ കൊടുക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെയുണ്ടാകേണ്ടത്. ഈ പശ്ചാത്തലത്തിലാണ് മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ 2016 ജനവരി 31 മുതല്‍ ഫിബ്രവരി നാലുവരെ കോഴിക്കോട്ട് നടക്കുന്നത്.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ കേരള സര്‍ക്കാറിെന്റ സഹകരണത്തോടെ കേരളത്തിലെ ആയുര്‍വേദസമൂഹവുമായി ചേര്‍ന്നുകൊണ്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഈ ബൃഹദ് പരിപാടിയിലൂടെ ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ ആയുര്‍വേദത്തിന്റെ മേന്മകള്‍ ലോകത്തിനുമുന്പില്‍ അവതരിപ്പിക്കുന്നതിനും ആയുര്‍വേദത്തെ കേരളത്തിന്റെ വികസനത്തിനുള്ള ഒരു മാധ്യമമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നു. ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍, അന്താരാഷ്ട്ര സെമിനാര്‍, അന്താരാഷ്ട്ര സഹകരണസമ്മേളനം, വിദ്യാഭ്യാസസമ്മേളനം, അന്താരാഷ്ട്ര ബിസിനസ് മീറ്റ്, സോളിഡാരിറ്റി മീറ്റ് തുടങ്ങി വിവിധ പരിപാടികളോടെ നടക്കുന്ന ഈ ആയുര്‍വേദമേളയില്‍ ഇത്തവണ 50ല്‍പ്പരം രാജ്യങ്ങളില്‍ നിന്നായി 5000ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. ഇതിനോടൊപ്പം സംഘടിപ്പിക്കുന്ന മെഗാ ആയുര്‍വേദ എക്‌സ്‌പോയില്‍ വിദ്യാഭ്യാസ പ്രദര്‍ശനം, അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ആയുര്‍വേദ ഔഷധശാലകളുടെ മരുന്നുകള്‍, സേവനങ്ങള്‍, ആയുര്‍വേദ ഫുഡ് കോര്‍ട്ട് തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള 500 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കൂടാതെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങള്‍ നയിക്കുന്ന സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ പ്രദര്‍ശനനഗരിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതാണ്.

ഇതിനോടൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകളുടെ സേവനവും ലഭ്യമായിരിക്കും. ഇത്തവണ 'സ്ത്രീകളുടെ ആരോഗ്യത്തിന് ആയുര്‍വേദം' എന്നതാണ് ഫെസ്റ്റിവലിനോടൊപ്പം നടക്കുന്ന അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം.
വര്‍ധിച്ചുവരുന്ന സിസേറിയന്‍, വന്ധ്യത, സ്ത്രീരോഗങ്ങള്‍, കുമാരിമാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെടും. ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനു മുന്നോടിയായി എ.എം.എ.ഐ.യുടെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ നടക്കുന്ന ഗ്രാന്‍ഡ് കേരള ആയുര്‍വേദഫെയറിലൂടെ കേരളത്തിലെ ഉയരുന്ന രോഗാതുരത ചെറുക്കാന്‍ 'ആരോഗ്യത്തിന് ആയുര്‍വേദം' എന്ന കാന്പയിനില്‍ പരന്പരാഗത ആരോഗ്യശീലങ്ങളും ആഹാരക്രമവും രോഗപ്രതിരോധമാര്‍ഗങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലിനെത്തുടര്‍ന്ന് റഷ്യയില്‍ ആയുര്‍വേദം അംഗീകരിക്കുകയുണ്ടായിട്ടുണ്ട്. ഇത്തവണ അന്തര്‍ദേശീയതലത്തില്‍ കൂടുതല്‍ അംഗീകാരത്തിനും നയരൂപവത്കരണങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിഷന്‍ കോണ്‍ക്ലേവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി. നരേന്ദ്രമോദി പങ്കെടുക്കുന്നതുതന്നെ ഈ ഗ്ലോബല്‍ ആയുര്‍വേദഫെസ്റ്റിവലിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.

(മെന്പര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ന്യൂഡല്‍ഹി)