മൊഹാലി: ചേസിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് കോലി ഒരിക്കല്‍ കൂടി തെളിയിച്ചു. പുറത്താകാതെ 51 പന്തില്‍ 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്ത്യ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയമാഘോഷിച്ചു. ഫിനിഷിങ്ങില്‍ തന്നെ കഴിഞ്ഞേ ആരുമുള്ളൂ എന്നു പ്രഖ്യാപിച്ച് 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യയുടെ വിജയറണ്‍ കണ്ടെത്തിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 160/ (20 ഓവര്‍); ഇന്ത്യ- 161/4 (19.1 ഓവര്‍).
ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം സെമി ബെര്‍ത്ത് ഉറപ്പിച്ചു. വെസ്റ്റിന്‍ഡീസുമായി 31ന് മുംബൈയിലാണ് ഇന്ത്യയുടെ മത്സരം. തോല്‍വിയോടെ ഓസീസ് ടൂറണമെന്റില്‍ നിന്ന് പുറത്തായി. 30ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം.
ഓസീസ് ഉയര്‍ത്തിയ 161 റണ്‍സ് മറികടന്ന ഇന്ത്യയുടെ പ്രകടനത്തെ ക്ലാസ്സിക് റണ്‍ ചേസ് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സാവധാനം മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ ഇരട്ടി റണ്‍ വേണ്ടിയിരുന്നയിടത്തു നിന്നാണ് ആറ് വിക്കറ്റുകള്‍ അവശേഷിക്കേ വിജയത്തിലെത്തിയത്.
virat
സാവധാനം തുടങ്ങുകയും റണ്‍റേറ്റ് ഉയര്‍ത്തേണ്ട സമയത്ത് കൃത്യമായി സ്‌കോര്‍ ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് തന്നെയാണ് മത്സര ഫലത്തെ നിര്‍ണയിച്ചത്. അവസാന 30 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 25 പന്തില്‍ തന്നെ ഇത്രയും റണ്‍സ് ചേര്‍ത്തത് കോലിയുടെ മികവിലാണ്.
പതിനാറാം ഓവറില്‍ 12 റണ്‍സും പതിനേഴാം ഓവറില്‍ എട്ട് റണ്‍സും നേടിയ ഇന്ത്യയുടെ വിധി നിര്‍ണയിച്ചത് ഫോക്ക്‌നര്‍ എറിഞ്ഞ പതിനെട്ടാം ഓവറാണ്. ഫീല്‍ഡര്‍മാരെ ഔട്ട ഫീല്‍ഡിലേക്ക് നീക്കി ബൗണ്ടറികള്‍ തടയാനുള്ള ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി കോലി ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഫോറും മൂന്നാം പന്തില്‍ സിക്‌സും മനടിയപ്പോള്‍ ഓസീസ് ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരായി. ഈ ഓവറില്‍ പിറന്നത് 19 റണ്‍സാണ്.
തൊട്ടടുത്ത കോള്‍ട്ടര്‍ നെയ്‌ലിന്റെ ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാതിരുന്ന കോലി പിന്നീട് തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ നേടി. അഞ്ചാം പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും ആറാം പന്ത് വീണ്ടും അതിര്‍ത്തിവരയെ ചുംബിച്ചു. ഓവറില്‍ പിറന്നത് 16 റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്ത് നേരിടാനെത്തിയ ധോനിക്ക് മത്സരം അവസാനിപ്പിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Kohli
9 ബൗണ്ടറികളും രണ്ടു സിക്‌സുകളും അടിച്ച കോലി 17-ാം ഓവറില്‍ അര്‍ധസെഞ്ച്വറി പിന്നിടുമ്പോള്‍ നേടിയിരുന്നത് വെറും മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും മാത്രമാണ്. 39 പന്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട കോലി പിന്നീട് നേരിട്ട 12 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 32 റണ്‍സെടുത്തു.
ശര്‍മ (17 പന്തില്‍ 12), ധവാന്‍ (12 പന്തില്‍ 13), റെയ്‌ന (9 പന്തില്‍ 13) എന്നിവരെ 49 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ശേഷം കോലി-യുവരാജ് സഖ്യമാണ് മധ്യ ഓവറുകളില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 45 റണ്‍സ് ചേര്‍ത്തു. കണങ്കാലിലെ പരിക്ക് യുവരാജിനെ വലച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോറിനെയും അത് ബാധിച്ചു. 14-ാം ഓവറിന്റെ അവസാന പന്തില്‍ യുവരാജ് (18 പന്തില്‍ 21) പുറത്താകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 36 പന്തില്‍ 67 റണ്‍സ്.
എന്നാല്‍ കോലിക്കൊപ്പം ധോനി ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച സഖ്യം സിംഗിളുകള്‍ ഡബിളുകളാക്കി ഓസീസ് ഫീല്‍ഡര്‍മാരില്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍ 18-19 ഓവറുകളില്‍ കോലിയുടെ ബാറ്റ് തീ തുപ്പിയപ്പോള്‍ കംഗാരുക്കള്‍ ഒരിക്കലും മറക്കാത്ത ഒരു തോല്‍വി ബാക്കിയായി.
image
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും (16 പന്തില്‍ 26) ആരോണ്‍ ഫിഞ്ചും (34 പന്തില്‍ 43) സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. നാലോവറില്‍ സഖ്യം സ്‌കോര്‍ 50 കടത്തി. എന്നാല്‍ പിന്നീട് മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിന്റെ 'മെല്ലെപ്പോക്ക്' സ്വഭാവം കണ്ടറിഞ്ഞ് പന്തെറിഞ്ഞതോടെ ഓസീസ് സ്‌കോറിങ് വേഗം കുറയുകയായിരുന്നു.
അഞ്ചാം ഓവറില്‍ ഖവാജയെ വീഴ്ത്തി നെഹ്‌റ ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയപ്പോള്‍ എട്ടാം ഓവറില്‍ വാര്‍ണറെ (9 പന്തില്‍ 15) മടക്കി അശ്വിന്‍ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ടൂര്‍ണമെന്റില്‍ ആദ്യമായി പന്തെറിയാനെത്തിയ യുവരാജ് തന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മിത്തിനെ (6 പന്തില്‍ 2) ധോനിയുടെ കൈയ്യിലെത്തിച്ചതോടെ ഓസീസ് പൂര്‍ണമായും പ്രതിരോധത്തിലായി.
മാക്‌സ്‌വെല്ലും (28 പന്തില്‍ 31) വാട്‌സണും (16 പന്തില്‍ 18*) മധ്യ ഓവറുകളില്‍ വിക്കറ്റ് കാത്തെങ്കിലും സ്‌കോറിങ് വേഗം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. അവസാന രണ്ടു പന്തുകളില്‍ ഫോറും സിക്‌സുമടിച്ച പീറ്റര്‍ നെവിലാണ് (2 പന്തില്‍ 10) ഓസീസ് സ്‌കോര്‍ 160ല്‍ എത്തിച്ചത്. ഫോക്‌നറാണ് (10 പന്തില്‍ 10) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടും നെഹ്‌റ, അശ്വിന്‍, യുവരാജ്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.