ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.  2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച  ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെല്ലാം നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചു നല്‍കണമായിരുന്നു. നികുതിബാധകമായ ഉത്പന്നങ്ങളുമായി എത്തിച്ചേരുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാമെന്ന് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സഞ്ജയ് മംഗള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ശേഷം നീണ്ട ക്യൂവില്‍ നില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ യാത്രികര്‍ക്ക് ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരിന്ത്യാക്കാരന് വിദേശരാജ്യങ്ങളില്‍ നിന്ന് 45,000 രൂപയുടെ ഉത്പന്നങ്ങള്‍ വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഏപ്രില്‍ ഒന്നുമുതല്‍ 50,000 രൂപയുടെ സാധനങ്ങള്‍ക്കു വരെ നികുതിയിളവ് ലഭ്യമാകും. ഇന്ത്യന്‍ പൗരന് ചൈനയില്‍ നിന്നു വരുമ്പോള്‍ 6000 രൂപയാണ് ഡ്യൂട്ടി ഫ്രീ അലവന്‍സ് അനുവദിക്കാറ്. ഇതും ഭേദഗതി ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം വിദേശീയര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സ് പരിധി 8000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്തി. രണ്ടു ലിറ്റര്‍ മദ്യം, 125 സിഗററ്റ്, 50 സിഗാര്‍, 125 ഗ്രാം പുകയില എന്നീ പരിധികള്‍ അതേപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആകാശയാത്രയ്ക്കു മാത്രമേ ഈ ഇളവുകള്‍ ബാധകമാകുകയുള്ളൂ. കര-ജല മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് പഴയ രീതിയില്‍ തന്നെ നികുതി അടയ്‌ക്കേണ്ടിവരും.