1/21/2016

പാലക്കാട്ടുനിന്ന് പുതിയൊരു കേരളാ മോഡല്‍

janmabhumidaily.com

പാലക്കാട്ടുനിന്ന് പുതിയൊരു കേരളാ മോഡല്‍

ജന്മഭൂമി
പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ല. എന്നാല്‍ വികസന കാര്യത്തില്‍ മറ്റുപല നഗരസഭകളേയും പിന്നിലാക്കിക്കൊണ്ട് പാലക്കാട് മുന്‍സിപ്പാലിറ്റി മാതൃകയാകുകയാണ്. അതിനുദാഹരണമാണ് ഈ മാസം ആദ്യം പാലക്കാട് വിക്ടോറിയ കോളേജില്‍ കേന്ദ്രതൊഴില്‍ മന്ത്രാലയം, നഗരസഭ, ജിടെക് എഡ്യൂക്കേഷന്‍, റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഫോര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന മെഗാ തൊഴില്‍ മേള. ഒറ്റദിനം കൊണ്ട് ആയിരത്തോളം പേര്‍ക്ക് ജോലി നല്‍കി, മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ ഉറപ്പും. പുരോഗമനം പ്രസംഗിക്കുന്നവര്‍ കേരള വികസനത്തിന് സെമിനാര്‍ നടത്തുമ്പോള്‍ ഇതാ കേരളത്തിന് പുതിയൊരു കേരളാ മോഡല്‍
palakattuന്നര നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന പാലക്കാട് നഗരസഭയില്‍ വികസനത്തിന്റെ വെള്ളിവെളിച്ചം പരക്കുന്നു. പതിറ്റാണ്ടുകള്‍ ഭരണം കയ്യാളിയിരുന്നവരില്‍ നിന്ന് പുതിയ സംസ്‌കാരം പേറുന്ന ഭരണസമിതിയിലേക്ക് നഗരഭരണം വന്നതോടെയാണ് മാറ്റങ്ങളുടെ വഴിവിളക്കുകള്‍ കണ്ണു തുറന്നത്. അധികാരത്തിലെത്തി രണ്ടുമാസം പിന്നിടുമ്പോഴാണ് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി നഗരവികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നഗരത്തിന്റെ സമഗ്രവികസനത്തിനും മാറ്റത്തിനുമായി 101 കര്‍മ്മ പദ്ധതികള്‍ ഉള്‍പ്പെടുന്ന വികസനരേഖയായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിലും വികസനമുരടിപ്പിലും മനം മടുത്ത ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്.
പാലക്കാട് നഗരസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ പ്രമീള ശശിധരനാണ് രാഷ്ട്രീയകേരളം ഏറെ ഉറ്റുനോക്കിയ പാലക്കാട്ടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. തുടര്‍ച്ചയായി നാലാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പ്രമീള ശശിധരന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ദീര്‍ഘവീക്ഷണവും നല്ലൊരു നേതൃപാഠവുംഉള്ള വ്യക്തിത്ത്വത്തിന് ഉടമയാണ് അവര്‍. ആറുമാസംകൊണ്ട് പാലക്കാട് നഗരത്തെ ശുചിത്വ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് നഗരവാസികളുടെ സ്വന്തം അധ്യക്ഷ പ്രമീള പറയുന്നു. നഗരത്തിലെ പ്രധാന പ്രശ്‌നമായ മാലിന്യസംസ്‌ക്കരണത്തിന് പുതിയ പദ്ധതികളാണ് പാലക്കാട് നഗരസഭ ആവിഷ്‌കരിക്കുന്നതെന്നും ഇതു മറ്റു മുനിസിപ്പാലിറ്റികള്‍ക്കു കൂടി മാതൃകയാകുമെന്നുമാണ് പ്രമീളയുടെ അഭിപ്രായം.
ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജ്ജനം എന്നതാണ് ലക്ഷ്യമാക്കുന്നത്. ഉറവിടമാലിന്യ സംസ്‌കരണം ഒരു സംസ്‌കാരമായി മാറ്റുകയാണ് ഇതിലൂടെ ഉദ്യേശിക്കുന്നത്. ഇതിനായി മുനിസിപ്പല്‍ തലത്തില്‍ ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി ഉണ്ടാക്കി ശുചിത്വ വൊളണ്ടിയര്‍മാരെ നിയമിക്കും. അമ്പതു വീടുകളെ ഒരു സെക്റ്ററായി തിരിക്കും. ഒരു സെക്റ്ററില്‍ അഞ്ച് വൊളണ്ടിയര്‍മാര്‍ ഉണ്ടാവും. 10 വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ആദ്യം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാര്‍ഡുതലത്തില്‍ ശേഖരിക്കും. പിന്നീട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കായി ഓരോവീടുകളിലും ബാഗുകള്‍ നല്‍കും. ഇത് മൂന്നുമാസത്തിലൊരിക്കല്‍ നീക്കം ചെയ്യും. ഇത്തരത്തില്‍ ഇലക്ട്രിക് വേസ്റ്റുകളും ശേഖരിക്കും. ബാക്കിയുള്ളവ പൈപ്പ് കംമ്പോസ്റ്റ് വഴി നിര്‍മാര്‍ജ്ജനം ചെയ്യും. നിറവ് എന്ന സംഘടനയുടെ സഹായത്തോടെ വോളണ്ടറിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. കോഴിക്കോട്ടെ നാലുപഞ്ചായത്തുകളില്‍ നിറവ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വേനല്‍ക്കാലമായാല്‍ എന്നും തീപിടിക്കാറുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ പ്ലാനിംഗ് ഫണ്ടില്‍ 43 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ കഴിഞ്ഞതായും മൈസൂരിലെ ഒരു പ്ലാന്റിലേക്കാണ് ഇവ അയക്കുക.
ഏപ്രില്‍ ഒന്നു മുതല്‍ പാലക്കാട് നഗരസഭ പേപ്പര്‍ലെസ് നഗരസഭയാകും. മുനിസിപ്പാലിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളെല്ലാം ഇനി കമ്പ്യൂട്ടറൈസ്ഡ് ആക്കും. ഇതിനായി 18 ലക്ഷം രൂപ പ്ലാന്‍ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ടച്ച് സ്‌ക്രീന്‍ സംവിധാനം സ്ഥാപിക്കും. ഇതിലൂടെ തങ്ങള്‍ നല്‍കിയ അപേക്ഷയുടെ സ്റ്റാറ്റസ് എന്തായി എന്നതുള്‍പ്പെടയുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ആദ്യഘട്ടമെന്ന നിലയ്ക്ക് ഓണര്‍ഷിപ്പ് ആന്‍ഡ് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ചിരിക്കുകയാണ്. അപേക്ഷകള്‍ തയ്യാറായിട്ടുണ്ടെങ്കില്‍ എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കും. ഡിഎല്‍ഒ ലൈസന്‍സിനായി മൂന്നാലുതവണയെങ്കിലും വ്യാപാരികള്‍ക്ക് നഗരസഭ കയറിയിറങ്ങേണ്ടതുണ്ട്. ഇതിനു പരിഹാരമായി ഓണ്‍ലൈന്‍ ട്രേഡ് ഇഷ്യു സംവിധാനം വഴി അപേക്ഷ നല്‍കാം.
അതുകഴിഞ്ഞാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ ഇന്‍സ്‌പെക്ഷനു വരും. വരുന്ന തിയ്യതിയും സമയവും സംബന്ധിച്ച് വ്യാപാരികള്‍ക്ക് മെസേജും ലഭിക്കും. എല്ലാ വിവരങ്ങളും പരിശോധിച്ചശേഷം മാത്രം നഗരസഭയില്‍ വന്നാല്‍ മതിയാകും. ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സൗകര്യപ്രദമായി ലഭിക്കുവാന്‍ സൂപ്രണ്ട്തല തസ്തികയിലുള്ള ഉദ്യോഗസ്ഥനെയാണ് ഫ്രണ്ട് ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്.
നികുതിചോര്‍ച്ച ഒഴിവാക്കാനായി നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ 95 ശതമാനം പൂര്‍ത്തിയായതായും നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു. നികുതിയടയ്ക്കാത്ത 1500 ഓളം കെട്ടിടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും പിഴയീടാക്കുമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ എന്‍യുഎല്‍എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സഹായങ്ങള്‍ നല്‍കും. ആദ്യഘട്ടത്തില്‍ സര്‍വ്വേ നടത്തി യോഗ്യതയുള്ളവര്‍ക്ക് ഐഡികാര്‍ഡ് നല്‍കും. തുടര്‍ന്ന് കച്ചവടം നടത്താന്‍ ബാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കും. ബാങ്കുകളുമായി സഹകരിച്ച് മുദ്രാബാങ്ക് വഴി വായ്പ തുടങ്ങിയ സഹായങ്ങള്‍ ചെയ്തുകൊടുക്കും. പാലക്കാട് മേഴ്‌സി കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തുന്നത്.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ വീടില്ലാത്തവര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കും. ഇതുവരെ 12000 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ഇതുപരിശോധിച്ചശേഷം അടുത്ത നടപടികള്‍ പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ പ്രൈവറ്റ്-പൊതുപങ്കാളിത്തത്തില്‍ ഫഌറ്റ് നിര്‍മിക്കും.
2020 ആകുമ്പോഴേയ്ക്കും പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഇതൊരു ചരിത്രമാവുമെന്നും പ്രമീള ചേച്ചി അഭിമാനത്തോടെ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭകൂടി ഉള്‍പ്പെട്ടത് വന്‍മാറ്റത്തിനാണ് വഴിയൊരുക്കുന്നത്. ഇതോടെ നഗരസഭയുടെ മുഖച്ഛായ തന്നെ മാറും. 700 കോടി രൂപയാണ് പാലക്കാടിന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം നഗരസഭാ വിഹിതവുമാണ്. ആദ്യഘട്ടമെന്ന നിലക്ക് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആറുകോടി രൂപ നല്‍കിയിരുന്നു. കോട്ടമൈതാനത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായും, ഒന്നും പതിനഞ്ചും വാര്‍ഡുകളിലെ പാര്‍ക്കുകളുടെ നവീകരണത്തിന് രണ്ടു കോടിരൂപയും, വിക്ടോറിയ മുതല്‍ മാട്ടുമന്ത റോഡ് പദ്ധതിക്കായി മൂന്നുകോടി രൂപയും കല്‍വാക്കുളം മുതല്‍ രാമനാഥപുരം വരെയുള്ള തോടിന്റെ പാര്‍ശ്വഭിത്തികെട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള നവീകരണത്തിനായി ഒരു കോടിരൂപയുമാണ് ഉപയോഗിക്കുക.
രണ്ടാംഘട്ടത്തില്‍ നഗരത്തിലെ കുടിവെള്ള പ്രശനപരിഹാരത്തിനായി 90 കോടിരൂപ വകയിരുത്തും. 1970ല്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പൈപ്പുകളെല്ലാം നശിച്ച നിലയിലാണ്. നിലവിലുള്ള പഴയപൈപ്പുകള്‍ മാറ്റി പുതിയപൈപ്പുകള്‍ സ്ഥാപിക്കും. 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ടാങ്ക്, ഫില്‍ട്ടര്‍ടാങ്ക് എന്നിവ സ്ഥാപിക്കും. സ്വന്തമായി പൈപ്പ് കണക്ഷനുകള്‍ ഇല്ലാത്തവര്‍ക്ക് സൗജന്യമായി പൈപ്പ് കണക്ഷന്‍ നല്‍കും. ഏകദേശം ഏഴായിരത്തോളം വീടുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
നഗരത്തിലെ അഴുക്കുചാല്‍ പ്രശനപരിഹാരത്തിനായി 120 കോടി രൂപയുടെ മാസ്റ്റര്‍ ഡ്രൈനേജ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും അഴുക്കുചാലുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിച്ച് വെള്ളം ഫില്‍റ്റര്‍ചെയ്ത് രണ്ടുപുഴകളിലേക്ക് ഒഴുക്കുമെന്നും 2020 ഓടെ പദ്ധതി പൂര്‍ത്തീകരിക്കും.
റസിഡന്‍ഷ്യന്‍ കോളനികളിലെ പാര്‍ക്ക് നവീകരിച്ച് വാക്ക് വേ, യോഗ സൗകര്യങ്ങള്‍ എന്നിവ ആരംഭിക്കും.
ജിബി റോഡില്‍ എസ്‌ക്കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രോജകറ്റ് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് നടപ്പിലാക്കും. വിക്ടോറിയ കോളേജ്, ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബിഇഎം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചു. വിക്‌ടോറിയ കോളേജ് പരിസരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യം ശക്തമായത്. ഇതിനായി 1.25 കോടി രൂപ നഗരസഭ ചെലവഴിക്കും.
സ്‌കൂളുകളില്‍ കുട്ടികളുടെ ഹാജര്‍ നിലയും അധ്യാപകരുടെ ക്ലാസും മോണിറ്റര്‍ ചെയ്യുന്നതിന്
പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇതിനായി പുതിയൊരു സോഫ്റ്റ് വെയര്‍ നഗരപരിധിയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കും. സഹായ സോഫ്റ്റ് വെയറിലൂടെ കുട്ടികള്‍ ക്ലാസ്സിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഫോണില്‍ ഇതുസംബന്ധിച്ച് മെസേജ് വരും. ബന്ധപ്പെട്ട അധികൃതര്‍ക്കും എസ്എംഎസ് ലഭിക്കുന്നതായിരിക്കും. ഇതുവഴി കുട്ടികള്‍ തെറ്റായവഴികളില്‍ പോകുന്നതും മറ്റും തടയാന്‍ കഴിയും.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട്ടെ പ്രധാന ബസ് സ്റ്റാന്റായ സ്റ്റേഡിയം സ്റ്റാന്റിന്റെ രണ്ടാംഘട്ട നവീകരണവും മുനിസിപ്പല്‍ സ്റ്റാന്റിന്റെ ശോചനീയാവസ്ഥയും പരിഹരിക്കാനായി പദ്ധതി തയ്യാറാക്കുകയാണ്. സറ്റേഡിയം സ്റ്റാന്റ് ജംഗ്ഷന്‍ തിരക്കുകുറച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ സമാന്തര റോഡും പുതിയ പ്രവേശനകവാടവും നിര്‍മിക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി. ഇതിനോടു ചേര്‍ന്ന് 20 ഓട്ടോകള്‍ വരെ നിര്‍ത്തിയിടാവുന്ന വിധത്തില്‍ ഓട്ടോ സ്റ്റാന്റും നിര്‍മിക്കും. ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ ആക്കാനുള്ള പദ്ധതിക്കുള്ള നഗരസഭാ വിഹിതം നീക്കിവയ്ക്കാന്‍ മുനിസിപ്പാലിറ്റി സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
നഗരസഭാ ബജറ്റ് ജനകീയമാക്കാന്‍ വാര്‍ഡ് സഭകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതിനായുള്ള വാര്‍ഡുസഭകള്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കും. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വൈസ് ചെയര്‍മാന്റെ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട് deputychairmanpkd @gmail.com എന്ന ഇ-മെയിലില്‍ നിര്‍ദ്ദേശങ്ങള്‍ അയക്കാവുന്നതാണ്.
നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാന്‍ നഗരസഭ നടപടി തുടങ്ങിയിരുന്നു. പൊതുസ്ഥലത്തേക്കു കന്നുകാലികളെ അഴിച്ചുവിട്ടാല്‍ കൂടുതല്‍ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് നടപടി. അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇടിച്ച് വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവായ സാഹചര്യത്തിലാണു നടപടി. പുതുക്കിയ ഭേദഗതികള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും.
palakad-muncipalityപൊതുനിരത്തുകളിലേക്ക് കാലികളെ അഴിച്ചുവിട്ടാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് കുറഞ്ഞ പിഴ മാത്രമേ ഈടാക്കാന്‍ സാധിക്കൂ. ഇതു മാറ്റി കാലാകാലങ്ങളില്‍ പിഴത്തുക കൗണ്‍സിലിനു തീരുമാനിക്കാവുന്ന വിധത്തിലാണു ഭേദഗതികള്‍ വരുത്തുന്നത്. പുറമേ കാലിപിടുത്തം നിബന്ധനകള്‍ക്കു വിധേയമായി താല്‍പര്യമുള്ള സംഘടനകള്‍ക്കു കൈമാറും. പുതിയ ചട്ടം പ്രാബല്യത്തിലായാല്‍ പിഴയ്ക്കു പുറമേ കാലികളെ പിടികൂടാനുള്ള ചെലവ്, പരിപാലനത്തിനുള്ള തുക എന്നിവയും ഉടമസ്ഥനില്‍ നിന്ന് ഈടാക്കും.
കേന്ദ്ര തൊഴില്‍ മന്ത്രാലയം, പാലക്കാട് നഗരസഭ, റോട്ടറി ക്ലബ്, ജി ടെക് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ കോളജില്‍ നടത്തിയ ജോബ് ഫെയറില്‍ ആയിരത്തിയഞ്ഞൂറിലധികം പേര്‍ക്ക് ജോലി ലഭിച്ചു. മുവായിരത്തോളം പേര്‍ സാധ്യതാപട്ടികയിലും ഉള്‍പ്പെട്ടിരുന്നു. 7,000 പേരാണു ജോബ് ഫെയറില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാതെ മേളയിലെത്തിയവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് താലൂക്ക് അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയ്ക്കായി സൗകര്യമൊരുക്കിയിരുന്നത്.
അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവരുടെയും കൂടിക്കാഴ്ച്ച നടന്നു. എല്‍ ആന്‍ഡ് ടി, കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ തേടി ജോബ് ഫെയറിലെത്തി. എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്കുകളുടെ പ്രതിനിധികളും കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു.
നഗരസഭയില്‍ കെട്ടിടനിര്‍മ്മാണാനുമതിക്ക് തീരുമാനം ആവാതെയുള്ള അപേക്ഷകളില്‍ നഗരസഭ അദാലത്ത് സംഘടിപ്പിച്ചു. 31 അപേക്ഷകളില്‍ രണ്ടെണ്ണം നിയമപരമായും 12 എണ്ണം സോണിംഗ് റിവ്യൂകമ്മറ്റി മുഖേനയും തീര്‍പ്പാക്കിയതായും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് പദ്ധതികള്‍, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുക, അറവുശാലകള്‍ ആധുനികവത്ക്കരിക്കുക, പെ ആന്‍ഡ് പാര്‍ക്കിംഗ് സംവിധാനം, ഇന്ദിരാ ഗാന്ധി-ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം, തുടങ്ങിയവ എത്രയുംപെട്ടന്നു തന്നെ ആരംഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1