കായക്കുളത്തുകാര് അരയാല്‍ മുറിക്കില്ല; പകരം ദേവസ്ഥാനം മാറ്റിപ്പണിയും
പെരിയ:
അരയാല്‍ സംരക്ഷിക്കാനായി ദേവസ്ഥാനം മാറ്റിപ്പണിയുന്നു. കായക്കുളത്തുകാരുടെ
ഗ്രാമദേവതയായ നാടുവാഴുന്നമ്മയുടെ ദേവസ്ഥാനമാണ് മാറ്റിപ്പണിയുന്നത്.
കായക്കുളം വിഷ്ണുദേവസ്ഥാനത്തിന്റെ ഉപദേവതാസങ്കല്പമാണ്
നാട്ടുവാഴുന്നമ്മയ്ക്കുള്ളത്. ഇവിടെ വളര്‍ന്നുപന്തലിച്ച് നില്ക്കുന്ന
അരയാലിന് ദേവസ്ഥാനത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. അരയാലിന്റെ വേരുകള്‍
പടര്‍ന്ന് ദേവസ്ഥാനത്തിന്റെ അടിത്തറയ്ക്ക് വിള്ളല്‍ വീണിട്ടുണ്ട്.
കളിയാട്ടക്കാലത്ത് ദേവസ്ഥാനത്തിനുമുന്നില്‍ നാടുവാഴുന്നമ്മയ്ക്ക്
കെട്ടിയാടാനുള്ള സ്ഥലവും അരയാലിന്റെ വളര്‍ച്ചയോടെ ഇല്ലാതായി. ഒടുവില്‍
അരയാല്‍ മുറിച്ചുനീക്കി പുതിയ അരയാല്‍ നടണമെന്ന ആവശ്യം ഉയര്‍ന്നു.
എന്നാല്‍ അരയാല്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പമാണ് ഭൂരിപക്ഷം നിലകൊണ്ടത്. ഒടുവില്‍ ദേവസ്ഥാന കമ്മിറ്റി വിശ്വാസികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുകൂട്ടി. വര്‍ഷങ്ങളായി ദേവസ്ഥാനം പിന്തുടരുന്ന പരിസ്ഥിതിസംരക്ഷണ സമീപനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
15 വര്‍ഷംമുമ്പ് ദേവസ്ഥാനഭൂമിയില്‍ ക്ഷേത്ര സമിതിക്കാരും സമീപത്തെ ശ്രീവിഷ്ണു ക്ലബ് പ്രവര്‍ത്തകരും നട്ടുപിടിപ്പിച്ച മരങ്ങള്‍ തണല്‍വിരിച്ച് നിലനില്ക്കുന്നുണ്ട്. നൂറുകണക്കിന് വവ്വാലുകള്‍ ചേക്കേറിയ അരയാല്‍മരം മുറിക്കുന്നത് ദൈവഹിതമാവില്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അരയാല്‍ മുറിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ദൈവഹിതമെന്ന് ജ്യോതിഷിയും പറഞ്ഞതോടെ എല്ലാം ശുഭമായി.
കായക്കുളം ദേവസ്ഥാനത്ത് നാടുവാഴുന്നമ്മയ്ക്ക് പുതിയ ദേവസ്ഥാനം ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പഴയ ദേവസ്ഥാനം പൊളിച്ചുനീക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ