3/21/2016

ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു

mathrubhumi.com

ചെറുസംരംഭകർക്ക്‌ മൂന്ന്‌ സ്വയം തൊഴിൽ വായ്പകൾ

ടി.എസ്‌. ചന്ദ്രൻ
സംരംഭംസൂക്ഷ്മ-ചെറുകിട മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ്‌ കേരളത്തിൽ. വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക്‌ ആശ്വാസം പകരുന്നതാണ്‌ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്‌സിഡി എന്ന ആശ്വാസ ധനം, സംരംഭകർക്ക്‌ സർക്കാർ ഏജൻസിയുടെ കൈത്താങ്ങ്‌ എന്നിവ ഇത്തരം വായ്പാ പദ്ധതികളിൽ നിന്ന്‌ ലഭിക്കും.
കൃത്യമായ ബിസിനസ്‌ പ്ളാനുമായി വേണം വായ്പക്കായി സമീപിക്കുവാൻ. വായ്പ എടുത്താൽ ആറ്‌ മാസത്തിനുള്ളിലെങ്കിലും സംരംഭം ആരംഭിക്കുവാൻ കഴിയണം. പ്രസ്തുത ആവശ്യത്തിന്‌ തന്നെ വിനിയോഗിക്കുവാനും സാധിക്കണം. കൃത്യമായി തിരിച്ചടക്കുവാനും ശ്രദ്ധിക്കണം.

സ്വയം തൊഴിൽ സംരംഭ മേഖലയിലേക്ക്‌ ധാരാളം യുവതീ യുവാക്കൾ കടന്നു വരുന്ന സ്ഥിതി ഇപ്പോഴുണ്ട്‌. അവർക്ക്‌ വിവിധ തരത്തിലുള്ള ഫണ്ടുകൾ ആവശ്യമുണ്ട്‌. അത്തരം ഫണ്ടുകൾ ലഭ്യമാക്കുന്ന മൂന്ന്‌ വായ്പാ പദ്ധതികളാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌.
വനിതകൾക്ക്‌ വി മിഷൻ കേരള
വനിതാ സംരംഭകർക്ക്‌ 25 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്ന ഒരു പുതിയ പദ്ധതി നിലവിൽ വന്നിരിക്കുന്നു. പ്രത്യേക ഈടൊന്നും ഇല്ലാതെയാണ്‌ ഈ വായ്പ നൽകുന്നത്‌. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ്‌ (കെഎസ്‌ഐഡിസി)  ഈ പദ്ധതി നടപ്പാക്കുന്നത്‌. വൻകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക്‌ മാത്രമാണ്‌ കെഎസ്‌ഐഡിസി വായ്പകൾ നൽകി വന്നിരുന്നത്‌. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായിട്ട്‌ കൂടിയാണ്‌ ഇപ്പോൾ സൂക്ഷ്മ സംരംഭങ്ങൾക്കും വായ്പ അനുവദിക്കുന്നത്‌.
യോഗ്യതകൾ
1) വനിതയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകണം (60 ശതമാനംവരെ വനിതാ ഷെയർ ഉണ്ടാകണം)
2) രണ്ട്‌ വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണം
3) കഴിഞ്ഞ രണ്ട്‌ വർഷത്തെ ശരാശരി വിറ്റുവരവ്‌ 25 ലക്ഷം രൂപയിൽ കുറയരുത്‌
4) വിദ്യാഭ്യാസയോഗ്യത, വയസ്സ്‌ എന്നിവ പ്രത്യേകം നിഷ്കർഷിച്ചിട്ടില്ല.
5) നിർമാണ-സേവന സ്ഥാപനങ്ങൾക്കാണ്‌ വായ്പ ലഭിക്കുക. കൃഷി, വ്യാപാരം എന്നിവയ്ക്ക്‌ വായ്പ ലഭിക്കില്ല. ബ്യൂട്ടി ക്ളിനിക്‌, ഹോം സ്റ്റേകൾ, ഹോട്ടൽ/റിസോർട്ടുകൾ എന്നിവയ്ക്ക്‌ അനുകൂല്യം ലഭിക്കും.
പദ്ധതി ആനുകൂല്യങ്ങൾ
25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ ഉപയോഗിച്ച്‌ നിർമിക്കുന്ന ആസ്തികൾ മാത്രമായിരിക്കും സെക്യൂരിറ്റി. 7.75 ശതമാനം പലിശ നിരക്കിൽ ലഭിക്കുന്നു. വായ്പാ തിരിച്ചടവിന്‌ ആറ്‌ മാസത്തെ സാവകാശം ലഭിക്കും. ഓരോ മൂന്ന്‌ മാസം കൂടുമ്പോൾ മാത്രം തിരിച്ചടവ്‌ നടത്തിയാൽ മതിയാകും. എന്നാൽ പ്രതിമാസം അടയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരിച്ചടവിന്‌ 5-6 വർഷത്തെ കാലാവധി ലഭിക്കും.
സബ്‌സിഡി/ ഗ്രാന്റ്‌
പ്രത്യേക സബ്‌സിഡി ഇല്ല. എന്നാൽ മറ്റ്‌ വകുപ്പുകൾ നടപ്പാക്കി വരുന്ന നിക്ഷേപ സബ്‌സിഡികൾക്ക്‌ അർഹത ഉണ്ടായിരിക്കും.
സംരംഭക വിഹിതം
20 ശതമാനമാണ്‌ സംരംഭകയുടെ വിഹിതം. 80 ശതമാനവും വായ്പയാണ്‌. എന്നാൽ പരമാവധി വായ്പ 25 ലക്ഷം ആയിരിക്കും. കെട്ടിടം, മെഷിനറി എന്നീ സ്ഥിര ആസ്തികൾ സമ്പാദിക്കുവാനാണ്‌ മുഖ്യമായും വായ്പ നൽകുക. എന്നാൽ അതിന്റെ ഭാഗമായി പ്രവർത്തന മൂലധന വായ്പയും ലഭിക്കും. (പ്രവർത്തന മൂലധനത്തിന്‌ മാത്രമായി വായ്പ ലഭിക്കുകയില്ല)
അപേക്ഷിക്കേണ്ടത്‌ എങ്ങനെ?
കെഎസ്‌ഐഡിസിയുടെ ഓഫീസുകളിൽ നേരിട്ട്‌ വേണം അപേക്ഷ സമർപ്പിക്കുവാൻ. വനിതകൾ നേരിട്ട്‌ മാനേജ്‌ ചെയ്യുന്ന സംരംഭങ്ങൾക്കാണ്‌ മുൻഗണന. സ്ഥാപനത്തിന്റെ വികസനം, ആധുനികവത്‌കരണം എന്നിവ സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖയും രണ്ട്‌ വർഷത്തെ ഓഡിറ്റഡ്‌ ബാലൻസ്‌ ഷീറ്റും കൃത്യമായ ബിസിനസ്‌ പ്ളാനും അപേക്ഷയോടൊപ്പം ഹാജരാക്കണം. തനത്‌ ഫണ്ട്‌ ഉപയോഗിച്ചാണ്‌ വായ്പ അനുവദിക്കുന്നത്‌.
ബന്ധപ്പെടേണ്ട ഓഫീസുകൾ
കേരള സ്റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ
കെസ്റ്റൺ റോഡ്‌, കവടിയാർ, തിരുവനന്തപുരം 0471 2318922, ചോയ്‌സ്‌ ടവർ, പനമ്പിള്ളി നഗർ, എറണാകുളം 0484 - 2323010, M: 9061124411.
കെ.എസ്‌.ഇ.ഡി. എമ്മിന്റെ പലിശ രഹിത വായ്പ
കേരള  ഫിനാൻഷ്യൽ കോർപ്പറേഷന്‌ കീഴിലുള്ള സംസ്ഥാന സംരംഭക വികസന മിഷൻ (കെഎസ്‌ഇഡിഎ) നടപ്പാക്കി സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ്‌ ഇത്‌. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ പദ്ധതി. പലിശ രഹിത വായ്പ നൽകുന്നു എന്നതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത. 2011-12 മുതൽ അഞ്ച്‌ വർഷം കൊണ്ട്‌ 10,000 പുതിയ സംരംഭങ്ങൾ ഈ പദ്ധതി വഴി ആരംഭിക്കുവാനാണ്‌ ധനവകുപ്പ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
യോഗ്യതകൾ
പ്രായം 21 നും 40 നും ഇടയിൽ. മെച്ചപ്പെട്ട പദ്ധതികളുമായി വരുന്ന സംരംഭകരുടെ കാര്യത്തിൽ ഉയർന്ന പ്രായപരിധിയിൽ അഞ്ച്‌ വർഷം വരെ ഇളവ്‌ അനുവദിക്കാറുണ്ട്‌. വിദ്യാഭ്യാസ യോഗ്യത: പ്ളസ്‌ടു അല്ലെങ്കിൽ തത്തുല്യം. രണ്ട്‌ പേരിൽ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങൾക്കാണ്‌ വായ്പ നൽകുക. പരമാവധി അഞ്ച്‌ പേർ വരെ ചേർന്ന്‌ അപേക്ഷ സമർപ്പിക്കാം. ടെക്‌നോക്രാറ്റുകൾക്ക്‌ സ്വന്തം നിലയിൽ സ്ഥാപനം ആരംഭിക്കുന്നതിന്‌ വായ്പ ലഭിക്കും. പോളിടെക്‌നിക്‌, ബിടെക്‌, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ളവരെയാണ്‌ ടെക്‌നോ ക്രാറ്റുകൾ ആയി കണക്കാക്കുന്നത്‌.
വായ്പത്തുക
അഞ്ച്‌ പേർ വരെ ചേർന്നുള്ള പങ്കാളിത്ത സ്ഥാപനങ്ങൾക്ക്‌ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. (കുറഞ്ഞത്‌ രണ്ട്‌ പേർ). ടെക്‌നോ ക്രാറ്റുകൾക്ക്‌ വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുവാൻ 10 ലക്ഷം രൂപ വരെ വായ്പ. ഒരു കുടുംബത്തിലെ രണ്ട്‌ അംഗങ്ങൾ ചേർന്നുള്ള സംരംഭങ്ങൾക്കും വായ്പ ലഭിക്കും.  ഉദാ: ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന്‌ അപേക്ഷിക്കാന്നതാണ്‌.
സബ്‌സിഡി / ഗ്രാന്റ്‌
പലിശ രഹിത വായ്പയാണ്‌ നൽകുന്നത്‌ എന്നതാണ്‌ ഈ പദ്ധതിയുടെ മുഖ്യ ആകർഷകത്വം. കൂടാതെ വായ്പാ തിരിച്ചടവിന്‌ ഒരു വർഷത്തെ െമാറട്ടോറിയവും ഉണ്ട്‌. ഈ പദ്ധതി പ്രകാരം പ്രത്യേക സബ്‌സിഡി പറഞ്ഞിട്ടില്ല. മറ്റ്‌ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും സബ്‌സിഡി വാങ്ങാവുന്നതാണ്‌.
സംരംഭകന്റെ വിഹിതം
സംരംഭകന്റെ വിഹിതം കൃത്യമായി പറയുന്നില്ലെങ്കിലും ധനകാര്യസ്ഥാപനങ്ങൾ 10 മുതൽ 20 ശതമാനം വരെ മാർജിൻ ആവശ്യപ്പെടുന്നുണ്ട്‌.
അപേക്ഷിക്കേണ്ടത്‌ എങ്ങനെ?
കെഎഫ്‌സിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയാണ്‌ ആദ്യം വേണ്ടത്‌. അപേക്ഷാ നമ്പറും മറ്റും അപ്പോൾ ലഭിക്കും. പിന്നീട്‌ കൂടിക്കാഴ്ചയ്ക്ക്‌ വിളിക്കും. പ്രോജക്ട്‌ റിപ്പോർട്ട്‌, സ്ഥിര ആസ്ഥിയുടെ ക്വട്ടേഷനുകൾ, സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം. പദ്ധതിയുടെ മേന്മ തന്നെയാണ്‌ പ്രത്യേകം പരിശോധിക്കുന്നത്‌.
പുതുമയുള്ള പദ്ധതികൾക്കാണ്‌ മുൻഗണന. പ്രാഥമികമായി തിരഞ്ഞെടുക്കുന്നവരെ 14 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിസ്ഥിതിക്ക്‌ (ഇഡിപി)  അയയ്ക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ദേശസാൽകൃത - വാണിജ്യ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും നിർേദശങ്ങൾക്കുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.

web: www.kfc.org
ഫോൺ: 0471 - 2737500.

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGD)
പുതുസംഭകർക്കായി 2008-09 മുതൽ നടപ്പാക്കിവരുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ്‌ പിഎംഇജിപി ഏകദേശം 5000 - ൽ പരം സംരംഭങ്ങൾക്കാണ്‌ കേരളത്തിൽ പ്രതിവർഷം ഈ പദ്ധതി പ്രകാരം  വായ്പ അനുവദിക്കുന്നത്‌. കേന്ദ്ര സർക്കാറിന്റെ സൂക്ഷ്മ - ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രണ്ട്‌ പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടാണ്‌ ഇതിന്‌ രൂപം കൊടുത്തത്‌.
വ്യവസായ വകുപ്പ്‌ വഴി നടപ്പാക്കി വന്നിരുന്ന പിഎംആർവൈ, ഖാദി ബോർഡ്‌, ഖാദി കമ്മിഷൻ എന്നിവ വഴി നടപ്പാക്കി വന്നിരുന്ന ആർഇജിപി എന്നീ പദ്ധതികളാണ്‌ സംയോജിപ്പിച്ചത്‌. ഖാദി കമ്മിഷനാണ്‌ ദേശീയതലത്തിൽ ഈ പദ്ധതിയുടെ നോഡൽ ഏജൻസി. ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ബോർഡും ഗ്രാമീണ മേഖലയിൽ (ഗ്രാമപഞ്ചായത്ത്‌ തലത്തിൽ) പദ്ധതി നിർവഹണം നടത്തുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.
യോഗ്യതകൾ
പ്രായം 18 വയസ്സ്‌ തികഞ്ഞിരിക്കണം. (ഉയർന്ന പ്രായപരിധിയില്ല). വാർഷിക വരുമാന പരിധിയും ഇല്ല. പുതിയ സംരംഭങ്ങൾക്കാണ്‌ വായ്പ-നിലവിലുള്ളവ വികസിപ്പിക്കാൻ ലഭിക്കില്ല. 10 ലക്ഷം രൂപയിൽ കൂടുതൽ പദ്ധതി ചെലവ്‌ വരുന്ന നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനും അഞ്ച്‌ ലക്ഷം രൂപ വരെ ചെലവ്‌ വരുന്ന സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും 8-ാം ക്ളാസ്‌ പാസ്സായിരിക്കണം. പാർട്‌ണർഷിപ്പ്‌, ലിമിറ്റഡ്‌ കമ്പനി എന്നിവയ്ക്ക്‌ വായ്പ ലഭിക്കുന്നതല്ല. അതുപോലെ തന്നെ കാർഷിക പ്രവൃത്തികൾ, ഫാമുകൾ, ഓട്ടോറിക്ഷപോലുള്ള പാസഞ്ചർ വാഹനങ്ങൾ, പുകയില, മദ്യം, മാംസം, മത്സ്യം എന്നിവയുടെ സംസ്കരണത്തിനും വായ്പ ലഭിക്കില്ല. വ്യാപാര സംരംഭങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്‌.
പദ്ധതി ആനുകൂല്യങ്ങൾ
നിർമാണ സ്ഥാപനങ്ങൾക്ക്‌ 25 ലക്ഷം രൂപ വേരയും സേവന സ്ഥാപനങ്ങൾക്ക്‌ 10 ലക്ഷം രൂപ വരേയും ഉള്ള പദ്ധതികൾക്ക്‌ വായ്പ നൽകുന്നു. സാധാരണ ബാങ്ക്‌പലിശയാണ്‌ വായ്പയ്ക്ക്‌ ഈടാക്കുക.
സബ്‌സിഡി ഗ്രാന്റ്‌
പൊതുവിഭാഗങ്ങൾക്ക്‌ നഗര പ്രദേശത്ത്‌ 15 ശതമാനവും ഗ്രാമീണ മേഖലയിൽ 25 ശതമാനവുമാണ്‌ ഗ്രാന്റ്‌/സബ്‌സിഡി പ്രത്യേക വിഭാങ്ങൾക്ക്‌ (എസ്‌സി/എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, വിമുക്തഭടൻ, വികലാംഗർ എന്നിവർ) നഗര പ്രദേശത്ത്‌ 25 ശതമാനവും ഗ്രാമ പ്രദേശത്ത്‌ 35 ശതമാനവും മാർജിൻ മണി ഗ്രാന്റ്‌ ലഭിക്കും. ഈ തുക മൂന്ന്‌ വർഷത്തേക്ക്‌ സ്ഥിര നിക്ഷേപമായി ബാങ്കിൽ സൂക്ഷിക്കുകയും അതിന്‌ ശേഷം പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്ക്‌ വരവ്‌ വയ്ക്കുകയും ചെയ്യുന്നു. (ഇപ്രകാരമുള്ള സ്ഥിരനിക്ഷേപത്തിന്‌ നൽകുന്ന പലിശയും  ബാങ്ക്‌ വായ്പയ്ക്ക്‌ നൽകുന്ന പലിശയും ഒരേ നിരക്കിൽ ആയിരിക്കണമെന്നാണ്‌ വ്യവസ്ഥ)
സംരംഭകന്റെ വിഹിതം
പൊതുവിഭാഗം 10 ശതമാനവും പ്രത്യേക വിഭാഗം അഞ്ച്‌ ശതമാനവും സ്വന്തം നിലയിൽ കണ്ടെത്തിയാൽ മതിയാകും.
അപേക്ഷിക്കേണ്ടത്‌
സൗജന്യമായി ലഭിക്കുന്ന ഫോറത്തിൽ അപേക്ഷിക്കണം. സ്കൂൾ സർട്ടിഫിക്കറ്റ്‌, തിരിച്ചറിയൽ കാർഡ്‌, ജാതി സർട്ടിഫിക്കറ്റ്‌ (പ്രത്യേക വിഭാഗം), സ്ഥിര നിക്ഷേപത്തിന്റെ ക്വട്ടേഷനുകൾ, പ്രോജക്ട്‌ റിപ്പോർട്ട്‌ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ലകൾ തോറും പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ഖാദി ബോർഡ്‌ ഓഫീസുകൾ, കൂടാതെ  ഖാദി കമ്മീഷന്റെ ഓഫീസു വഴിയും അപേക്ഷ സമർപ്പിക്കാം. ജില്ലാ കളക്ടറുടെ പ്രതിനിധി അടങ്ങുന്ന ജില്ലാതല കമ്മിറ്റിയാണ്‌ അപേക്ഷ പരിഗണിക്കുന്നത്‌.
ഇന്റർവ്യൂ നടത്തി അപേക്ഷ പാസ്സാക്കി ബന്ധപ്പെട്ട ബാങ്കുകളിലേക്ക്‌ ശുപാർശ ചെയ്തു അയയ്ക്കുന്നു.  ബാങ്ക്‌ അപേക്ഷ പാസ്സാക്കിക്കഴിഞ്ഞാൽ 3 മുതൽ 10 വരെ ദിവസം നീണ്ട്‌ നിൽക്കുന്ന സംരംഭവികസന പരിശീലന പരിപാടിക്ക്‌ അയയ്ക്കുന്നു. ഈ പരിശീലനം പൂർത്തിയാക്കിയവർക്ക്‌ മാത്രമേ സബ്‌സിഡി വരവ്‌ വയ്ക്കാൻ അനുവദിക്കുകയുള്ളൂ.
ഈ പദ്ധതിയിലേക്ക്‌ എല്ലാ സമയത്തും അപേക്ഷ സമർപ്പിക്കാം. എന്നിരുന്നാലും അതത്‌ വർഷത്തെ സബ്‌സിഡി / ഗ്രാന്റ്‌ തുകയുടെ ലഭ്യത അനുവദിച്ചുള്ള അപേക്ഷകളേ അതതു വർഷം അനുവദിക്കുകയുള്ളൂ. ശേഷിക്കുന്നവ അടുത്ത സാമ്പത്തിക വർഷമായിരിക്കും പരിഗണിക്കുക.

ബന്ധപ്പെടേണ്ട ഓഫീസുകൾ: ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകൾ, ജില്ലാ ഖാദി ബോർഡ്‌ ഓഫീസുകൾ, ഖാദി കമ്മിഷൻ ഓഫീസുകൾ. കേരളത്തിലെ ഈ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഓഫീസിന്റെ വിലാസം. ഖാദി ആൻഡ്‌ വില്ലേജ്‌ ഇന്റസ്‌ട്രീസ്‌ കമ്മിഷൻ, ഗ്രാമോദയ, എം.ജി. റോഡ്‌, തിരുവനന്തപുരം -01. ഫോൺ: 0471 - 2331625, www.kvic.org.in
(ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)
ഇമെയിൽ - chandrants666@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1