ചിരിയുടെ 'അമിട്ട്'
പാരഡി കൈമുതലാക്കി മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞുനിന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് വി.ഡി രാജപ്പന്‍ ജീവന്‍നല്‍കി. മുത്താരുംകുന്ന് പി.ഒയില്‍ വി.ഡി രാജപ്പന്റെ സഹദേവന്‍ എന്ന ചായക്കടക്കാരനും നകുലന്‍ എന്ന ജഗതിയുടെ ചായക്കടക്കാരനും തമ്മിലുള്ള വഴക്കുകളും വെല്ലുവിളികളും ചിരിയുടെ പൂത്തിരിസൃഷ്ടിച്ചു. കുസൃതിക്കാറ്റിലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചന്‍, പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കള്‍, ഇതാ ഇന്നുമുതലിലെ തച്ചോളി തങ്കപ്പന്‍..അങ്ങനെ വി.ഡി രാജപ്പനെ ചിരിപടര്‍ത്തിയ ചിത്രങ്ങള്‍ നിരവധി. സുരാസു, ജോണ്‍ ഏബ്രഹാം എന്നിവരുമായുള്ള സൗഹൃദമാണ് വി.ഡി രാജപ്പന് സിനിമയിലേക്ക് വഴിതുറന്നത്. ജോണ്‍ ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ അടൂര്‍ഭാസിയെ കാണുകയും അവിടെവച്ച് 'മരുതുമലൈ മാമുനിയേ മുരുകയ്യാ.. എന്ന ഈണത്തിനൊപ്പിച്ച് 'കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ'.. എന്ന ഒറ്റ പാരഡികൊണ്ട് അദ്ദേഹത്തെ ഭാസിയുടെ മനം കവര്‍ന്നു. അങ്ങനെ അടൂര്‍ ഭാസിയാണ് വി.ഡി രാജപ്പനെ നസീറിന് പരിചയപ്പെടുത്തിയത്.
പക്ഷേ വി.ഡി രാജപ്പന്‍ അഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളും റിലീസായില്ല. കാട്ടുപോത്തിലാണ് ആദ്യം വേഷമിട്ടത്. രഘുവരനും രോഹിണിയും മുഖ്യവേഷങ്ങള്‍ ചെയ്ത കക്കയിലൂടെയാണ് വി.ഡി.രാജപ്പനെ അഭ്രപാളിയില്‍ ജനം ആദ്യം കാണുന്നത്. നാലാമത്തെ ചിത്രമായ 'കുയിലിനെ തേടി' റിലീസായതോടെ വി.ഡി രാജപ്പന്‍ സിനിമയുടെ ഹാസ്യത്തിന് അഭിവാജ്യഘടകമായി.
എങ്ങനെ നീ മറക്കും. വീണ്ടും ചലിക്കുന്ന ചക്രം, പഞ്ചവടിപ്പാലം, ഇതാ ഇന്നുമുതല്‍, ആട്ടക്കലാശം, ന്യായവിധി, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അദ്ദേഹം സിനിമയില്‍ ഗായകനായി, സംഗീത സംവിധായകനുമായി. സഖാവ് എന്ന ചിത്രത്തില്‍ മുന്‍മന്ത്രി പന്തളം സുധാകരന്റെ വരികള്‍ക്ക് ഈണമിട്ടു. സഖാവ് കൂടാതെ ആനയ്‌ക്കൊരുമ്മ എന്ന സിനിമയിലും പാട്ടിന് ട്യൂണിട്ടു.
'സഖാവിന്' സംഗീതസംവിധാനം ചെയ്യാമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഒരു ഫുള്ളും ടേപ് റിക്കോര്‍ഡറും തീപ്പെട്ടിയും തന്നാല്‍ ട്യൂണിടാമെന്ന മറുപടിയിലും ഒരു ഹാസ്യകലാകാരനെ കാണാന്‍ കഴിയും. തീപ്പെട്ടിയെന്തിന് എന്ന് ചോദിച്ചവര്‍ക്ക് ഉണ്ണിമേരി അവതരിപ്പിച്ച കാബറെ ഡാന്‍സ് കണ്ടവര്‍ക്ക് ഉത്തരം കിട്ടും. സുരലോകം നിറയുന്നു എന്ന  ആ ഗാനത്തിന് തീപ്പെട്ടികൊണ്ടാണ് രാജപ്പന്‍ താളമിട്ടത്.
 mathrubhumi.com

ദു:ഖങ്ങളെ പാരഡിയാക്കിയ പെരുന്തച്ചന്‍

രായിരുന്നു വി.ഡി. രാജപ്പന്‍ എന്ന ചോദ്യത്തിന് ആരല്ല രാജപ്പന്‍ എന്ന മറുചോദ്യമാണ് ഏറ്റവും ഉചിതമായ ഉത്തരം. നടനായിരുന്നു. കാഥികനായിരുന്നു. ഗായകനായിരുന്നു. ഗാനരചയിതാവായിരുന്നു. ഇതെല്ലാം കൂടി ചേര്‍ത്തരച്ച അതിഗംഭീരനായ പാരഡിക്കാരനുമായിരുന്നു.
പാരഡിയെന്ന പടുപാട്ടിന് ഒരു സിനിമാഗാനത്തോളം അല്ലെങ്കില്‍ അതിലേറെ ജനപ്രീതിയും മാന്യതയും നല്‍കിയതില്‍ രാജപ്പനുള്ള പങ്ക് പറഞ്ഞാല്‍ തീരുന്നതല്ല. രാജപ്പന്റെ പാരഡികള്‍ അവയുടെ ഒറിജിനലുകളെ പോലും കളിയാക്കി പാടി പിന്തള്ളിയ ചരിത്രം എത്ര വേണമെങ്കിലുമുണ്ട്. പാരഡിയെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടില്‍ പോലും പാരഡി ഈണങ്ങള്‍ തത്തിക്കളിപ്പിക്കാന്‍ കഴിഞ്ഞതാണ് രാജപ്പന്റെ വിജയം.
പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലുള്ള പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു.
മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇൗ പരിഹാസപ്പാട്ടുകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശം കൂടിയാണ് രാജപ്പന്‍ നടത്തിയത്. വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം സാബുവും പോലുള്ള അതികായന്മാര്‍ വേദിയില്‍ കെടാവിളക്കായി കത്തിനില്‍ക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗകലയില്‍ രാജപ്പന്റെയും അരങ്ങേറ്റം. അതികായരെ പിന്തള്ളുക എളുപ്പമല്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ സമര്‍ഥമായി മറ്റൊരു ട്രാക്ക് പിടിക്കുകയായിരുന്നു കാണാന്‍ അത്രയ്‌ക്കൊന്നും ഗ്ലാമര്‍ ഇല്ലാതിരുന്ന, പത്ത് പാസാവാത്ത രാജപ്പന്‍. മനുഷ്യര്‍ക്ക് പകരം മൃഗങ്ങളെയാക്കി കഥാപാത്രങ്ങള്‍. വെറും പാട്ടിനു പകരം ഹിറ്റ്ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. സാംബശിവന്റെയും കെടാമംഗലത്തിന്റെയും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജപ്പന്റെ കോഴിയും എരുമയും പോത്തും എലിയും തവളയുമെല്ലാം തകര്‍ത്താടുന്നതാണ് പിന്നീട് കണ്ടത്. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആളുകള്‍ ക്ഷമയോടെ ഇരുന്നു.
അയ്യാറെട്ടിന്‍ നെന്മണി കണ്ടാല്‍ എന്റമ്മച്ചീ
എങ്ങിനെ ഞാനിട്ടേച്ചുപോരും
എന്നും
പൂമുഖ വാതില്‍ക്കല്‍ പുച്ഛിച്ചു നില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യയെന്നുമെല്ലാം കേട്ട് ജനങ്ങള്‍ തല തല്ലിച്ചിരിച്ചു. മൂന്ന് പതിറ്റാണ്ട് അങ്ങിനെ ചരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജപ്പന്‍ വേദികളിലും കാസറ്റ് ടേപ്പുകളിലും നിറഞ്ഞങ്ങിനെ നിന്നു.
 പ്രിയേ നിന്റെ കരയും നമുക്ക് പാര്‍ക്കാന്‍ ചന്ദനക്കാടുകളും കുമാരി എരുമയും എന്നെന്നും കുരങ്ങേട്ടനും കിഡ്‌നിയും അമിട്ടും അവളുടെ പാര്‍ട്‌സുകളുമെല്ലാം വേദികളില്‍ തകര്‍ത്തോടുമ്പോള്‍ ഗൗരമേറിയ കഥാപ്രസംഗക്കാര്‍ പോലും ഒന്നു വിറച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടെ പത്ത് കാസറ്റുകളും പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളിലും വലിയ ഡിമാന്റായിരുന്നു രാജപ്പന്റെ പാട്ടിന്.  
പത്ത് പാസായിട്ടില്ല രാജപ്പന്‍. എങ്ങിനെ പാസാവും. ക്ലാസില്‍,  പഠിക്കുന്ന കവിതകള്‍ക്ക് പാരഡിയുണ്ടാക്കലായിരുന്നു വിനോദം. പിന്നെയാണ് സിനിമാഗാനങ്ങളെ പിടിച്ചത്. കോട്ടയം ചന്തയ്ക്കകത്തെ ബാര്‍ബര്‍ഷോപ്പില്‍ വരുന്ന സുഹൃത്തുക്കളെ പാടിരസിപ്പിക്കലായി പിന്നത്തെ പണി. പിന്നെ സൈക്കിള്‍യജ്ഞക്കാരുടെ കൂടെയായി ചില്ലറ ഹാസ്യ പൊടിക്കൈകളുമായി യാത്ര. ഇടയ്ക്ക് ചില നാടകങ്ങള്‍. അങ്ങിനെ ഇതെല്ലാം കൂടി ചേര്‍ത്ത് സ്വന്തമാക്കി കഥാപ്രസംഗമാക്കി. കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ആംഗ്ലോ ഇന്ത്യന്‍ തവളയെ  നായികയാക്കിയ മാക്... മാക്... ആയിരുന്നു ആദ്യ കഥാപ്രസംഗം. തന്റെ കോപ്രായങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നതായി രാജപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, രാജപ്പനെ മലയാളം തഴഞ്ഞില്ല. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരിതപ്പിച്ചിട്ടും അവര്‍ ഗാനഗന്ധര്‍വനെപ്പോലെ തന്നെ രാജപ്പനുവേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ട് മണിക്കൂര്‍ വരെ ഒറ്റനില്‍പ്പില്‍ നിന്ന് കഥ പറഞ്ഞു രാജപ്പന്‍. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാദിര്‍ഷായെ പോലുള്ള അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അശ്ലീലം കൊണ്ടും നിലവാരമില്ലായ്മ കൊണ്ടും പലരും പാരഡിയെ കൊല്ലാതെ കൊന്നു. അപ്പോഴും രാജപ്പന്റെ പാട്ടുകള്‍ കാലത്തിന്റെ പോറലേല്‍ക്കാതെ നിന്നു. ഒടുക്കം രോഗം തളര്‍ത്തി കട്ടിലില്‍ ഒതുങ്ങിപ്പോയപ്പോഴും ജീവിതത്തെ ഒരു പാരഡിയായി തന്നെ കണ്ടു രാജപ്പന്‍. ദൈന്യത ചുളിവുവീഴ്ത്തിയ ചുണ്ടുകൊണ്ട് അവസാന കാലത്തും ഒരു  പാരഡി മൂളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പാരഡികളുടെ ഈ പെരുന്തച്ചന്‍.