ഗ്രൗണ്ടിന്റെ പകുതിയ്ക്കിപ്പുറത്തു നിന്ന് എതിരാളിയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്ത് ലോംഫോ നിമിഷാര്‍ധം കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തു. വെടിയുണ്ട പോലെ പാഞ്ഞ പന്ത് മുന്നോട്ട് കയറിനിന്ന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയില്‍! കളിക്കാരും കണ്ടുനിന്നവരും സ്തബ്ധര്‍.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-കാമറൂണ്‍ മത്സരത്തിലാണ് ഈ വണ്ടര്‍ ഗോള്‍ പിറന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ലോംഫെ കെക്കാനയുടെ (Hlompho Kekana) കാലില്‍ നിന്നാണ് ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോള്‍ പിറന്നത്.
എഴുപത് വാരയിലേറെ അകലെ നിന്നാണ് ലിംഫോ ഷോട്ട തൊടുത്തത്. മുപ്പതുകാരനായ ലിംഫോയുടെ മൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
1996ല്‍ വിമ്പിള്‍ഡണെതിരെ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാം ഹാഫ് ലൈനിന് ഇപ്പുറത്തു നിന്ന് നേടിയ ഗോളിനോടാണ് ലോംഫെയുടെ ഗോള്‍ ഉപമിക്കപ്പെടുന്നത്. വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ ലിംഫോയുടെ ഗോള്‍ ഇടംപിടിക്കുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉറപ്പുപറയുന്നു.
വണ്ടര്‍ ഗോള്‍ നേടിയെങ്കിലും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ലിംഫോയ്ക്കായില്ല. ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. 49-ാം മിനിറ്റില്‍ ലിംഫോയുടെ ഗോളോടെ 2-1ന് മുന്നിലെത്തിയെങ്കിലും കാമറൂണ്‍ തിരിച്ചടിച്ചതോടെ മത്സരം 2-2ന് സമനിലയിലാവുകയായിരുന്നു.