3/18/2016

റൺമഴയിൽ നനഞ്ഞ് വാങ്കഡെ; ദക്ഷിണാഫ്രിക്കയുടെ റൺമല (230) കടന്ന് ഇംഗ്ലണ്ട്

manoramaonline.com


by സ്വന്തം ലേഖകൻ
മുംബൈ∙ ആകെ എറിഞ്ഞ ഓവറുകൾ 39.4. പിറന്നത് 459 റൺസ്! റണ്ണുകളുടെ പെരുംമഴ പെയ്ത വാങ്കഡെയിലെ പിച്ചിൽ അവസാന ചിരി ഇംഗ്ലണ്ടിന്. അതാകട്ടെ ഒരു ഒന്നൊന്നര ചിരിയുമായി. റണ്ണൊഴുക്കുകൊണ്ട് അത്ഭുതപ്പെടുത്തിയ മൽസരം അവസാനിക്കുമ്പോൾ സ്കോർ ഇങ്ങനെ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാലിന് 229. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230. ഇംഗ്ലീഷ് വിജയം രണ്ട് വിക്കറ്റിന്.
ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർമാരായ ഹാഷിം അംല (31 പന്തിൽ 58), ക്വിന്റൺ ഡികോക്ക് (24 പന്തിൽ 52), ഡുമിനി (28 പന്തിൽ 54) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ നേടിയത് ഒരേയൊരു അർധസെഞ്ചുറി മാത്രം. അതാകട്ടെ, ജോ റൂട്ടിന്റെ (44 പന്തിൽ 83) പേരിൽ. ദക്ഷിണാഫ്രിക്കയുടെ വൻ സ്കോറിനെ ടീം മികവിൽ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്. ട്വന്റി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് പിന്തുടരലാണ് ഇന്നത്തേത്. ലോകകപ്പിലെ ഏറ്റവും ഉയർന്നതും. മുൻപ് ദക്ഷിണാഫ്രിക്ക തന്നെ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം 236 റൺസെടുത്ത് വെസ്റ്റ് ഇൻഡീസ് മറികടന്നിട്ടുണ്ട്.
മികച്ച ഇന്നിങ്സിലൂടെ ഇംഗ്ലണ്ടിനെ വിജയതീരമെത്തിച്ച ജോ റൂട്ട് 19-ാം ഓവറിന്റെ രണ്ടാം പന്തിൽ മടങ്ങിയെങ്കിലും മോയിൻ അലിയും കൈൽ ആബട്ടും ചേർന്ന് അവരെ വിജയത്തിലെത്തിച്ചു. അവസാന ഓവറിന്റെ സമ്മർദ്ദം താങ്ങാനാകാതെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും ഒടുവിൽ അർഹിച്ച വിജയം അവർ നേടിയെടുത്തു. മോയിൻ അലി എട്ടു റൺസോടെ പുറത്താകാതെ നിന്നു.
Duminy
അസാധ്യമെന്നു കരുതിയ സ്കോ‍ർ ലക്ഷ്യമാക്കി ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും അലക്സ് ഹെയ്‌ൽസും ചേർന്ന് നൽകിയത് സ്ഫോടനാത്മക തുടക്കം. 3.5 ഓവറിൽ ദക്ഷിണാഫ്രിക്ക 50 റൺസ് കടന്നപ്പോൾ 2.5 ഓവറിൽത്തന്നെ ഇംഗ്ലണ്ട് 50 കടന്നു. ദക്ഷിണാഫ്രിക്ക എട്ട് ഓവറിൽ 100 കടന്നപ്പോൾ ഇംഗ്ലണ്ടിന് മൂന്നു പന്തു കുറച്ചേ അതിന് വേണ്ടിവന്നുള്ളൂ.
16 പന്തിൽ 47 റൺസെടുത്ത ജേസൺ റോയി ആയിരുന്നു കൂടുതൽ ആക്രമണകാരി. ഏഴു പന്തു മാത്രം നേരിട്ട അലക്സ് ഹെയ്‌ൽസ് നാലു ബൗണ്ടറികളോടെ 17 റൺസ് നേടി മടങ്ങി. 2.3 ഓവറിൽ ഇരുവരും ചേർന്ന് നേടിയത് 48 റൺസ്. പിന്നാലെ എത്തിയവരെല്ലാം തങ്ങളുടേതായ രീതിയിൽ മികച്ച സംഭാവനകൾ നൽകി. ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ 15), ഇയാൻ മോർഗൻ (15 പന്തിൽ 12), ജോസ് ബട്‌ലർ (14 പന്തിൽ 21), ക്രിസ് ജോർദാൻ (5) എന്നിവരെല്ലാം ചേർന്ന് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല കടത്തി.
Jason-Roy-plays
ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും കുറച്ച് തല്ലു വാങ്ങിയത് ഇമ്രാൻ താഹിർ; നാല് ഓവറിൽ 28. ബാക്കിയെല്ലാവരും ഓവറിൽ 10 റൺസിലേറെ വഴങ്ങി. കൈൽ ആബട്ട് നാല് ഓവറിൽ 40, റബഡ നാല് ഓവറിൽ 48, സ്റ്റെയിൻ രണ്ട് ഓവറിൽ 35 എന്നിങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ പ്രകടനം.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ അംല-ഡികോക്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത് തകർപ്പൻ തുടക്കം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 96 റൺസ്. അതും വെറും 43 പന്തിൽ. 23 പന്തില്‍ തന്നെ ദക്ഷിണാഫ്രിക്ക 50 റൺസ് പിന്നിട്ടു. 100 കടന്നത് എട്ട് ഓവറിൽ.
എട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഡികോക്ക് മടങ്ങി. മോയിൻ അലിയുടെ പന്തിൽ അലക്സ് ഹെയിൽസ് ക്യാച്ചെടുത്ത് പുറത്താക്കുമ്പോൾ ഡികോക്കിന്റെ സമ്പാദ്യം 31 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സുമുൾപ്പെടെ 52 റൺസ്. ഡിവില്ലിയേഴ്സ് എട്ടു പന്തിൽ രണ്ട് സിക്സുൾപ്പെടെ 16 റൺസെടുത്ത് പെട്ടെന്ന് പുറത്തായി. തളരാതെ പൊരുതിയ അംല (31 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 58), ഫാഫ് ഡുപ്ലേസി (17 പന്തിൽ 17), ജെ.പി. ഡുമിനി (28 പന്തിൽ പുറത്താകാതെ 54), ഡേവിഡ് മില്ലർ (12 പന്തിൽ പുറത്താകാതെ 28) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 229ൽ എത്തിച്ചു. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1