ഡല്‍ഹി: ലോക വനിതാ ട്വന്റി-20യില്‍ മഴ മുടക്കിയ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് രണ്ട് റണ്‍സ് ജയം. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവേയാണ് കളി മുടക്കി മഴയെത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പാകിസ്താനെതിരെ ഒരോവറില്‍ കളി തിരിച്ച് ഇന്ത്യ തിരിച്ചടിച്ച ഉടനെ നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ മഴയെത്തുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ: 96/7 (20 ഓവര്‍); പാകിസ്താന്‍- 77/6 (16 ഓവര്‍).
ടോസ് മുതല്‍ ഒരു ഘട്ടത്തിലും ഇന്ന് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 96 റണ്‍സിലൊതുങ്ങി. 15 ഓവറില്‍ നാല് വിക്കറ്റിന് 74 റണ്‍സെന്ന ശക്തമായിരുന്ന നിലയിലായിരുന്ന പാകിസ്താനെ 16-ാം ഓവറില്‍ രണ്ട് റണ്ണൗട്ടുകളിലൂടെ പ്രതിരോധത്തിലാക്കിയെങ്കിലും മഴ വില്ലനാവുകയും ചെയ്തു.
സിദ്ര അമീന്‍ (26 പന്തില്‍ 26), നാഹിദ ഖാന്‍ (15 പന്തില്‍ 14), ഇറാം ജാവേദ് (14 പന്തില്‍ 10) എന്നിവരാണ് പാക് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയവര്‍. മുനീബ അലിയും (16 പന്തില്‍ 12) റണ്ണൊന്നുമെടുക്കാതെ നിദ ദറുമായിരുന്നു  മഴയെത്തുമ്പോള്‍ ക്രീസില്‍.
പാകിസ്താന് 16 ഓവറില്‍ മഴ നിയമപ്രകാരം വേണ്ടിയിരുന്നത് 75 റണ്‍സായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ രണ്ട് റണ്‍സിന് ജയിക്കുകയായിരുന്നു.
Cric
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സനാ മിറിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് പാക് വനിതകള്‍ പുറത്തെടുത്തത്.
ന്യൂബോളെടുത്ത അനാം അമീനും അസ്മാവിയ ഇഖ്ബാലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഓപ്പണര്‍ വനിതയെ അനാമും പിന്നാലെയെത്തിയ സ്മൃതി മന്ദനയെ അസ്മാവിയയും പുറത്താക്കിയതോടെ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായി.
3.3 ഓവറില്‍ രണ്ട് വിക്കറ്റിന് അഞ്ച് റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക് രണ്ടക്കം കടക്കാന്‍ ഏഴാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ക്യാപ്റ്റന്‍ മിതാലി രാജും (35 പന്തില്‍ 16) ഹര്‍മന്‍പ്രീത് കൗറും (29 പന്തില്‍ 16) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ മിതാലിയെ മടക്കി നിദ ദര്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നല്‍കി. അധികം വൈകാതെ സാദിയ യൂസഫിന് ഇരയായി കൗറും മടങ്ങി.
അവസാന ഘട്ടത്തില്‍ വേദ കൃഷ്ണമൂര്‍ത്തി (19 പന്തില്‍ 24), ജൂലാന്‍ ഗോസ്വാമി (14 പന്തില്‍ 14), ശിഖ പാണ്ഡെ (7 പന്തില്‍ 10*) എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന് നൂറിനടുത്തുള്ള സ്‌കോര്‍ സമ്മാനിച്ചത്. അനുജ പാട്ടീലാണ് (3) പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം.
Mithali Raj
പാകിസ്താനായി നാലോവറില്‍ ഒമ്പത് റണ്‍സ് വഴങ്ങിയും അസ്മാവിയ ഇഖ്ബാല്‍ 13 റണ്‍സിനും ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സനാ മിര്‍ നാലോവറില്‍ 14 റണ്‍സിന് ഒരു വിക്കറ്റ് നേടി. സാദിയയും നിദയും ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍ രണ്ടു പേര്‍ റണ്ണൗട്ടാവുകയായിരുന്നു.