അസ്താന: ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് ഒളിംപിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഒളിംപിക് യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചാണ് ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ യോഗേശ്വര്‍ റിയോ ഡി ജനീറോയിലേയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.
65 കിലോഗ്രാം ഭാര വിഭാഗത്തില്‍ സെമിഫൈനലില്‍ ദക്ഷിണ കൊറിയയുടെ ലീ സ്യുങ്-ചുല്ലിനെയാണ് യോഗേശ്വര്‍ പരാജയപ്പെടുത്തിയത് (7-2). നേരത്തെ യോഗ്യതാ റൗണ്ടില്‍ ഉത്തര കൊറിയയുടെ കിം ജു-സോങ്ങിനെയും (8-1) ക്വാര്‍ട്ടറില്‍ വിയറ്റ്‌നാമിന്റെ ക്യാന്‍ ദിന്‍ എന്‍ഗ്യുയെന്നിനെയുമാണ് യോഗേശ്വര്‍ മലര്‍ത്തിയടിച്ചത് (12-2).
റിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗുസ്തിതാരമാണ് യോഗേശ്വര്‍. നര്‍സിങ് യാദവ് നേരത്തെ യോഗ്യത നേടിയിരുന്നു.