3/19/2016

മണിയുടെ മരണം എങ്ങനെ

മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി വാഴത്തോട്ടത്തിൽ നിന്നു കണ്ടെടുത്തു

ചാലക്കുടി∙ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീട്ടിന് മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി.
അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികൾ കണ്ടെത്തിയത്. അതേസമയം, മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികളാണ്.
അതിനിടെ, കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി: പി.എൻ. ഉണ്ണിരാജൻ, ഡിവൈഎസ്പി: സോജൻ എന്നിവരെ സംഘത്തിൽ ഉൾപ്പെടുത്തി. തൃശൂർ റേഞ്ച് ഐജിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി. നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അരുൺ, വിപിൻ, മുരുകൻ, ബിനു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാലക്കുടിയിൽ മണിയുടെ ഔട്ട് ഹൗസായ പാടിയിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ രാസവസ്തുക്കൾ ഉളളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികൾ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം.
പാടിയിൽ പൊലീസിന്റേയും എക്സൈസിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ പാടിയിൽ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികൾ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും.
അതേസമയം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചാലക്കുടി പൊലീസിൽ പരാതി നൽകും.
പാടിയിൽ തിരച്ചിൽ നടത്തുന്നു
അതിനിടെ, ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു രാവിലെ മണിച്ചേട്ടൻ ആരോഗ്യവാനായിരുന്നുവെന്ന് പാടിക്ക് സമീപം കട നടത്തുന്ന മണികണ്ഠൻ പറഞ്ഞു. പാടിയിൽ രാത്രി വൈകിയും മദ്യസൽക്കാരം നടത്തിയിരുന്നു. പിറ്റേന്ന് പാടിയിൽ നിന്ന് എന്തോ ചാക്കിലാക്കി കൊണ്ടു പോകുന്നതും കണ്ടു. എല്ലാം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മണികണ്ഠൻ മനോരമ ന്യൂസിനോട് പറഞ്ഞു.
നടൻ കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റാൻ അന്വേഷണസംഘം തീരുമാനിച്ചു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിൽ അഴിച്ചുപണി നടത്തും.
മണിയുടെ സുഹൃത്തുക്കളടക്കം 10 പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി തുടർച്ചയായി ചോദ്യംചെയ്തു വരികയാണ്. കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാൽ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഫൊറൻസിക് സർജന്മാരായ ഡോ.പി.എ. ഷീജു, ഡോ. രാഗിൽ, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയിൽ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇവർ പരിശോധനാ ഫലങ്ങൾ പങ്കുവച്ചു.
ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നൽകിയിട്ടില്ല. ഐജി എം.ആർ. അജിത്കുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്, സിഐ ക്രിസ്പിൻ സാം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടർന്ന് അന്വേഷണ സംഘത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.
ഇതേസമയം, മുൻപ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി കെ.എസ്. സുദർശൻ ഇപ്പോൾ സംഘത്തിൽ ഇല്ലെന്നാണു വിവരം. കൊച്ചി കാക്കനാട്ടെ രാസപരിശോധനാ ലാബിൽ നടന്ന മണിയുടെ ആന്തരികാവയവ പരിശോധനയിൽ ‘ക്ലോർപൈറിഫോസ്’ എന്ന വീര്യം കൂടിയ കീടനാശിനിയും മീഥെൽ ആൽക്കഹോളും (വിഷമദ്യം) കണ്ടെത്തി. സാധാരണ മദ്യമായ ഇഥെയിൽ ആൽക്കഹോളും വിഷമദ്യമായ മീഥെയിൽ ആൽക്കഹോളും തുല്യ അളവിലാണു കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശേഖരിച്ച ആമാശയം, കരൾ, വൃക്കകൾ, രക്തം എന്നിവയിലാണു കീടനാശിനിയും വിഷമദ്യവും കണ്ടെത്തിയത്.
മണിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ മീഥെയിൽ ആൽക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കീടനാശിനി ഉള്ളിൽ കടന്നതിന്റെ ലക്ഷണങ്ങൾ മണി കാണിച്ചിരുന്നില്ല. രാസപരിശോധനാ ഫലം രണ്ടു നിഗമനങ്ങളിലേക്കാണു ഫൊറൻസിക് വിദഗ്ധരെ എത്തിക്കുന്നത്. വീര്യം കൂട്ടാൻ ചെറിയ അളവിൽ കീടനാശിനി കലർത്തിയ വിഷമദ്യം അറിയാതെ കഴിക്കാൻ ഇടവരിക, അല്ലെങ്കിൽ ബോധപൂർവം കഴിക്കുക.
ക്ലോർപൈറിഫോസ് അതിരൂക്ഷ ഗന്ധമുള്ള കീടനാശിനിയായതിനാൽ ഇത് ഒരാൾ അറിയാതെ കഴിക്കണമെങ്കിൽ അതിന്റെ അളവു ചെറുതായിരിക്കണം. ചെറിയതോതിൽ കീടനാശിനി കലർന്ന വിഷമദ്യം മണി അറിയാതെ കഴിച്ചതാവാനുള്ള സാധ്യത ബലപ്പെടുത്തുന്നതാണു രാസപരിശോധനാ ഫലമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1