ന്യൂഡല്‍ഹി:  ജോര്‍ജ് ലൂക്കയുടെ 'സ്റ്റാര്‍ വാര്‍' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. ഗ്രഹാന്തര യുദ്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ അതിശക്തമായ ആയുധങ്ങളാണ് സിനിമാപ്രേമികളെ ആകര്‍ഷിച്ചത്. ഉന്നത ഊര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍കൊണ്ട് എതിരാളികളെ തകര്‍ക്കുന്ന ആയുധങ്ങള്‍ 1977ല്‍ 'സ്റ്റാര്‍ വാര്‍' പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഭാവന മാത്രമായിരുന്നെങ്കില്‍ 2015 ല്‍ ഏഴാമത്തെ സിനിമ പുറത്തിറങ്ങിയപ്പോഴേക്കും യാഥാര്‍ഥ്യമാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.
ലോക ശക്തികളായ അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ സമാനമായ ഡയറക്ട് എനര്‍ജി ആയുധം ഇന്ത്യയും നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വികസന ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ ആയുധത്തിന്റെ പണിപ്പുരയിലുള്ളത്. ഇതിനോടകം തന്നെ 800 മീറ്റര്‍ പ്രഹര പരിധിയുള്ള ആയുധത്തിന്റെ പരീക്ഷണം ഹൈദരാബാദിലും ഹരിയാനയിലെ രാംഗഡിലും നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 10 കിലോവാട്ട് ശക്തിയുള്ളതാണ് ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ആയുധം.
ഭാവിയിലെ ആയുധങ്ങള്‍ എന്നാണ് ഇത്തരത്തിലുള്ള ഡയറക്ട് എനര്‍ജി ആയുധങ്ങളെ വിശേഷിപ്പിക്കുന്നത്. ഉന്നതോര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍ അല്ലെങ്കില്‍ അതിശക്തമായ മൈക്രോവേവ് തരംഗങ്ങള്‍ എന്നിവയാകും ആയുധത്തില്‍ ഉപയോഗിക്കുക. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ഈ ആയുധം ഉപയോഗിച്ച് സാധിക്കും. ഇതോടെ സമീപ ഭാവിയില്‍ തന്നെ 'സ്റ്റാര്‍ വാര്‍'  മോഡല്‍ ആയുധങ്ങള്‍ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.
അതിവേഗം കൃത്യതയോടെ ശത്രുവിനെ പ്രഹരിക്കാന്‍ സാധിക്കുമെന്നതാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ സവിശേഷത. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താം. ശബ്ദം ഒട്ടും തന്നെ ഉണ്ടാവുകയുമില്ല. മിസൈലുകളെ അപേക്ഷിച്ച് എങ്ങനെ വേണമെങ്കിലും പ്രയോഗിക്കാം. പരിമിതികളില്ല, കൂടുതല്‍ നാശങ്ങളുണ്ടാക്കുകയും ചെയ്യും തുടങ്ങിയവയാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ പ്രത്യേകതകള്‍. ആയുധത്തിനാവശ്യമായ ശക്തമായ ലേസര്‍ നിര്‍മ്മിക്കാനായി 115 കോടിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ ഏറെ സമയവും പണവും ചിലവഴിക്കുന്നത് നേരത്തെ സൈനിക കേന്ദ്രങ്ങളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. അമേരിക്കയുടെ പക്കല്‍ 33 കിലോവാട്ടിന്റെ ആയുധമുണ്ടെന്നാണ് വിവരങ്ങള്‍. ചെറിയ കപ്പലുകളെയും ബോട്ടുകളേയും ഡ്രോണുകളേയും ഇതുപയോഗിച്ച് തകര്‍ക്കാനാകും. ഇത്തരത്തിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.