ഗുജറാത്തില്‍ പുതിയ പാമ്പുവര്‍ഗം
മുംബൈ: ഇന്ത്യന്‍ ഗവേഷകരുടെയും പരിസ്ഥിതിനിരീക്ഷകരുടെയും സംഘം ഗുജറാത്തില്‍ പുതിയ പാമ്പുവര്‍ഗത്തെ കണ്ടെത്തി. വിഷമില്ലാത്ത ഈ വര്‍ഗത്തിന് വാലസിയോഫിസ് ഗുജറാത്തെനിസിസ് എന്ന് പേരുനല്‍കി. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ഗവേഷണജേണലായ 'പ്ലോസ് വണ്‍സി'ല്‍ പ്രസിദ്ധീകരിച്ചു.
ജീവഭൂമിശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്ന ആല്‍ഫ്രഡ് റസല്‍ വാലസിനോടുള്ള ആദരസൂചകമായാണ് വാലസിയോഫിസ് എന്ന് പേരിട്ടത്. ഗുജറാത്തില്‍ കണ്ടെത്തിയതിനാല്‍ ഗുജറാത്തെനിസിസ് എന്നും ചേര്‍ത്തു.
ഉരഗശാസ്ത്രജ്ഞന്‍ സീഷാന്‍ മിര്‍സ, രാജു വ്യാസ്, ഹര്‍ഷില്‍ പട്ടേല്‍, രാജേഷ് സനാപ്, ജയ്ദീപ് മേത്ത എന്നിവരടക്കം 12 പേരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
ബെംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ അധ്യാപകനായ മിര്‍സയുടെ വിദ്യാര്‍ഥിയായിരുന്ന വ്യാസില്‍നിന്നാണ് ഈ ഇനം പാമ്പിനെക്കുറിച്ച് ആദ്യവിവരം കിട്ടുന്നത്. എന്നാല്‍, ഇങ്ങനെയൊന്നുള്ളതായോ എവിടെയുണ്ടെന്നോ ഉള്ള വിവരം വ്യക്തമല്ലായിരുന്നു.
ഇതറിയാന്‍ നടത്തിയ ഗവേഷണമാണ് ഗുജറാത്തില്‍ ഈ വര്‍ഗത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ചെതുമ്പലിന്റെ ക്രമീകരണം, പല്ലിന്റെ എണ്ണം, എല്ലുകളുടെ ക്രമീകരണം എന്നിവയും ഡി.എന്‍.എ.യും പരിശോധിച്ചാണ് ഇത് പുതിയ വാര്‍ഗമാണെന്ന നിഗമനത്തില്‍ സംഘം എത്തിയത്.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ