by സ്വന്തം ലേഖകൻ
കൊല്ലം∙ തുരപ്പനെ തുരത്താൻ കൊടുവേലി, മണ്ണൊലിപ്പു തടയാൻ രാമച്ചം, പാമ്പിൻ ശല്യം അകറ്റാൻ വയമ്പ്, കൊതുകിൽ നിന്നു രക്ഷ നേടാൻ തുളസി വർഗത്തിലെ വിക്സ് ചെടി...ആയുർവേദ സസ്യങ്ങൾ മരുന്നിനു മാത്രമല്ല, കൃഷിയിലും നിത്യജീവിതത്തിലും വലിയ പങ്ക് വഹിക്കുന്നതായി സെമിനാർ. ജില്ലാ ആയുർവേദ ഔഷധ നിർമാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) നേതൃത്വത്തിലായിരുന്നു സെമിനാർ.
ഇടവിളയായി കൊടുവേലി കൃഷി ചെയ്താൽ തുരപ്പനെ അകറ്റാം. ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്ന വിക്സ് ചെടി ജനാലയുടെയോ വാതിലിന്റെയോ സമീപം വച്ചാൽ കൊതുകിന്റെ ശല്യം അകറ്റാമെന്നു ക്ലാസ് നയിച്ച നാഗാർജുന ആയുർവേദ ഗവേഷണ വിഭാഗം മാനേജർ ബേബി ജോസഫ്.
വഴിയോരത്തും മറ്റും സുലഭമായി കാണപ്പെട്ടിരുന്ന കുറുന്തോട്ടി തൊഴിലുറപ്പു പദ്ധതി വന്നതോടെ കുറ്റിയറ്റു. ആയുർവേദ ഔഷധ നിർമാണത്തിനു കുറുന്തോട്ടി വാങ്ങുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ഒരു കിലോ കുറുന്തോട്ടിക്ക് 65 രൂപ വിലയുണ്ട്. പാതയോരത്തും തൊടിയിലും മറ്റും ലഭിച്ചിരുന്ന ഒട്ടേറെ ഔഷധ സസ്യങ്ങൾ തൊഴിലുറപ്പു പദ്ധതി വ്യാപകമായതോടെ ഇല്ലാതായെന്നു സെമിനാർ അഭിപ്രായപ്പെട്ടു.
സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ കിറ്റ് വിതരണവും നിർവഹിച്ചു. സംഘം പ്രസിഡന്റ് ഡോ. വി. മോഹൻ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് അസി. കൺസർവേറ്റർ കോശി ജോൺ, എഎംഎഐ സംസ്ഥാന സെക്രട്ടറി ഡോ. രജിത്ത് ആനന്ദ്, ഡോ. വി. സുരേഷ് ബാബു, ഡോ. എസ്. അനിൽകുമാർ, ഡോ. ജി. പ്രമോദ്, ഡോ. വരുൺ നടരാജൻ, വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. ജി. രാജേന്ദ്രൻ പ്രോജക്ട് അവതരിപ്പിച്ചു.
വൃക്ഷവിവാഹം ആചാരം
ബേബി ജോസഫിന്റെ ക്ലാസിൽ നിന്ന്: വൃക്ഷങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ആചാരം പുരാതന കാലം മുതലുണ്ട്. ഇത് അന്ധവിശ്വാസമായി കാണേണ്ട. സസ്യങ്ങളെ ഗുരുതുല്യമായി കാണുന്ന ഭാരതത്തിൽ അവ സംരക്ഷിക്കുന്നതിനുള്ള ഒട്ടേറെ ആചാര അനുഷ്ഠാനങ്ങളിൽ ഒന്നാണു വൃക്ഷവിവാഹം. ആലിനെ വരൻ ആയും ആര്യവേപ്പിനെ വധുവായും കണക്കാക്കിയാണു വൃക്ഷവിവാഹം. ആലിനും ആര്യവേപ്പിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
നക്ഷത്ര വൃക്ഷവും ഒരു ആചാരമാണ്. പേപ്പട്ടിവിഷം, നാഡി സംബന്ധമായ രോഗം, വാതം എന്നിവയുടെ ചികിൽസയ്ക്കു കാഞ്ഞിരം ഫലപ്രദമാണ്. അശ്വതി നാളിന്റെ വൃക്ഷമായാണു കാഞ്ഞിരമരത്തെ കണക്കാക്കുന്നത്.
ഭരണി നക്ഷത്രത്തിന്റെ വൃക്ഷമായ നെല്ലി ഔഷധങ്ങളുടെ കലവറയാണ്. ഇങ്ങനെ 27 നാളിനും ഓരോ വൃക്ഷമുണ്ട്. എല്ലാം ഔഷധ പ്രധാനമാണ്. ഇന്ത്യയിൽ എല്ലാ നാട്ടുഭാഷയിലും ഒരു പേരു മാത്രമുള്ള സസ്യമാണു തുളസി.
നേടാം, മികച്ച വരുമാനം
ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. ആറു മാസം മുതൽ രണ്ടുവർഷത്തിനുള്ളിൽ ആദായം എടുക്കാം.
കാലവർഷത്തിന്റെ ആരംഭത്തിലാണു നടേണ്ടത്. ഔഷധസസ്യ കൃഷിക്കു ജൈവവളം മാത്രം ഉപയോഗിക്കണം. രാസവളം ഉപയോഗിച്ചാൽ ചെടിയുടെ ഗുണമേന്മ നഷ്ടമാകും. കൃഷിക്ക് അനുയോജ്യമായ ചില ഇനങ്ങൾ:
രാമച്ചം
മണൽപ്രദേശങ്ങളിൽ കൃഷിക്ക് ഉചിതം. മണ്ണൊലിപ്പു തടയും. രണ്ടു വർഷം ആകുമ്പോൾ വേര് എടുക്കാം. വില: 100 രൂപ. ഇരുവേലി, കച്ചോലം, കസ്തൂരി മഞ്ഞൾ, കിരിയാത്ത്, പുളിയാറില, കുറുന്തോട്ടി, ഒരില, പൂവരശ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ കൃഷി ചെയ്യാം.
സർക്കാരിന്റെയും ഔഷധ നിർമാണ ശാലകളുടെയും കൺസോർഷ്യം നടത്തുന്ന കെയർ കേരള മുഖേന ആയുർവേദ സസ്യങ്ങൾ വിൽക്കാൻ കഴിയും. തൃശൂർ കൊരട്ടിയാണ് ആസ്ഥാനം. ഭേഷജത്തിന്റെ നേതൃത്വത്തിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കും.
കൊടുവേലി
പൂവിന്റെ നിറം അനുസരിച്ചു മൂന്നുതരം കൊടുവേലിയുണ്ട്– വെള്ള കൊടുവേലി, ചെത്തി (ചുവന്ന) കൊടുവേലി, നീലകൊടുവേലി. വടക്കേ ഇന്ത്യയിലാണു വെള്ളകൊടുവേലി. ഇവിടെ ചുവന്ന കൊടുവേലിയാണു പ്രധാനം. കിഴങ്ങുവർഗമാണ്. തണ്ടാണു നടീൽ വസ്തു. ആറ് ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത തണ്ടു നടണം. ഒരു അടി നീളത്തിൽ വരെ കിഴങ്ങ് വളരും.
ഒന്നര വർഷം കഴിയുമ്പോൾ ചെടി പൂക്കും. അപ്പോൾ കിഴങ്ങ് എടുക്കാം. കിഴങ്ങ് പൊട്ടാതെ വേണം കിളച്ചെടുക്കേണ്ടത്, കിഴങ്ങ് എടുക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. പ്ലംബാജിൻ എന്ന രാസവസ്തു ഇതിലുണ്ട്. ഇതു ശരീരത്തിൽ തട്ടിയാൽ തീപൊള്ളലേറ്റപേലെ പൊള്ളലുണ്ടാകും. ചുണ്ണാമ്പുവെള്ളത്തിൽ ശുദ്ധി ചെയ്താണ് ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരു ഏക്കർ സ്ഥലത്തു നിന്നു 1,500 കിലോ കിഴങ്ങ് ലഭിക്കും. കിലോ വില:– 250–300 രൂപ.
ഒറ്റമൂലി: മൂലക്കുരു, ഉദരരോഗം എന്നിവയ്ക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. കോഴി ഇറച്ചിപാചകം ചെയ്യുമ്പോൾ പച്ചക്കിഴങ്ങിന്റെ ചെറിയ കഷണം അരിഞ്ഞിട്ടാൽ മൂലക്കുരു രോഗികൾക്കു രോഗം കൂടില്ല.
നീല അമരി
ഇലയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തു നടാൻ പാടില്ല. തുറസായ സ്ഥലത്തു മൂന്നടി അകലത്തിൽ നടണം. അഞ്ചു മാസം കഴിയുമ്പോൾ പൂക്കൾ വരും. മുറിച്ചുകഴിഞ്ഞാൽ രണ്ടു മൂന്നു മണിക്കൂറിനകം. വിപണന കേന്ദ്രത്തിൽ എത്തിക്കണം. അതു കഴിഞ്ഞാൽ ഇല കൊഴിഞ്ഞുപോകും. (വിപണനം ഉറപ്പാക്കിയ ശേഷമേ ചെടി മുറിക്കാവു). ഒരു ചുവട്ടിൽ നിന്ന് 20 കിലോ വരെ ആദായം ലഭിക്കും. വില: 50–100 രൂപ.
സർപ്പഗന്ധി
പൂവിന്റെ നിറം അനുസരിച്ചു മൂന്ന് ഇനം– നീല, വെള്ള, ചുവപ്പ്. ഇവിടെ മരുന്നിനു ഉപയോഗിക്കുന്നതു ചുവപ്പു സർപ്പഗന്ധിയാണ്. പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞ ആകൃതിയാണു വേരിന്. രക്തസമ്മർദം കുറയ്ക്കുന്നതിനു സർപ്പഗന്ധി ഉപയോഗിക്കുന്നുണ്ട്. നടീൽ വസ്തു കായ് ആണ്. ഗ്രോബാഗിലും ചെടിച്ചട്ടിയിലും നടാം. വില: 800–850 രൂപ.
അടപതിയൻ കിഴങ്ങ്
കാച്ചിൽ പോലെ പടർന്നു കയറും. ഇലയ്ക്കു കൈപ്പത്തിയുടെ നീളമുണ്ടാകും. കറയ്ക്കു മധുരമുണ്ട്. 18 മാസത്തിനുള്ളിൽ ആദായം ലഭിക്കും. നടീൽ വസ്തു കായ് ആണ്. ഒരു കായിൽ 500 വിത്തുകൾ വരെയുണ്ടാകും.
കായ്ക്കു ചുവപ്പുനിറം ആകുമ്പോൾ തന്നെ ശേഖരിക്കണം. അതു കഴിഞ്ഞാൽ കായ് പൊട്ടി അപ്പൂപ്പൻ താടി പോലെ പറന്നുപോകും. എട്ടുമണിക്കൂർ വെള്ളത്തിൽ ഇട്ടശേഷമാണു കായ് നടേണ്ടത്. പാത്തി കോരിയാണു നടേണ്ടത്. മൂടുകൾ തമ്മിൽ രണ്ട് അടി അകലം വേണം. പടരുന്നതിനു പന്തൽ ഇടുന്നത നല്ലതാണ്.
നേത്രസംബന്ധമായ രോഗങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. പൂക്കൾ തോരൻ വച്ചോ പച്ചയ്ക്കോ തിന്നാൽ കാഴ്ചശക്തിക്കു നല്ലതാണ്. കിലോ വില: 750–1,000 രൂപ.
നാഗദന്തി
കൃഷിക്കും പരിപാലനത്തിലും അധ്വാനഭാരം വളരെ കുറച്ചുമതി. തണ്ടു ‘വലിച്ചെറിഞ്ഞാൽ’ പോലും കിളിർത്തു വളരും. രണ്ടു വർഷത്തിനുള്ളിൽ ആദായം ലഭിക്കും. പാമ്പിന്റെ പല്ലു പോലെയാണ് ഇലയുടെ ആകൃതി. വേരും തണ്ടും പറിച്ചെടുത്ത് ഉണക്കിയാണു വിൽക്കേണ്ടത്. വില: 130 രൂപ.
ഗ്രാന്റ് ലഭിക്കും
ഔഷധ സസ്യബോർഡ് ഔഷധസസ്യ കൃഷിക്കു ഗ്രാന്റ് നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ആയുഷ് മുഖേനയാണ് ഇതു നടപ്പാക്കുന്നത്.
© Copyright 2016 Manoramaonline. All rights reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ