3/19/2016

പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം ഗ്രാമങ്ങളിലേക്കും

ചടങ്ങുകളുടെ സംഘാടകരും പരിധിയില്‍; ചട്ടലംഘനത്തിന് പിഴ
plastic waste
 
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം കര്‍ശനമാക്കി. ഇപ്പോള്‍ നഗരങ്ങളില്‍മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യനിയന്ത്രണച്ചട്ടങ്ങള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം 40 മൈക്രോണില്‍ നിന്ന് 50 മൈക്രോണായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെ കനം 50 മൈക്രോണായി നിജപ്പെടുത്തും.

2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടം-2016) പുറത്തിറക്കി.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് ചട്ടം വിപുലീകരിച്ചത്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിവാഹം, മത-രാഷ്ട്രീയ-സാമൂഹിക പരിപാടികള്‍ എന്നിവയുടെ സംഘാടകര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം പുതുക്കിയ ചട്ടത്തില്‍ വ്യവസ്ഥചെയ്യുന്നു. ആദ്യമായാണ് ചടങ്ങുകളുടെ സംഘാടകരെ ചട്ടങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് ഫീസ് ചുമത്താനും ചട്ടലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. പ്ലാസ്റ്റിക് ഉത്പാദകര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, നിര്‍മാതാക്കള്‍, കയറ്റുമതി ഇടപാടുകാര്‍ തുടങ്ങിയവര്‍ക്കും പുതുക്കിയ ചട്ടം ബാധകമായിരിക്കും.

കനം വര്‍ധിപ്പിക്കുന്നതോടെ ക്യാരി ബാഗുകളുടെ നിര്‍മാണച്ചെലവ് 20 ശതമാനത്തോളം കൂടും. ഇതോടെ സൗജന്യമായി ഇവ നല്‍കാനുള്ള പ്രവണത കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാമെന്നാണ് ധാരണ.

പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ ഇതുവരെ കണ്ടു പിടിക്കാത്തതിനാല്‍, സമ്പൂര്‍ണപ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്.
 
പുതുക്കിയ ചട്ടങ്ങളുടെ മറ്റ് പ്രധാന വ്യവസ്ഥകള്‍ :
  • മാലിന്യം കൈകാര്യംചെയ്യാന്‍ സംവിധാനമുണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍ എന്നിവരില്‍നിന്ന് പ്രീ-രജിസ്‌ട്രേഷന്‍മുഖേന പ്ലാസ്റ്റിക് മാലിന്യ മാനേജ്‌മെന്റ് ഫീ ഈടാക്കും.
 
  • ക്യാരി ബാഗുകളുടെ ഉത്പാദകരും ഇറക്കുമതിക്കാരും ബ്രാന്‍ഡ് ഉടമകളും അവരുടെ ഉത്പന്നങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം സ്ഥാപിക്കണം. വിജ്ഞാപനം പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി സജ്ജമാക്കണം. പദ്ധതിക്ക് മലിനീകരണനിയന്ത്രണ ബോര്‍ഡുകളുടെ അംഗീകാരം നേടണം.
 
  • പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍ത്തലാക്കണം.
  • പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്ന ചടങ്ങുകളുടെ സംഘാടകര്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ സംവിധാനമുണ്ടാക്കണം.

  • ചട്ടലംഘനങ്ങള്‍ക്ക് യൂസര്‍ ഫീസ് അല്ലെങ്കില്‍ തല്‍സ്ഥലപിഴ ഈടാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഫീസ് പിരിക്കാനും പിഴചുമത്താനുമുള്ള അധികാരം.
  • ഉത്പാദകരും ബ്രാന്‍ഡ് ഉടമകളും പ്രാദേശികഭരണകൂടവുമായി ചര്‍ച്ച ചെയ്ത് ആറു മാസത്തിനുള്ളില്‍ മാലിന്യം കൈകാര്യംചെയ്യാന്‍ സംവിധാനം ഉണ്ടാക്കണം.
 
  • സംസ്ഥാന നഗരവികസനവകുപ്പ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കണം.
 
  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
 
  • പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാന്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, വില്‍പനക്കാര്‍ എന്നിവരില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ പ്രതിമാസം നാലായിരംരൂപ എന്ന ക്രമത്തില്‍ ഈടാക്കണം.
  •         ഈ തുക നിര്‍മാണത്തോത് അനുസരിച്ച് വര്‍ധിപ്പിക്കാം.
 
  • സമാനമായി, കച്ചവടക്കാരും തെരുവു വ്യാപാരികളും ഈ ഫീസ് അടച്ച് തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ചെയ്യണം. ഇതോടെ ക്യാരി ബാഗുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് വില ഈടാക്കി വില്‍ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്നും ജനങ്ങള്‍ മറ്റ് ബാഗുകള്‍ ഉപയോഗിക്കാന്‍ ഇടയാകുമെന്നുമാണ് സര്‍ക്കാര്‍ ധാരണ.

  • തദ്ദേശസ്ഥാപനങ്ങളില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ചെയ്ത കച്ചവടക്കാര്‍ക്കും തെരുവു വ്യാപാരികള്‍ക്കുംമാത്രമേ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ അധികാരമുണ്ടാവുകയുള്ളു.
 
  • വിലയ്ക്കാണ് ക്യാരിബാഗുകള്‍ നല്‍കുന്നതെന്ന് കടകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
 
  • ചട്ടപ്രകാരം നിര്‍മിക്കാത്ത ക്യാരിബാഗുകള്‍ വില്‍ക്കാന്‍ പാടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1