മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിന് തറപറ്റിച്ചാണ് കിവികള്‍ സെമിയില്‍ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ജമൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി.
180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (25 പന്തില്‍ 47) അഹ്മദ് ഷെഹ്‌സാദും (32 പന്തില്‍ 30) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 5.3 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ ഇടക്കിടെ വിക്കറ്റുകള്‍ വീണതോടെ പാകിസ്താന്റെ റണ്ണൊഴുക്ക് കുറഞ്ഞു. ന്യൂസിലന്‍ഡ് ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ പാക് സ്‌കോര്‍ 158ല്‍ ഒതുങ്ങി.
ഉമര്‍ അക്മലും(26 പന്തില്‍ 24) ഷാഹിദ് അഫ്രീദിയും (9 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. കളിയവസാനിക്കുമ്പോള്‍ ഷുഐബ് മാലികും (13 പന്തില്‍ 15) സര്‍ഫ്രാസ് അഹ്മുമായിരുന്നു (8 പന്തില്‍ 10) ക്രീസില്‍. ഖാലിദ് ലത്തീഫാണ് (3) പുറത്തായ മറ്റൊരു പാക് ബാറ്റ്‌സ്മാന്‍.