വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.
നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടും വിപണിയില്‍ കിട്ടുന്ന വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് കമ്മിഷണറുടെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ ഇത്തരം വെളിച്ചെണ്ണ വന്‍ തോതില്‍ വില്‍ക്കുന്നുണ്ട്.
നാളികേര വികസന ബോര്‍ഡ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്, ഇവയില്‍ ഭൂരിപക്ഷവും മായം കലര്‍ന്നതു തന്നെയാണെന്നാണ്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഇവ ഉണ്ടാക്കുന്നവര്‍ക്കും മറ്റുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പൂര്‍ണമായും ഫലം കണ്ടിട്ടില്ല. മായം കലര്‍ന്നതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയ വ്യത്യസ്ത ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ ഉത്പാദനവും വില്പനയും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മാതാക്കളാകട്ടെ, ഉടമയുടെ പേരോ, ബ്രാന്‍ഡിന്റെ പേരോ, പാക്കിങ് രീതിയോ മാറ്റി അതേ വെളിച്ചെണ്ണ തന്നെ ഉണ്ടാക്കി വില്‍ക്കുന്നതായി പിന്നീട് കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് ബ്രാന്‍ഡുകളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സില്‍ അത് കൂട്ടിച്ചേര്‍ക്കാനും കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡുകള്‍ ഉണ്ടാക്കാനും വില്‍ക്കാനുമാണ് ലൈസന്‍സ് നല്‍കുക. ഇപ്പോള്‍ നിര്‍മാണക്കമ്പനിയാണ് രജിസ്റ്റര്‍ ചെയ്തുവരുന്നത്. ലൈസന്‍സുണ്ടെങ്കില്‍ അവര്‍ക്ക് തോന്നിയ പേരുകളില്‍ വെളിച്ചെണ്ണയുണ്ടാക്കാം, വില്‍ക്കാം. ഒന്നു പിടിച്ചാല്‍ അതുതന്നെ മറ്റൊരു പേരില്‍ ഇറക്കാം. ഇനി അതു നടക്കില്ലെന്ന് സാരം.
ഇതിനകം പതിനഞ്ചോളം ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയിട്ടുണ്ട്. ചിലത് നിരോധിച്ചു. നിരോധനം നീക്കാന്‍ വേണ്ടി ഉത്പാദകരില്‍ ചിലര്‍ കോടതിയെ സമീപിക്കുമ്പോള്‍ മറ്റു ചിലര്‍ ബ്രാന്‍ഡിന്റെ പേരുമാറ്റി, മറ്റൊരു പേരില്‍ അതേ വെളിച്ചെണ്ണ തന്നെ എത്തിക്കുന്നു. അങ്ങനെ പുതിയ പേരില്‍ വീണ്ടും ജനങ്ങളിലെത്തുന്നത് മായം കലര്‍ന്നതും നിലവാരം കുറഞ്ഞതുമായ വെളിച്ചെണ്ണ തന്നെ.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ