pranabഇറ്റാനഗര്‍:അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ അരുണാചലിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചതിന് തൊട്ടു പിറകെയാണ് രാഷ്ട്രപതി ശുപാര്‍ശ അംഗീകരിച്ചത്.
അരുണാചല്‍ നിയമസഭയിലെ 21 കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പി.യില്‍ ചേര്‍ന്ന് മുഖ്യമന്ത്രി നബാംതൂകി സര്‍ക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതോടെയാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. നിയമസഭയ്ക്ക് പുറത്ത് താത്കാലിക ഷെഡില്‍ വച്ച് യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റെബിയയെ ഇംപീച്ച് ചെയ്തശേഷമാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, ഈ നടപടി ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചത്.
അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47 ഉം ബി.ജെ.പി.ക്ക് പതിനൊന്നും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.