ന്യൂഡെല്‍ഹി: സൗരോര്‍ജ പദ്ധതിക്കായി രാജ്യത്തിന് 150 കോടി ഡോളറിന്റെ സഹായം.  വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് സോളാര്‍ പദ്ധതിക്ക് വായ്പ നല്‍കുന്നത്.
50കോടി ഡോളര്‍(3,345 കോടി രൂപ)യാണ് ഓരോ ബാങ്കില്‍നിന്നും ലഭിക്കുക. വ്യാവസായികമേഖലയിലും വാണിജ്യമേഖലയിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായാണ് ഇത് ഉപയോഗപ്പെടുത്തുകയെന്ന് കേന്ദ്ര പാരമ്പര്യേതരോര്‍ജ്ജ സെക്രട്ടറി ഉപേന്ദ്ര ത്രിപതി പറഞ്ഞു. പ്രധാനപ്പെട്ട പൊതുമേഖല ബാങ്കുകളിലൂടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളിലൂടെയുമാണ് പണം വിതരണം ചെയ്യുക.
ധനകാര്യവിഭാഗത്തിന്റെ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ സോളാര്‍ സ്ഥാപിക്കുന്നതിനായുള്ള എം.എന്‍.ആര്‍.ഇ ബജറ്റ് 600 കോടിയില്‍ നിന്ന് 5000 കോടിയായി ഈയിടെ ഉയര്‍ത്തിയിരുന്നു.
30 ശതമാനം സബ്‌സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും സോളാര്‍ സ്ഥാപിക്കുന്നതിന് ഫണ്ടില്‍നിന്ന് പണം നല്‍കും.
വ്യാവസായ- വാണിജ്യമേഖലകള്‍ക്ക് ഈ സബ്‌സിഡി ലഭ്യമാകില്ല. സബ്‌സിഡി ബാധകമല്ലാത്തവര്‍ക്കും കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ത്രിപതി പറയുന്നു.
100000 മെഗാവാട്ട് സോളാര്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ 40,000 മെഗാവാട്ട് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയില്‍ നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഇന്ത്യയുടെ 4,800 മെഗാവാട്ട് സോളാര്‍ കപ്പാസിറ്റിയില്‍ 525 മെഗാവാട്ടാണ് റൂഫ്‌ടോപ്പ് സോളാറില്‍നിന്ന് ലഭിക്കുന്നത്. 2015-16ല്‍ 200 മെഗാവാട്ടാണ് റൂഫോടോപ് സോളാര്‍ വഴി ലഭിച്ചതെങ്കില്‍ 2016-17ല്‍ അത് 4,800 മെഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം.